ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .

“പലപുലിതാനന്തകാരി വേട്കോപണാകചം നന്നു ചത്തി”
അതിപ്രാചീനമായ തമിഴ് ലിപിയിലുള്ള ഒരു ശിലാലിഖിതമാണിത്. ‘പലപുലികളെക്കൊന്നൊടുക്കിയ വേട്കോവനായ നാഗവംശജന്‍ നന്നു ശക്തി‘ എന്നാണത് അര്‍ത്ഥമാക്കുന്നത്. അത്തരത്തിലൊരു വ്യക്തി ആ മലയിലോ ഗുഹയിലോ വസിച്ചിരുന്നെന്ന്‍ വേണം മനസ്സിലാക്കാന്‍.

മലയെന്ന് പറയുന്നത് വയനാട്ടിലെ പ്രശസ്തമായ അമ്പുകുത്തിമല തന്നെ. സമുദ്രനിരപ്പില്‍ നിന്ന് 1200 മീറ്ററോളം ഉയരത്തില്‍, അമ്പുകുത്തിമലയിലുള്ള ഇടയ്ക്കല്‍ ഗുഹയിലാണ് ഈ ശിലാലിഖിതമുള്ളത്. അര്‍ത്ഥം മനസ്സിലാക്കിയെടുക്കാന്‍ സാധിച്ചിട്ടുള്ളതും അല്ലാത്തത്തുമായ ഇത്തരം അനവധി ശിലാലിഖിതങ്ങള്‍കൊണ്ട് സമ്പന്നമാണ് ഇടയ്ക്കല്‍ ഗുഹയുടെ ചുമരുകള്‍ .
വയനാട്ടില്‍ കറങ്ങിനടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും, അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട, അല്ല്ലെങ്കില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഒരു കേന്ദ്രമാണെന്ന് പറയാവുന്ന ഇടയ്ക്കല്‍ ഗുഹയിലേക്ക് പോകാന്‍ പലകാരണങ്ങള്‍കൊണ്ടും ഒരുപാട് വൈകി.
സഹപ്രവര്‍ത്തകന്‍ തന്‍സീറുമൊത്ത് ഇടയ്ക്കലിലേക്കുള്ള യാത്ര പരിപാടിയിടുന്നതിനൊപ്പം ഇടയ്ക്കലിന്റെ അടുത്ത പരിസരത്തൊക്കെയായി മറ്റേതെങ്കിലുമൊക്കെ നല്ല സ്ഥലങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയതുണ്ടോ എന്ന് അന്വേഷിച്ചുവെച്ചതിന് ശേഷമാണ് മാനന്തവാടിയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ വഴി ഇടയ്ക്കലില്‍ എത്തിയത്.

യാത്രാമദ്ധ്യേ ‘ഫാന്റ്റം റോക്ക് ‘ ലേക്കുള്ള സംസ്ഥാന ടൂറിസം ബോര്‍ഡിന്റെ ചൂണ്ടുപലക കണ്ടു. ചോടപ്പുല്ലുകള്‍ വകഞ്ഞുമാറ്റി വാക്കറമ്മാവന്റെ പേരിലുള്ള ആ പാറക്കെട്ടിനടുത്ത് പോയി കുറച്ചുനേരം ചിലവഴിക്കാതിരിക്കാനായില്ല. മലകളില്‍ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലമാണ്. ഫാന്റം റോക്കിന്റെ അടുത്തുള്ള ഒരു മല ടിപ്പര്‍ ലോറിയിലാക്കി നാടുകടത്തിക്കൊണ്ടിരിക്കുന്നുണ്ട്. നാളെ ചിലപ്പോള്‍ ഫാന്റം റോക്കിന്റേയും ഗതി അതുതന്നെയായിരിക്കും.

ഫാന്റം റോക്കില്‍ നിന്ന് അധികം ദൂരമില്ല അമ്പുകുത്തിമലയിലേക്ക്. മലയുടെ അടിവാരത്ത് ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കടകള്‍ക്കും സ്ഥാപനങ്ങളുടെയുമൊക്കെ അടുത്തുതന്നെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്. അവിടന്നങ്ങോട്ട് ഒരു കിലോമീറ്ററിലധികം ചെറിയ കയറ്റമുള്ള റോഡിലൂടെ നടക്കണം കുത്തനെയുള്ള കയറ്റം തുടങ്ങുന്നിടത്തേക്ക്. ചെറിയ സ്ലോപ്പിലൂടെ കയറ്റമാണെങ്കിലും അത്രയും ദൂരം നടക്കുമ്പോഴേക്കും ക്ഷീണിക്കുമെന്നുള്ളവര്‍ക്കായി താഴെ നിന്ന് ജീപ്പില്‍ പോകാനുള്ള സൌകര്യമുണ്ട്.

പ്രൈവറ്റ് വാഹനങ്ങള്‍ ആ വഴിക്ക് കടത്തിവിടുന്നില്ല. ഞങ്ങള്‍ നടന്നുതന്നെ കയറാന്‍ തീരുമാനിച്ചു. ഇടയ്ക്ക് ഓരോ ജീപ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരിക്കുന്ന വഴിയുടെ ഇരുവശങ്ങളിലുമായി ഇടയ്ക്കലിലെ ഏക റിസോര്‍ട്ട് എന്ന് വിശേഷിപ്പിക്കാവുന്ന ‘ഇടയ്ക്കല്‍ ഹെര്‍മിറ്റേജ് ’ ന്റെ കോട്ടേജുകള്‍ ചിലത് കാണാം. ഞങ്ങള്‍ക്കുള്ള രാത്രി ഭക്ഷണം ഇടയ്ക്കല്‍ ഹെര്‍മിറ്റേജില്‍ നേരത്തേ തന്നെ വിളിച്ച് ഏര്‍പ്പാടാക്കിയിരുന്നു. അത് കിട്ടുമെന്ന് ഒന്നുകൂടെ ഉറപ്പാക്കിയതിനുശേഷം മലയുടെ താഴെച്ചെന്നപ്പോള്‍ സ്കൂള്‍, കോളേജ് കുട്ടികള്‍ മറ്റു സഞ്ചാരികള്‍ എന്നുതുടങ്ങി ഒരു പടയ്ക്കുള്ള ജനമുണ്ടവിടെ. ഇത്രയും തിരക്കിനിടയില്‍ എവിടെയെങ്കിലും പോകുന്നത് യാത്രയുടെ രസം നശിപ്പിക്കുമെന്ന് മാത്രമല്ല, തിരക്കിനിടയില്‍ എല്ലാം ശരിക്കൊന്ന് കാണാനോ, പടങ്ങളെടുക്കാനോ ബുദ്ധിമുട്ടുണ്ടാക്കും.

ഇത്രയും ദൂരം വന്നതുകൊണ്ട് ഇടയ്ക്കലിലേക്ക് കടക്കുന്നത് പിന്നൊരു ദിവസത്തേക്കാക്കാനും പറ്റില്ലെന്നുള്ളതുകൊണ്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി നിന്ന് ടിക്കറ്റെടുത്ത് മലകയറ്റം തുടങ്ങി.

ഒരുസമയം ഒരാള്‍ക്ക് മാത്രം കടന്നുപോകാന്‍ പറ്റുന്ന പാറയിടുക്കിലൂടെ ആള്‍ക്കാര്‍ ക്യൂ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കടന്നുകൊണ്ടിരുന്നു.

പാറകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറിയും, കുറേ ഉയരത്തില്‍ പാറക്കെട്ടുകള്‍ക്ക് മുകളിലേക്ക് വലിഞ്ഞുകയറിയും പതുക്കെപ്പതുക്കെ കയറ്റം പുരോഗമിച്ചുവന്നു. കല്ലിലൂടെ പൊത്തിപ്പിടിച്ച് കയറാന്‍ പറ്റാത്തിടങ്ങളില്‍ കയറ്റത്തിന്റെ ആയാസം കുറയ്ക്കാന്‍ ചെറിയൊരു സഹായമെന്നപോലെ ഇരുമ്പുകൊണ്ടുള്ള ഏണികളും പാലങ്ങളുമൊക്കെയുണ്ട്.

തലേ ദിവസം ചെമ്പ്ര പീക്കില്‍ കയറിയ അനുഭവം വെച്ച് നോക്കിയാല്‍ ഇടയ്ക്കല്‍ ഗുഹയിലെത്തിപ്പറ്റാനുള്ള കയറ്റം അത്ര കഠിനമായിത്തോന്നിയില്ല. ജനക്കൂട്ടത്തിനിടയിലൂടെ വളരെപ്പതുക്കെ നിര്‍ത്തിനിര്‍ത്തിയുള്ള കയറ്റമായതുകൊണ്ട് അങ്ങനെ തോന്നിയതാകാനും സാദ്ധ്യതയുണ്ട്.

കയറ്റം ചെന്നവസാനിക്കുന്നത് ഗുഹയിലേക്ക കടക്കാനുള്ള ഇരുമ്പുഗേറ്റിന്റെ മുന്നിലാണ്. ഞങ്ങള്‍ മെല്ലെ അകത്തേക്ക് കടന്നു. കയറിച്ചെല്ലുന്നത് ഇടയ്ക്കല്‍ ഗുഹയുടെ താഴെത്തട്ടിലേക്കാണ്. ഈ ഭാഗം പൂര്‍ണ്ണമായും ഒരു ഗുഹയെന്ന രീതിയില്‍ തോന്നുമെങ്കിലും അവിടന്ന് അകത്തേക്കുള്ള ഭാഗത്തിന്, അല്ലെങ്കില്‍ ഗുഹയുടെ ഉയരം കൂടുതലുള്ള മുകള്‍ത്തട്ടിന് ഒരു ഗുഹയുടെ സ്വഭാവം കുറവാണ്. മുകളില്‍ നിന്ന് സൂര്യപ്രകാശം സുലഭമായി വീഴുന്നത് മേല്‍മൂടിയൊന്നും കാര്യമായിട്ടില്ല്ലാത്തതുകൊണ്ടാണ്.
1894 ല്‍ അന്നത്തെ മലബാര്‍ ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന ഫ്രെഡ് ഫോസെറ്റാണ് (Fred Fawcett) യാദൃശ്ചികമായി ഇടയ്ക്കല്‍ ഗുഹ കണ്ടുപിടിച്ചതും, അതിന്റെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കി ലോകശ്രദ്ധയില്‍പ്പെടുത്തിയതും. ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റാണ് ഇപ്പോള്‍ ഇടയ്ക്കല്‍ ഗുഹ സംരക്ഷിച്ചുപോരുന്നത്.

ഗുഹയുടെ അകത്തും ജനത്തിരക്ക് തന്നെ. ഇടയ്ക്കല്‍ ഗുഹയില്‍ ഇപ്പോള്‍ ശനി, ഞായര്‍, അവധി ദിവസങ്ങള്‍ എന്ന ഭേദമൊന്നുമില്ലാതെ മിക്കവാറും എല്ലാ ദിവസങ്ങളിലും ഇത്തരത്തില്‍ ജനത്തിരക്കുണ്ടാകുമത്രേ ! അവധി ദിവസങ്ങളില്‍ തിരക്ക് കൂടുതലായിരിക്കുമെന്ന് മാത്രം.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു ഭൂചലനത്തില്‍ ഈ മലയുടെ ഒരു ഭാഗം ഇടിയുകയും ആ സമയത്ത് ഗുഹയുടെ മുകള്‍ത്തട്ടില്‍ രണ്ട് കല്ലുകള്‍ക്ക് ഇടയിലായി മറ്റൊരു കല്ല് വന്ന് കുടുങ്ങിപ്പോയതുമൂലമാണ് ഇതിന് ‘ഇടയ്ക്കല്‍‘ ഗുഹ എന്ന പേര് വീണത്.

ഗുഹയുടെ മുകളില്‍ ഇപ്പോഴും ആ ഇടയ്ക്കല്‍ അതുപോലെ തന്നെ നിലയുറപ്പിച്ചിരിക്കുന്നു. ഭൂചലനത്തിന്റെ ഭാഗമായി ഗുഹയുടെ ഒരു വശത്തുള്ള പാറ നെടുകെ പിളര്‍ന്നുണ്ടായ വിടവിലൂടെ നോക്കിയാല്‍ ആയിരം മീറ്ററിലധികം താഴെയായി ആയിരംകൊല്ലി, കുപ്പക്കൊല്ലി ഗ്രാമങ്ങളുടെ വിദൂരദൃശ്യം കാണാം. ആ വിടവിലൂടെ സന്ദര്‍ശകള്‍ താഴേക്ക് വീണ് അപകടമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ചെയ്തിട്ടുണ്ട്.

മുന്‍പ് സൂചിപ്പിച്ചതുപോലെ സഞ്ചാരികളുടെ തിരക്ക് കൂടുതല്‍ കാഴ്ച്ചകള്‍ക്ക് വിലങ്ങുതടിയായി. കുറച്ചധികം നേരം കാത്തുനിന്നിട്ടാണെങ്കിലും തിരക്കുകുറഞ്ഞപ്പോള്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരുമായി നേരിട്ട് സംസാരിച്ച് നേരത്തേ മനസ്സിലാക്കിയിരുന്ന ചില ചരിത്രങ്ങളൊക്കെ ഗുഹയിലെ ആലേഖനങ്ങളുമായി ഒത്തുനോക്കി മനസ്സിലാക്കാന്‍ സാധിച്ചു.

ഇടയ്ക്കലിന്റെ ചരിത്രമൊക്കെ പറയാന്‍ തുടങ്ങിയാല്‍ ഒരിടത്തുമെത്തില്ല. കാലാകാലങ്ങളിലായി ചരിത്രാന്വേഷികളും, ഗവേഷകന്മാരും നടത്തിക്കൊണ്ടുപോരുന്ന പഠനങ്ങളില്‍ പലതും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ശ്രീ.ഓ.കെ.ജോണിയെപ്പോലുള്ള ചരിത്രകാരന്മാരുടെ പുസ്തകങ്ങള്‍ ചിലതിലൂടെ അത്യാവശ്യം കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്നുള്ളത് ഈ യാത്രയില്‍ മുതല്‍ക്കൂട്ടായി.

ഗുഹയുടെ ഇടതുവശത്തെ ചുമരിലാണ് ശിലാലിഖിതങ്ങളില്‍ അധികവും. മനുഷ്യന്‍ മൃഗങ്ങളെ വളര്‍ത്താനും, മണ്‍പാത്രങ്ങള്‍, ലോഹങ്ങള്‍ എന്നിവ നിര്‍മ്മിക്കാനും കൃഷി ചെയ്യാനുമൊക്കെ ആരംഭിച്ച ചെറുശിലാസംസ്ക്കാരകാലത്താണ് ഈ കൊത്തുചിത്രങ്ങളില്‍ അധികവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് അനുമാനിക്കപ്പെടുന്നു.

മനുഷ്യരുടേയ്യും, മൃഗങ്ങളുടേയും, പണിയായുധങ്ങളുടേയും, പൂക്കളുടേയുമൊക്കെ ആലേഖനങ്ങളാണ് അധികവും. ചില വരകള്‍ക്ക് മുകളിലൂടെ പിന്‍ക്കാലത്ത് മറ്റ് ചില വരകള്‍ കയറിവന്നതുകൊണ്ട്, വരകളെല്ലാം വേര്‍തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള രീതിയില്‍ ആയിത്തീര്‍ന്നിട്ടുമുണ്ട്.

1890 – 1901 കാലങ്ങളില്‍ സുല്‍ത്താന്‍ബത്തേരിക്കടുത്തുള്ള കുപ്പമുടി എസ്റ്റേറ്റില്‍ നിന്ന് കണ്ടെടുക്കപ്പെട്ട നവീനശിലായുഗത്തിലെ ചില ശിലായുധങ്ങളും, ഇടയ്ക്കല്‍ ഗുഹയില്‍ നിന്ന്‍ കണ്ടെടുത്ത മിനുസപ്പെടുത്തിയ കല്ലുളിയും, കന്മഴുവുമൊക്കെ ഈ ഗുഹാചിത്രങ്ങള്‍ നവീനശിലായുഗത്തിലേതാകാമെന്ന നിഗമനത്തിലേക്കാണെത്തി നില്‍ക്കുന്നത്. എന്തൊക്കെയായാലും ഒന്നിലധികം സംസ്ക്കാരങ്ങള്‍ പലപ്പോഴായി ഈ ഗുഹയ്ക്കുള്ളില്‍ അധിവസിച്ചിട്ടുണ്ടെന്നുള്ളത് തര്‍ക്കമില്ല്ലാത്ത വസ്തുതയാണ്.
ഗുഹയിലെ ഏറ്റവും പഴയ ശിലാലിഖിതങ്ങള്‍ക്ക് 8000 വര്‍ഷത്തിലധികം പഴക്കമുള്ളതായിട്ടാണ് കണക്കാക്കപ്പെടുന്നത്. വെളിച്ചത്തിന്റെ ലഭ്യതയ്ക്കനുസരിച്ച്, അതിലെ ചില ചിത്രങ്ങളൊക്കെ ക്യാമറയില്‍ പകര്‍ത്തിയശേഷം ആര്‍ക്കിയോളജി ജീവനക്കാരുമായി നടത്തിയ നര്‍മ്മസംഭാഷണം ഇടയ്ക്കൽ ഗുഹയ്ക്ക് വെളിയിലുള്ള വിഷയങ്ങളിലേക്കും നീണ്ടുപോയി.

ശാസ്ത്രീയമായി പഠനം നടത്തി തെളിഞ്ഞതും, തുടര്‍പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതുമായ ഗുഹയെപ്പറ്റി ഐതിഹ്യങ്ങള്‍ക്കും, നാട്ടുകഥകള്‍ക്കും കുറവൊന്നുമില്ല.
ലവകുശന്മാര്‍ എയ്‌ത അമ്പുകുത്തിയുണ്ടായ ഗുഹയാണിതെന്നും, രാമന്‍ ശൂര്‍പ്പണഖയെ ‘മുറിച്ച് ‘ പരുക്കേല്‍പ്പിച്ചത് ഈ ഗുഹയുടെ തെക്കുഭാഗത്തുള്ള ഇടുക്കില്‍ വെച്ചാണെന്നും, ശ്രീകൃഷ്ണന്‍ അയച്ച ഒരു അമ്പേറ്റാണ് മല പിളര്‍ന്നതെന്നുമൊക്കെ ഹിന്ദുപുരാണങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ഐതിഹ്യങ്ങള്‍ക്ക് പുറമേ, ഇടയ്ക്കല്‍ ഭഗവതി ഒരു സര്‍പ്പത്തിന്റെ സഹായത്തോടെ പരിസരവാസികളെ ഉപദ്രവിച്ചിരുന്നെന്നും നെല്ലാക്കോട്ട ഭഗവതി കുട്ടിച്ചാത്തനെ അയച്ച് സര്‍പ്പത്തെ കൊന്ന് ജനങ്ങളെ രക്ഷിച്ചുവെന്നുമൊക്കെയുള്ള നാട്ടുകഥകളും അമ്പുകുത്തിമലയെപ്പറ്റിയും, ഇടയ്ക്കല്‍ ഗുഹയെപ്പറ്റിയും നിലവിലുണ്ട്.
സര്‍പ്പനിഗ്രഹം നടത്തിയ കുട്ടിച്ചാത്തനെ പ്രീതിപ്പെടുത്താനായി ചെട്ടിമാര്‍ ഈയടുത്തകാലത്ത് വരെ മലമുകളിലെ ഭഗവതി ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തിയിരുന്നത്രേ!(പുരാതനമായൊരു ജൈനക്ഷേത്രമാണ് ഈ ഭഗവതിക്ഷേത്രമെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.)
ഒന്നൊന്നര മണിക്കൂറിനകം ഗുഹയിലേക്കുള്ള പ്രവേശനം അവസാനിക്കുമെങ്കിലും കാഴ്ച്ചക്കാര്‍ അപ്പോഴും കുറേശ്ശെയായി കടന്നുവന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഗുഹയില്‍ നിന്ന് പുറത്തേക്ക് കടന്ന് അവിടന്ന് 500 മീറ്ററുകൂടെ ഉയരമുള്ള അമ്പുകുത്തിമലയുടെ ഉച്ചിയിലേക്ക് കയറണമെങ്കില്‍ വീണ്ടുമൊരു പാറയിടുക്കിലൂടെ നുഴഞ്ഞ് കടന്ന് മുന്നേറണം.

ഒരാള്‍ക്ക് കടന്നുപോകാന്‍ മാത്രം കഴിയുന്ന ആ വിടവിലൂടെ എന്നേക്കാള്‍ സാമാന്യം നല്ല ശരീരപ്രകൃതിയുള്ള തന്‍സീര്‍, പുറത്ത് തൂക്കിയിട്ടിരിക്കുന്ന ബാഗുമായി സ്വയം കുത്തിത്തിരുകുന്നതുകണ്ടപ്പോള്‍ എന്നെന്നേയ്ക്കുമായി ആ പാറയുടെ വിടവ് അടഞ്ഞുപോകുമോ എന്ന ഒരു കുസൃതിച്ചിന്തയാണെനിക്കുണ്ടായത്.

നൂഴഞ്ഞുകയറി പാറയ്ക്ക് അപ്പുറമെത്തിയ പത്തിരുപതോളം വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ ഇനി മുന്നോട്ടില്ലെന്ന് തീരുമാനമെടുത്ത് അവിടെ വിശ്രമിച്ചുകൊണ്ടിരിക്കുന്നത് അവിടന്നങ്ങോട്ടുള്ള കയറ്റം അല്‍പ്പം സാഹസികമായതുകൊണ്ടുതന്നെയാണ്.

ഉരുണ്ടിരിക്കുന്ന അടുത്ത വലിയ പാറയുടെ മുകളിലേക്ക് കടക്കാന്‍ ഇരുമ്പിന്റെ ഏണിയും, പാറപ്പുറത്തെ കുറ്റിയില്‍ കെട്ടി ഉറപ്പിച്ചിരിക്കുന്ന കയറുമൊക്കെ സഹായിക്കുമെങ്കിലും ക്യാമറയും, ട്രൈപ്പോഡുമൊക്കെയായുള്ള കയറ്റം അത്ര എളുപ്പമൊന്നുമായിരുന്നില്ല.

മുകളിലേക്ക് കയറുന്തോറും വയനാടിന്റെ ആകാശക്കാഴ്ച്ചകള്‍ കൂടുതല്‍ വിസ്തൃതമായിക്കൊണ്ടിരുന്നു.ദൂരെയായി ഫാന്റം റോക്കും അതിനടുത്ത് നികന്നുകൊണ്ടിരിക്കുന്ന മലയും ഞങ്ങള്‍ തിരിച്ചറിഞ്ഞു.
പാറകളില്‍ പലയിടത്തും തരിമണല്‍ കിടക്കുന്നതുകൊണ്ട് ഷൂ നന്നായിട്ട് തെന്നുന്നുണ്ട്. പാദരക്ഷയിട്ട് കയറുന്നത് അപകടമാണെന്ന് മുകളില്‍ നിന്ന് ഇറങ്ങിവന്നുകൊണ്ടിരുന്ന സാഹസികരായ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

തലേന്ന് ചെമ്പ്ര പീക്കില്‍ ഇതിലും ഉയരത്തില്‍ ഞങ്ങള്‍ കയറിയതാണ്. ഇവിടിപ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്കിടയിലൂടെ തിക്കിത്തിരക്കി അപകടം വിളിച്ചുവരുത്തുന്ന ഒരു കയറ്റം ഒഴിവാക്കുന്നതുതന്നെയാണ് ബുദ്ധിയെന്ന് തോന്നി. ക്യാമറ, സ്വന്തം ജീവന്‍, ഇപ്പോഴത്തെ പ്രായം, ഇതൊക്കെ പരിഗണിച്ച് പിന്നീടുള്ള കയറ്റം ഞങ്ങളവിടെ ഉപേക്ഷിച്ചു.


മലയിറങ്ങി താഴേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ ക്ഷീണം തീര്‍ക്കാന്‍ വഴിയരുകിലെ പെട്ടിക്കടയിലെ ഉപ്പിലിട്ട നെല്ലിക്കയും, മാങ്ങയും, സര്‍ബത്തും സഹായിച്ചു. രാത്രിഭക്ഷണത്തിന് ഇനിയും ഒരുപാട് സമയമുണ്ട്. അതിനിടയില്‍ അമ്പലവയലിലുള്ള ഹെറിറ്റേജ് മ്യൂസിയത്തില്‍ പോയി വരാന്‍ സമയമുണ്ടായിരുന്നു.

ഇരുട്ട് വീഴുന്നതിനുമുന്‍പേ മ്യൂസിയത്തിലെത്തി. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ തിരക്കാണ് അവിടേയും. വയനാട്ടിലെ കാഴ്ച്ചകള്‍ കാണാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നുണ്ടെന്നുള്ളത് ഒരു നല്ല കാര്യം തന്നെ.

മാടമ്പിവിളക്ക്, വീരക്കല്ല്ലുകള്‍, കല്ലില്‍ കൊത്തിയെടുത്ത ഭാഗികമായി നശിപ്പിക്കപ്പെട്ടുപോയതും അല്ലാതെയുമായുള്ള വിഗ്രഹങ്ങള്‍, എന്നിങ്ങനെ പുരാതനമായ സംസ്ക്കാരത്തിന്റെ ബാക്കിപത്രങ്ങള്‍ക്കൊപ്പം, ആദിവാസികള്‍ ഉപയോഗിച്ചിരുന്നതും ഇപ്പോഴും ഉപയോഗിക്കുന്നതുമായ പണിയായുധങ്ങള്‍, ആഭരങ്ങള്‍, മണ്‍പാത്രങ്ങള്‍ എന്നിങ്ങനെ നീളുന്നു മ്യൂസിയത്തിലെ കാഴ്ച്ചകള്‍.

മ്യൂസിയത്തില്‍ നിന്നിറങ്ങിയപ്പോഴേക്കും ഇരുട്ടിക്കഴിഞ്ഞിരുന്നു. വീണ്ടും ഇടയ്ക്കലിലേക്ക് വണ്ടിതിരിച്ചു. ജീപ്പ് മാത്രം പോകുന്ന വഴിയിലൂടെ വാഹനം മുന്നോട്ടെടുത്തപ്പോള്‍ ചില പുരികങ്ങളൊക്കെ ചുളിയുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഹെര്‍മിറ്റേജ് റിസോര്‍ട്ടിലേക്കാണോ എന്നാരോ ചോദിക്കുകയും ചെയ്തു. ‘അതെ‘ എന്ന് മറുപടി കൊടുത്ത് കയറ്റത്തിലൂടെ വാഹനം മുകളിലേക്കെടുത്തു.
പലതരത്തിലുള്ള കോട്ടേജുകളും, ഒന്നിലധികം റസ്റ്റോറന്റുകളും ട്രീ ഹൌസുകളും മുതല്‍, ഓപ്പണ്‍ എയര്‍ തീയറ്ററും, പിഴിച്ചില്‍, ഉഴിച്ചില്‍ എന്നിങ്ങനെയുള്ള ആയുര്‍വ്വേദ സൌകര്യങ്ങളുമെല്ലാം ഇടയ്ക്കല്‍ ഹെര്‍മിറ്റേജില്‍ ലഭ്യമാണ്.

ഹെര്‍മിറ്റേജ് മാനേജര്‍ ശ്രീ. രഘു കോട്ടേജുകളൊക്കെ കൊണ്ടുപോയി കാണിച്ചുതന്നു.നഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഒളിച്ചോടി വന്ന്, താഴ്വരയിലേക്ക് നോക്കി നില്‍ക്കുന്ന ട്രീ ഹൌസിനകത്ത് ഒന്നോ രണ്ടോ ദിവസം ഒരിക്കല്‍ താമസിക്കണമെന്ന് മനസ്സില്‍ കുറിച്ചിട്ടുകൊണ്ട് ഭക്ഷണം കഴിക്കാനായി റസ്റ്റോറന്റിലേക്ക് നീങ്ങി.

ഇടയ്ക്കല്‍ യാത്രയുടെ ഒരു ഹൈലൈറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവമായിരുന്നു ആ രാത്രിയിലെ ഡിന്നര്‍. പ്രകൃതിദത്തമായ ഗുഹ ഒരെണ്ണം റിസോര്‍ട്ടിന് സ്വന്തമായിട്ടുണ്ട്. ഈ ഗുഹാ റസ്റ്റോറന്റിന്റെ മുകള്‍ഭാഗം വലിയൊരു പാറയാണ്.വശങ്ങളിലുള്ള കൊച്ചുപാറകളിലും മണ്ണിലുമൊക്കെയായി ഈ ‘മേല്‍ക്കൂരപ്പാറ‘ ഉറച്ചുനില്‍ക്കുന്നു.അകത്തേക്ക് കയറാനും ഇറങ്ങാനുമായി ഒരു ചെറിയ ഗുഹാദ്വാരം മാത്രം. മൂന്നോ നാലോ മേശകള്‍ ഇടാനുള്ള സ്ഥലം അകത്തുണ്ടെങ്കിലും ഒരേ സമയം ഒന്നിലധികം ടേബിളില്‍ ഭക്ഷണം വിളംബാറില്ലത്രേ !!
എല്ലാത്തരത്തിലും ഒരു ഗുഹാഭക്ഷണത്തിന്റെ അനുഭൂതി ഉളവാക്കാന്‍ വേണ്ടി, ഭക്ഷണമെല്ലാം വിളംബി വെച്ചിട്ട് ജീവനക്കാരെല്ലാവരും പുറത്തു കടന്നു.

അന്‍പതിലധികം മെഴുകുതിരികളുടെ വെളിച്ചത്തില്‍ , പരിപൂര്‍ണ്ണ നിശബ്ദതയില്‍ , ആ ഗുഹയില്‍ ഒരു മണിക്കൂറില്‍ത്താഴെ സമയം തന്‍സീറും, ഞാനും മാത്രം. ജീവിതത്തിലിതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ ഒരു ഡിന്നര്‍ രംഗമായിരുന്നത്.
ലോകത്തെവിടെയെങ്കിലും ഇതുപോലെ ഒരു ‘കേവ് ഡിന്നര്‍‘ സംവിധാനം ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷെ നമ്മുടെ കൊച്ചുകേരളത്തിൽ ഇത്തരം ഒരുപാട് സ്ഥലങ്ങളും മനോഹരദൃശ്യങ്ങളും ചരിത്രമുറങ്ങുന്ന ഗുഹകളും മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കാന്‍ പോന്ന ഒരുപാടൊരുപാട് കാര്യങ്ങളുമൊക്കെയുണ്ട്. നമ്മളതൊന്നും കാണുന്നില്ലെന്ന് മാത്രം. അഥവാ കണ്ടാലും കാണാത്ത മട്ടിൽ നടന്നകലുന്നു.

