നാട്ടുരാജാക്കന്മാർക്ക് രാജ്യം വിഭജിച്ച് നൽകി മക്കത്തേക്ക് പോയതോടെ ചേരമാൻ പെരുമാളിനെ പ്രജകളായ നമ്മൾ മറന്നോ ?
12 കൊല്ലത്തേക്കാണ് ഭരണം ഏൽപ്പിച്ച് കൊടുക്കുക പതിവെങ്കിലും മൂന്ന് വ്യാഴവട്ടക്കാലം ഭരണം കൈയ്യാളാൻ മാത്രം സമ്മതനായിരുന്ന ചേരമാൻ പെരുമാൾ നമുക്ക് അന്യനായി മാറിയോ ?
ചരിത്രത്തിന്റെ ഏടുകൾക്കിടയിൽ മറ്റെന്തെങ്കിലും കാര്യങ്ങൾക്കായി പരതുമ്പോൾ മാത്രം കാണുന്ന പരിചയമുള്ള ഏതൊക്കെയോ പേരുകൾ മാത്രമായി മാറിയോ നമുക്ക് പെരുമാളുമാർ ?
കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിൽ നമ്മുടെ ആ പഴയ ചേര രാജാവിന്റെ പ്രതിഷ്ഠയുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ സുന്ദരമൂർത്തി നായനാരുടേയും. (അതൊക്കെ പറയാനാണെങ്കിൽ ഒരുപാട് കഥകളും ഐതിഹ്യവുമുണ്ട്.) നമ്മളാരും ആ പ്രതിഷ്ഠകൾ ഒരിക്കൽപ്പോലും വണങ്ങാറില്ലെങ്കിലും എല്ലാക്കൊല്ലവും കർക്കിടകത്തിലെ ചോതി (ഇന്ന്-2013 ആഗസ്റ്റ് 13 അങ്ങനെയൊരു കർക്കിടക ചോതിയാണ്) നാളിൽ തമിഴ്‌നാട്ടിൽ നിന്ന് ആയിരക്കണക്കിന് മക്കൾ തിരുവഞ്ചിക്കുളത്ത് എത്തും. മൂന്ന് ദിവസം അവരവിടെ വെപ്പും തീറ്റയും പൂജകളും പുരാണപാരായണവും വേദാന്ത ചർച്ചകളുമായി കഴിച്ചുകൂട്ടും. പെരുമാളിനേയും നായനാരേയും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് വെള്ളക്കുതിരപ്പുറത്തും വെള്ളാനപ്പുറത്തുമായി എഴുന്നള്ളിച്ച് കൊണ്ടുവരും.
![]() |
| സുന്ദരമൂർത്തി നായനാരും ചേരമാൻ പെരുമാളും. |
അവർ രണ്ടുപേരും സ്വർഗ്ഗാരോഹണം നടത്തിയതിന്റെ ചടങ്ങുകളുടെ ഭാഗമായി മാഹോദൈ കടപ്പുറത്ത് (നമ്മുടെ അഴീക്കോട് കടപ്പുറം തന്നെ) മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി കർമ്മങ്ങൾ ചെയ്യും. പഞ്ചാക്ഷരീമന്ത്രം മുഴക്കും. ദേഹമാകെ ഭസ്മം വാരിപ്പൂശും. താണ്ഡവ നൃത്തമാടും. പെരുമാളിനും നായനാർക്കും ആർപ്പ് വിളിക്കും.
ഇക്കൊല്ലം തൃശൂർ ജില്ലയിൽ ബസ്സ് പണിമുടക്കായതുകൊണ്ട് പത്തുപതിനഞ്ച് സ്വകാര്യ ബസ്സിലും ജീപ്പിലുമൊക്കെയായി 1500 തമിഴ് മക്കൾക്കേ എത്താനായുള്ളൂ. എന്നിട്ടും അവർക്ക് പരാതിയൊന്നുമില്ല. നമ്മുടെ രാജാവിന് അവർ കർമ്മങ്ങൾ ചെയ്തു. നാളെ രാവിലെ തൃക്കുലശേഖരപുരം(കൊടുങ്ങല്ലൂർ) ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കർമ്മങ്ങൾ കൂടെ ചെയ്ത് പെരുമാളിന്റെ അനുഗ്രഹവും വാങ്ങി അവർ മടങ്ങും. മൂന്ന് തമിഴ് തലമുറകൾ 79 കൊല്ലമായി ‘സുന്ദരൻ ചേരമാൻ ഗുരുപൂജ ഉത്സവം‘ എന്ന പേരിൽ ഈ കർമ്മങ്ങൾ ചെയ്തുപോരുന്നു.
![]() |
| ‘മാഹോദൈ‘ കടലോരത്ത് കർമ്മങ്ങൾ ചെയ്യുന്ന തമിഴ് മക്കൾ. |
നമ്മൾ സ്വന്തം രാജാവിനെ ഓർക്കുന്നു പോലുമില്ല. പെരുമാളിന്റെ കാലത്ത് ഒട്ടും ഇല്ലാതിരുന്നതും, ഇക്കാലത്ത് ആവശ്യത്തിലധികമുള്ളതുമായ മാദ്ധ്യമപ്പടകൾ ഇതൊന്നുമറിഞ്ഞില്ലെന്ന് നടിച്ച്, മസാല സ്കൂപ്പുകൾക്കും ബ്രേക്കിങ്ങ് ന്യൂസിനും ചാനൽ ചർച്ചകൾക്കുമായി പരക്കം പായുന്നു. അഞ്ച് കൊല്ലത്തേക്ക് ഞങ്ങൾ ഭരണം ഏൽപ്പിച്ചുകൊടുക്കുന്ന ന്യൂ ജനറേഷൻ പെരുമാളുമാർ രണ്ട് കൊല്ലം തികയ്ക്കാൻ പെടാപ്പാട് പെടുകയാണ് പെരുമാളേ. കാലാവധി തികച്ചെങ്കിൽത്തന്നെ ഇടം വലം ചൂഷണം ചെയ്ത് നീരൂറ്റുകയാണ് പുതിയ പെരുമാക്കന്മാർ. നല്ലൊരു റോഡുണ്ടാക്കാനറിയില്ല. പാലമുണ്ടാക്കാനറിയില്ല. ഉണ്ടാക്കിയിട്ടിരിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ മാത്രം. എല്ലാവർക്കും നോക്കുകൂലി മതി; എന്തിനും ഏതിനും ഹർത്താല് മാത്രം മതി; മതിയാകാത്തത് മദ്യം മാത്രം.
36 കൊല്ലം ഭരിക്കുന്നതിനിടയ്ക്ക് അറിഞ്ഞോ അറിയാതെയോ നിന്നോടെന്തെങ്കിലും നെറികേട് കാണിച്ചിട്ടുണ്ടോ ഞങ്ങളുടെ പൂർവ്വികർ ? അതിന് നീ ഞങ്ങൾക്ക് തന്ന ശാപമാണോ നാടിന്റെ ഇന്നത്തെ അവസ്ഥ ? താങ്ങാനാവാത്തതുകൊണ്ട് സാഷ്ടാഗം വീണ് കേഴുകയാണ് പെരുമാളേ…….പൊറുക്കുക, ക്ഷമിക്കുക.

