Monthly Archives: September 2026

തഞ്ചാവൂരും ശ്രീനിവാസൻ എന്ന നൻപനും


team at usilampetti
രമ്യ, കെ.എ.ബീന എന്നിവർക്കൊപ്പം ഉസിലാംപട്ടിയിൽ

ണക്കാലത്ത് ആറ് ദിവസം നീളുന്ന യാത്രയ്ക്ക് പദ്ധതിയിട്ടത് മധുരയിലേക്കും കാരൈക്കുടിയിലേക്കും ഈ സ്ഥലങ്ങളോട് ചുറ്റിപ്പറ്റിയുള്ള ഗ്രാമങ്ങളിലേക്കുമാണ്. ഉദ്ദേശിച്ചത് പോലെ യാത്ര ചെയ്തിട്ടും ഒരു ദിവസം അധികമുണ്ടായപ്പോൾ യാത്ര ഒരു ദിവസത്തേക്ക് തഞ്ചാവൂരിലേക്ക് കൂടെ നീട്ടി.

chettinadu house
ചെട്ടിനാട് ഭവനങ്ങളിൽ ഒന്നിൻ്റെ ദൃശ്യം

വൈഗ ഡാം, മധുര മീനാക്ഷി ക്ഷേത്രം, ഉസിലാംപട്ടി, തിരുമംഗലം, പഴമുതിർചോലൈ, അളഗനല്ലൂർ, പാലമേട്, അരിട്ടപട്ടി, കാരൈക്കുടി, കാനാടികാത്തൻ, പള്ളത്തൂർ, ആത്തംകുടി, തിരുമയം, തിരുമയം കോട്ട, തിരുമയം ക്ഷേത്രം, ഹെറിറ്റേജ് മ്യൂസിയം, തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം, തഞ്ചാവൂർ കൊട്ടാരം, തഞ്ചാവൂർ കോട്ട എന്നിങ്ങനെ പോകുന്നു സന്ദർശിച്ച ഇടങ്ങൾ. ഭാഗി 3.0 വന്നതിന് ശേഷം യാത്രാവഴികൾ എന്നെ കാര്യമായി അലോസരപ്പെടുത്താറില്ല. പുതഞ്ഞ് പോകുമോ, അടി തട്ടുമോ എന്നുള്ള ആശങ്കകൾ തീരെക്കുറവാണ്. ഗ്രാമങ്ങളിലെ ഉഴുത് മറിച്ചിട്ടിരിക്കുന്ന പാടങ്ങളിലൂടെ ഭാഗി ഓടിക്കയറുന്നത് അതിൻ്റെ തെല്ല് അഹങ്കാരത്തോടെയാണെന്ന് പറയാതെ വയ്യ.

fort wall
തഞ്ചാവൂർ പെരിയ ക്ഷേത്രത്തിൻ്റെ കോട്ട മതിൽ

ഗ്രാമപ്രദേശങ്ങളടക്കം, പോകുന്നിടത്തെല്ലാം അവിടത്തെ പ്രത്യേക ഭക്ഷണം തേടിക്കണ്ടുപിടിച്ച് കഴിക്കുക എന്നത് ഈ യാത്രയുടെ കാര്യപരിപാടി ആയിരുന്നു. ജിഗർത്തണ്ട, രാമൻ പൊടി ഇഡ്ഡലി, നാട്ടുക്കോഴി കുളമ്പ് എന്നിങ്ങനെ ലിസ്റ്റിൽ ഉണ്ടായിരുന്ന ഭക്ഷണമെല്ലാം കഴിക്കുകയും ചെയ്തു. ഓണനാളിൽ തഞ്ചാവൂരിലെ ആര്യാസിൽ നിന്ന് സദ്യ കഴിച്ചു. കേരളത്തിൽ മാത്രമല്ല തഞ്ചാവൂരിലും ഓണാഘോഷം ഉണ്ടെന്നത് അതിശയിപ്പിച്ചു. അവിസ്മരണീയമായ ഭക്ഷണം എന്ന് വിശേഷിപ്പിക്കാവുന്നത് മുനിയാണ്ടിയുടെ ഇടിച്ച നാട്ടുക്കോഴിക്കറി തന്നെയാണ്. ജല്ലിക്കെട്ടിന് പേരുകേട്ട അളഗനല്ലൂർ ഗ്രാമത്തിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചാണ് ആ കൊച്ചു കടയിൽ ഞങ്ങളെത്തിയത്. ജനങ്ങൾ വാഹനമെടുത്ത് ദൂരെനിന്ന് പോലും ഭക്ഷണം കഴിക്കാനായി വരുന്ന ഒരു നാടൻ കടയാണത്.

thirumayam fort and gun
തിരുമയം കോട്ടയിൽ

അളഗനെല്ലൂരിൽ അതിഗംഭീരമായ ഒരു ജല്ലിക്കെട് സ്റ്റേഡിയം കരുണാനിധിയുടെ പേരിൽ നിർമ്മിച്ചിടുണ്ടെങ്കിലും മധുരയിൽ അത് കാര്യമായി പ്രചരിപ്പിക്കുന്നില്ല എന്നാണ് അവിടെച്ചെന്നപ്പോൾ മനസ്സിലാക്കിയത്. വൈത്തി മലയുടെ അടിവാരത്ത് മലയ്ക്ക് അഭിമുഖമായി നിർമ്മിച്ചിരിക്കുന്ന ഒരു ഗംഭീര ഓഡിറ്റോറിയവും ജല്ലിക്കെട്ട് മ്യൂസിയവുമാണ് അത്. പൊങ്കൽ ആയാൽ ആയിരക്കണക്കിന് ജല്ലിക്കെട്ട് കാളകൾ ഇവിടെയെത്തുന്നു.

jellikettu arena
അളഗനെല്ലൂരിലെ ജല്ലിക്കെട്ട് സ്റ്റേഡിയത്തിന് മുന്നിൽ

കാളകളുടെ വാലിൽ കടിക്കുകയും വാൽ പിടിച്ച് ഒടിക്കുകയുമൊക്കെ ചെയ്ത് പ്രകോപിപ്പിച്ച് നടത്തുന്ന ഒരു മത്സരമായതുകൊണ്ട് എനിക്കതിനോട് വലിയ വിയോജിപ്പുണ്ട്. പക്ഷേ, ജെല്ലിക്കെട്ടിൻ്റെ ചരിത്രം ഇല്ലാതാക്കാൻ പറ്റുന്നതല്ലല്ലോ. ആ അർത്ഥത്തിൽ അളഗനെല്ലൂരിലെ മ്യൂസിയത്തിൻ്റെ പ്രാധാന്യം എടുത്ത് പറയാതെ വയ്യ.

സ്റ്റേഡിയവും മ്യൂസിയവും സന്ദർശിച്ചശേഷം ഗ്രാമത്തിലേക്ക് കടന്ന് വൈത്തി മലയ്ക്ക് മുകളിലുള്ള ക്ഷേത്രത്തിലെ സ്വന്തം കാളയായ രാമുവിനെ കണ്ടു. രണ്ടുമൂന്ന് കയറുകളിട്ടാണ് അവനെ ബന്ധിച്ചിരിക്കുന്നത്. ഞങ്ങളെപ്പോലെ പരിചയമില്ലാത്തവർ അടുത്തേക്ക് ചെല്ലുമ്പോൾ അവൻ മുക്കറയിട്ട് ശൗര്യം കാണിക്കുന്നുണ്ട്. എന്നിട്ടും നാട്ടുകാർ പകർന്നു നൽകിയ ധൈര്യം സംഭരിച്ച് അവനരുകിൽ ചെന്ന് ബിസ്ക്കറ്റ് കൊടുക്കുകയും പടമെടുക്കുകയും എല്ലാം ചെയ്തു.

മുധുരയിലെ തിരുമലൈ നായിക്ക് കൊട്ടാരത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അതിനകത്ത് കയറിക്കാണാൻ പറ്റിയില്ല എന്നത് മാത്രമാണ് സന്ദർശിക്കാൻ പറ്റാതായ ഏകയിടം.

ഇപ്പറഞ്ഞ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള യാത്രാ വിവരണം എഴുതുക അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, ചില കാര്യങ്ങൾ പറയാതെ വയ്യതാനും. മമ്മൂക്കയെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ചെന്ന് കണ്ടതടക്കമുള്ള കാര്യങ്ങൾ മുൻപോസ്റ്റിൽ പറഞ്ഞതാണ്. ചെട്ടിയാന്മാരുടെ കൂറ്റൻ ബംഗ്ലാവുകൾ കണ്ട് അതിലെ തടിപ്പണികളുടേയും തറയോടുകളുടേയും ധാരാളിത്തത്തിൽ വിസ്മയിച്ച അവസരങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഓരോ പ്രാവശ്യം കാണുമ്പോളും ആ വിസ്മയത്തിന് കുറവൊന്നും ഉണ്ടാകുന്നില്ല. ശൂലഗിരിയിൽ ഫാം ഹൗസ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കാനായി കൽത്തൂണുകളും ആത്തംകുടി ടൈലുകളും ഓർഡർ ചെയ്യാനുള്ള ഏർപ്പാടുണ്ടാക്കി എന്നതാണ് ഈ യാത്രയിലെ മറ്റൊരു സന്തോഷം.

veena
തഞ്ചാവൂരിലെ വീണ നിർമ്മാണം

സത്യത്തിൽ ഒരാഴ്ച്ച കാണാനുള്ള കാര്യങ്ങളുണ്ട് തഞ്ചാവൂരിൽ. പക്ഷേ വീണുകിട്ടിയ ഒരു ദിവസം കൊണ്ട് തഞ്ചാവൂർ പാലസ്, പെരിയ കോവിൽ, വീണ നിർമ്മാണം, തഞ്ചാവൂർ പെയിൻ്റിങ്ങ് നിർമ്മാണം, എന്നിങ്ങനെ ചില കാര്യങ്ങളിൽ മാത്രമായി തഞ്ചാവൂർ യാത്ര ഒതുക്കി.

സഞ്ചാരികളും യാത്രാവിവരണത്തിൽ കൊടിപാറിച്ചവരുമായ ബീനച്ചേച്ചിയും രമ്യയും ഒപ്പമുണ്ടെങ്കിലും യാത്ര നീണ്ടുനിന്ന ആറ് സന്ധ്യകളിലും ഞാൻ ആലോചിച്ചുകൊണ്ടിരുന്നത്, ഞാൻ ഒറ്റയ്ക്കാണ് Great Indian Expedition-ൻ്റെ ഭാഗമായി ഈ യാത്ര ചെയ്തിരുന്നതെങ്കിൽ ഏതെല്ലാം തെരുവുകളിലും ഏതെല്ലാം ഗ്രാമങ്ങളിലും തങ്ങുമായിരുന്നു എന്നാണ്. ഈ ആറ് ദിവസങ്ങളിൽ തിരുമയം, തഞ്ചാവൂർ എന്നീ കോട്ടകളിലൂടെ കടന്ന് പോയെങ്കിലും അത് രണ്ടും ഡോക്യുമെൻ്റ് ചെയ്യാൻ ഞാൻ മുതിർന്നില്ല. അതൊരു വലിയ ചടങ്ങാണ്. കൂടെയുള്ള സഞ്ചാരികൾക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും അവരുടെ സമയം കാര്യമായി നഷ്ടപ്പെടും എന്നതിനാൽ ഈ ഭാഗത്തുകൂടെ എനിക്കിനിയും സഞ്ചരിക്കേണ്ടതുണ്ട്. തഞ്ചാവൂരിൽ നിന്ന് ചിദംബരം, പിന്നോട്ട് ധനുഷ്ക്കോടി, രാമേശ്വരം അങ്ങനെ ദൂരമെത്ര ബാക്കി കിടക്കുന്നു. അത്തരത്തിൽ വീണ്ടും വരുമ്പോൾ എനിക്ക് തങ്ങാനുള്ള തെരുവുകൾ ഞാൻ മനസ്സിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

periya temple and team
തഞ്ചാവൂർ പെരിയ കോവിലിന് മുന്നിൽ സഞ്ചാരികൾ.

അവസാന ദിവസം രാത്രി തഞ്ചാവൂരിൽ ഉണ്ടായ മനോഹരമായ ഒരു അനുഭവം കൂടെ പങ്കുവെച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. അതിങ്ങനെയാണ്…

അഞ്ചാം ദിവസം രാത്രി, ഭക്ഷണം കഴിക്കാൻ പറ്റിയ ഇടങ്ങൾ തേടി തഞ്ചാവൂരിലെ തെരുവുകളിലൂടെ ഭാഗി അലഞ്ഞുതിരിഞ്ഞു. റസ്റ്റോറൻ്റ് കണ്ടുപിടിച്ചാൽ മാത്രം പോര. ഭാഗിക്ക് പാർക്കിങ്ങ് ഇടം കിട്ടുകയും വേണം. അങ്ങനെയൊരിടം കണ്ടുപിടിച്ച് ഭക്ഷണം കഴിച്ചു. എനിക്കപ്പോൾ ഐസ്ക്രീം തിന്നണമെന്ന് ഒരു പൂതി. റസ്റ്റോറൻ്റ് ഇരിക്കുന്ന തെരുവിലൂടെ വീണ്ടും കുറച്ച് മുന്നോട്ട് നടന്നു. തുടർന്നങ്ങോട്ട് നഗരത്തിൻ്റെ തിരക്കുകൾ തീരുകയാണെന്ന് മനസ്സിലാക്കിയപ്പോൾ തിരിച്ച് നടന്നു.

01
ശ്രീനിവാസൻ്റെ റസ്റ്റോറൻ്റിൽ

അപ്പോൾ ബീനച്ചേച്ചിയാണ് അത് ശ്രദ്ധിച്ചത്. തെരുവിൽ നടപ്പാതയോട് ചേർന്ന് നിൽക്കുന്ന ഒരു ചെറിയ റസ്റ്റോറൻ്റിന് മുന്നിൽ ധാരാളമായി ഇഡ്ഡലി ഉണ്ടാക്കാൻ വേണ്ടിയുള്ള തട്ടുകളുള്ള ഒരു സ്റ്റീലിൻ്റെ പെട്ടി പോലുള്ള വലിയ സംവിധാനം. അതിൽ നൂറിൽപ്പരം ഇഡ്ഡലികൾ ഒറ്റയടിക്ക് ഉണ്ടാക്കാം. കടക്കാരൻ ഓരോ തട്ടുകളിലും മാവ് ഒഴിക്കുന്ന തിരക്കിലാണ്. ഞങ്ങളതിൻ്റെ പടമെടുക്കാൻ തുടങ്ങിയതും അയാൾ (ശ്രീനിവാസൻ) ഞങ്ങളോട് ലോഹ്യം കൂടി.

ഇത്തരം ഇഡ്ഡലിപ്പെട്ടികൾ വലിയ റസ്റ്റോറൻ്റുകളിൽ ഉണ്ടെന്നും നമ്മളവരുടെ അടുക്കള കാണാത്തതുകൊണ്ടാണ് പരിചയമില്ലാത്തതെന്നും ശ്രീനിവാസൻ പറഞ്ഞു. തൂടർന്ന് ഇഡ്ഡലി കഴിക്കാൻ ഞങ്ങളെ അദ്ദേഹം ക്ഷണിച്ചു. അൽപ്പം മുൻപ് ഭക്ഷണം കഴിച്ചതുകൊണ്ട് ഞങ്ങളാ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചെങ്കിലും ശ്രീനിവാസൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു. “നല്ല ഇഡ്ഡലിയാണ്, പൈസ വേണ്ട” എന്ന് വരെ ശ്രീനിവാസൻ ഞങ്ങളെ പ്രലോഭിപ്പിച്ചു. കക്ഷി MBA ക്കാരനാണ്. ഇടയ്ക്കിടയ്ക്ക് സംസാരത്തിൽ ഇംഗ്ലീഷ് കടന്നുവരുന്നുണ്ട്. അയാളുടെ മകൻ്റെ പേരാണ് (മുത്തുകുമരൻ) റസ്റ്റോറൻ്റിന് നൽകിയിരിക്കുന്നത്.

അത്രയും നിർബന്ധിക്കുന്നതല്ലേ, ഇഡ്ഡലിയുടെ രുചി നോക്കിക്കളയാം എന്ന് തന്നെ ഞങ്ങളവസാനം സമ്മതിച്ചു. ഇഡ്ഡലിലും സാമ്പാറും ചട്ട്ണികളും വാഴയില വിരിച്ച പാത്രത്തിൽ നിരന്നു. നല്ല മാർദ്ദവമാർന്ന രുചിയുള്ള ഇഡ്ഡലി. സാമ്പാറും ചട്ട്ണിയും ഒന്നിനൊന്ന് മെച്ചം. ആദ്യമേ ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നെങ്കിൽ വയറ് നിറയെ ഇഡ്ഡലി കഴിക്കാമായിരുന്നെന്ന് ഞങ്ങൾ കൊതിച്ചു. ഫുഡ്പാത്തിൽ നിന്ന് ഇഡ്ഡലി കഴിക്കുന്ന സമയത്തും ശ്രീനിവാസനുമായുള്ള സംസാരം തുടർന്നുകൊണ്ടേയിരുന്നു. ഇഡ്ഡലിയുടെ പണം ശ്രീനിവാസൻ വാങ്ങില്ല എന്നതുകൊണ്ട് തന്നെ ഞങ്ങൾ മൂന്ന് കാപ്പി ഓർഡർ ചെയ്തിരുന്നു. അതിൻ്റെ പണം സ്വീകരിക്കാതിരിക്കാൻ അയാൾക്കാവില്ലല്ലോ ?

പകൽ ഭിക്ഷാടനത്തിൻ്റെ പേരിൽ കറങ്ങി നടന്ന്, രാത്രി മോഷ്ടിക്കാനുള്ള വീട് കണ്ടുവെക്കുന്ന കള്ളനെപ്പോലെ, ഞാനപ്പോഴേക്കും ആ തെരുവിനെ കാര്യമായിത്തന്നെ ഉഴിഞ്ഞ് നോക്കിക്കഴിഞ്ഞിരുന്നു. GIE യുടെ പേരിൽ വീണ്ടും തഞ്ചാവൂരിൽ എത്തുമ്പോൾ രാത്രി ഭക്ഷണം കഴിക്കാൻ ശ്രീനിവാസൻ്റെ ആ റസ്റ്റോറൻ്റ് അത്യുത്തമം. അത് കഴിഞ്ഞ് ഭാഗിക്കൊപ്പം തലചായ്ക്കാൻ വേണ്ടുന്ന സൗകര്യമൊക്കെ ആ തെരുവിനുണ്ട്.

(ആത്മഗതം:- GIE യാത്രയിൽ അല്ലെങ്കിലും, വൈകീട്ട് വീട്ടിലേക്കാണ് മടക്കമെങ്കിലും 5 മണി കഴിഞ്ഞാൽ കാണുന്ന നല്ല തെരുവോരം എൻ്റെ മനസ്സിളക്കുന്നത് ഒരു രോഗമാണോ ഡോക്ടർ?)

തെരുവിൽ കിടക്കാനുള്ള സ്ഥലം കണ്ടുവെച്ചാൽ മാത്രം പോരല്ലോ. കാലെക്കൂട്ടി ഇക്കാര്യം ശ്രീനിവാസനോട് പറഞ്ഞുവെക്കുകയും വേണമല്ലോ. തെണ്ടലാണ് പ്രധാന പരിപാടിയെന്നും ഒരാഴ്ച്ചയോളം തെണ്ടാനുള്ള വകുപ്പ് തഞ്ചാവൂരിൽ ഉണ്ടെന്നും അതിനായി വീണ്ടും വരുമെന്നും ആ സമയത്ത് വാഹനം ഈ റസ്റ്റോറൻ്റിൻ്റെ പരിസരത്ത് പാർക്ക് ചെയ്യുന്നത് ബുദ്ധിമുട്ടാകില്ലല്ലോ എന്നും ശ്രീനിവാസനോട് തിരക്കി.

അതിന് കിട്ടിയ മറുപടി മനംകുളിർപ്പിക്കുന്നതായിരുന്നു. “എന്തിന് ഈ തെരുവിൽ കിടക്കണം. 50 പേർ വന്നാലും കിടക്കാനുള്ള സൗകര്യം എൻ്റെ വീട്ടിലുണ്ട്. ധൈര്യമായി പോന്നോളൂ.” ആനന്ദലബ്ദ്ധിക്കിനിയെന്തുവേണം?! തഞ്ചാവൂർ എൻ്റെ സ്വന്തം ഊരായിക്കഴിഞ്ഞിരിക്കുന്നു.

ഞങ്ങൾ മൂന്ന് പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരല്ല മൂന്ന് വീടുകളിൽ നിന്നുള്ള സുഹൃത്തുക്കളാണെന്ന് മനസ്സിലാക്കിയപ്പോൾ ശ്രീനിവാസൻ്റെ ഒരു തമിഴ് ഫിലോസഫി പേച്ചുണ്ടായിരുന്നു. അത് വിവർത്തനം ചെയ്ത് എഴുതാനോ എടുത്തെഴുതാനോ ഞാനാളല്ല. സൗഹൃദത്തിൻ്റെ മൂല്യത്തിലൂന്നിയുള്ള ഒരു ഗംഭീര മൊഴിയായിരുന്നു അത്.

ആ രാത്രി ശ്രീനിവാസൻ എന്ന തഞ്ചാവൂർ സുഹൃത്തിനോട് യാത്ര പറഞ്ഞ് നടന്ന് നീങ്ങുമ്പോൾ അത് തഞ്ചാവൂരിനോട് കൂടെയുള്ള താൽക്കാലിയ വിടപറയലായിരുന്നു.

വാൽക്കഷണം:- ടൂർ ഓപ്പറേറ്റർ ആയിരുന്നെങ്കിൽ കൊച്ചിയിൽ നിന്ന് ഒരാഴ്ച്ച നീളുന്ന മധുരൈ, കാരൈക്കുടി, തഞ്ചാവൂർ യാത്ര കൊഴുപ്പിക്കേണ്ടത് എങ്ങിനെയാണെന്ന് എനിക്കിപ്പോൾ നന്നായറിയാം.