All posts by Manoj Ravindran

ബാലൻസ് ഷീറ്റ് – GIE 2025-2026 (നോർത്ത് ഈസ്റ്റ് യാത്ര)


22
2025 നവംബർ 23 മുതൽ, 105 ദിവസം നീണ്ടുനിന്ന GIE 2025-26, 2026 മാർച്ച് 07ന് അവസാനിച്ചു.

ഇത്രയും ദിവസം കൊണ്ട് നേടിയ കാര്യങ്ങളും സന്ദർശിച്ച ഇടങ്ങളും പഠിച്ച പാഠങ്ങളും, ചിലവുകളും ആറ്റിക്കുറുക്കി പങ്കുവെക്കുന്നു. ഈ യാത്രയുടെ ബാലൻസ് ഷീറ്റ് എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം.

* 16462 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. അതിൽ, മടക്കയാത്ര സമയത്ത് 300 കിലോമീറ്ററോളം അജു വാഹനം ഓടിച്ചു. ബാക്കിയെല്ലാം ഞാൻ തന്നെ ഡ്രൈവ് ചെയ്തു.

* ആകെ ചിലവ് പെട്രോൾ അടക്കം 2,17,982 രൂപ. അതായത്, ഒരു ദിവസത്തെ ശരാശരി ചിലവ് 2037 രൂപ. കഴിഞ്ഞ വർഷവും ശരാശരി 2000 രൂപയാണ് ചിലാവയത്.

* പെട്രോൾ, ഭക്ഷണം, താമസം, പ്രവേശന ടിക്കറ്റുകൾ, സ്പീഡ് ടിക്കറ്റുകൾ, എന്നിവയെല്ലാം ആദ്യത്തെ തുകയിൽ പെടും.

* പെട്രോളിന് മാത്രം ചിലവായത് 1,19,398 രൂപ. കഴിഞ്ഞ വർഷം ഡീസലിന് 1,52,571 രൂപ ചിലവായിരുന്നു. അത് 156 ദിവസത്തെ യാത്ര ആയിരുന്നു.

* ടോൾ ഇനത്തിലുള്ള ചിലവ് വലുതായി ലാഭിച്ചു. രാജ് മാർഗ്ഗ് യാത്ര എന്ന ആപ്പിലൂടെയാണ് ഈ ലാഭം ഉണ്ടാക്കിയത്. കഴിഞ്ഞ വർഷം 10405 രൂപ ടോൾ ഇനത്തിൽ ചിലവാക്കിയപ്പോൾ ഇപ്രാവശ്യം വെറും 3000 രൂപ മാത്രമാണ് വേണ്ടി വന്നത്. ആപ്പ് വഴി ഇനിയും 54 തവണ കൂടി ടോളുകൾ ഉപയോഗിക്കാം എന്ന ലാഭവും ബാക്കി നിൽക്കുന്നുണ്ട്.

* കൊൽക്കത്തയിലും ആസ്സാമിലെ കാസിരംഗയിലും 2000 രൂപ വീതം ട്രാഫിക് ഫൈൻ അടക്കേണ്ടി വന്നു. കൊൽക്കത്തയിലേത് പൊലീസുകാരുടെ പിടിച്ചുപറി ആയിരുന്നു. കാസിരംഗയിലേത്, അനിമർ കോറിഡർ & സ്പീഡ് സോൺ കഴിഞ്ഞോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ പറ്റാതെ ഞാൻ വേഗത കൂട്ടിയത് കൊണ്ട് സംഭവിച്ചതാണ്. (മൊത്തം ചിലവിൽ ഇത് രണ്ടും ഉൾപ്പെട്ടിട്ടുണ്ട്.)

* സോവനീറുകൾ വാങ്ങിയതിൻ്റെ ചിലവ് ഈ കണക്കിൽ പെടുത്തിയിട്ടില്ല. ഏകദേശം 35,000 രൂപ ആ ഇനത്തിൽ ചിലവാക്കിയിടുണ്ട്.

* ഇപ്രാവശ്യം പലയിടങ്ങളിൽ നിന്ന് പലപല സുഹൃത്തുക്കൾ സഹയാത്രികരായി ബൈക്കിലും കാറിലും എനിക്കൊപ്പം കൂടി. പലയിടങ്ങളിൽ അവർ പിരിഞ്ഞ് പോകുകയും ചെയ്തു. ഷൈനി Shyni TheRider, ഷഫീക്ക് Mohammed Shafeek , മിനി, ബീബിൾ Adv Beeble M A, ഗീതി സംഗീത Geethi Sangeetha , അജു Aju Vechoochira എന്നിവരായിരുന്നു അത്.

* മേൽപ്പറഞ്ഞ കാരണത്താൽ തന്നെ പല ദിവസങ്ങളിലും അവർക്കൊപ്പം ഹോട്ടൽ മുറികളുടെ ചിലവ് പങ്കുവെക്കേണ്ടി വന്നു. അതും കണക്കിൽ ചേർത്തിട്ടുണ്ട്. അതൊഴിച്ചുള്ള എല്ലാ ദിവസങ്ങളിലും ഭാഗിയിൽത്തന്നെയാണ് ഉറങ്ങിയത്.

* നാഗലാൻ്റിൽ ഒരു നാഗ കുടുംബത്തിൻ്റെ ആതിഥേയത്വം സ്വീകരിച്ച് ഒരു ദിവസം അവരുടെ വീട്ടിൽ ഉറങ്ങി.

* വാഹനം പോകാത്ത ഇടങ്ങളായ സുന്ദർബൻ, ലോക്ക് ടാക്ക് തടാകം എന്നിവിടങ്ങളിൽ ഹോട്ടലുകളിലും കോട്ടേജുകളിലും തങ്ങാതെ പറ്റില്ലായിരുന്നു.

* യാതൊരു വിധ അപകടങ്ങളോ Near Miss പോലുമോ ഇല്ലാതെ യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.

* കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. ഒരു ദിവസം കടുത്ത ശരീരം വേദന ഉണ്ടായിരുന്നു. അതിൻ്റെ കാരണം എന്തെന്ന് ഇപ്പോഴും അറിയില്ല. അന്ന് വിശ്രമിച്ചു. വെറുതെ വീട്ടിൽ ഇരുന്നാലും 105 ദിവസത്തിനിടെ ഒരിക്കൽ അനാരോഗ്യം ഉണ്ടായേക്കാം എന്നുള്ളപ്പോൾ ഇത്രയും നീണ്ട യാത്രയ്ക്കിടയിൽ ഒരു ദിവസം അനാരോഗ്യം ഉണ്ടായത് കണക്കാക്കേണ്ടതില്ലല്ലോ?

* ഒഡീഷ, വെസ്റ്റ് ബംഗാൾ, നാഗാലാൻ്റ്, അരുണാചൽ, ആസ്സാം, മണിപ്പൂർ, ത്രിപുര, മേഘാലയ, മിസ്സോറാം, ബീഹാർ എന്നീ 10 പുതിയ സംസ്ഥാനങ്ങളിൽ വാഹനം ഓടിച്ചു. ജിവിതത്തിൽ ഇതുവരെ മൊത്തം 20 ഇന്ത്യൻ സംസ്ഥാനങ്ങളിൽ വണ്ടി ഓടിക്കാൻ അവസരം കിട്ടിയിട്ടുണ്ട്.

* മോശം റോഡുകളിലൂടെ സഞ്ചരിച്ചത് കൊണ്ട് ഭാഗിക്ക് അല്ലറ ചില്ലറ പരിക്കുകൾ സംഭവിച്ചു.

1. അരുണാചലിലെ അനീനിയിലേക്കുള്ള യാത്രക്കിടയിൽ കല്ലടിച്ച് കൊണ്ട് മുൻ വശത്തെ ബമ്പറിൻ്റെ ഇടത് ഭാഗം ചളുങ്ങി.

2. പാർക്ക് ചെയ്തിട്ടിരുന്ന ഭാഗിയുടെ ഇടത് ഭാഗത്ത് ആരോ ചെറുതായി ഉരച്ച് പോയി.

* ഭാഗി രണ്ട് പ്രാവശ്യം പഞ്ചറായി. അരുണാചലിൽ വെച്ചും. മണിപ്പൂരിൽ വെച്ചും. രണ്ട് പ്രാവശ്യവും എനിക്ക് ടയർ മാറ്റേണ്ടി വന്നില്ല. ആദ്യത്തെ പഞ്ചർ ബാംഗ്ലൂർ മുതൽ അരുണാചൽ വരെ നീണ്ടു എന്നതാണ് തമാശ. മൂന്ന് ദിവസത്തിൽ ഒരിക്കൽ ടയറിൽ കാറ്റ് അൽപ്പാൽപ്പം കുറഞ്ഞിരുന്നത് പഞ്ചറാണെന്ന് മനസ്സിലാക്കാൻ, ആദ്യമായി ട്യൂബ് ലെസ്സ് ടയർ ഉപയോഗിക്കുന്നതിൻ്റെ പരിചയക്കുറവ് മൂലം എനിക്ക് കഴിഞ്ഞില്ല എന്നതാണ് കാരണം.

* ഭാഗിയിലെ ബയോ ടോയ്‌ലറ്റ് ഒരിക്കൽപ്പോലും ഉപയോഗിക്കേണ്ടി വന്നില്ല.

* തണുപ്പ് കൂടുതൽ ആയതുകൊണ്ട് അരുണാചലിലെ തവാങ്ങിലും, സിക്കിം സംസ്ഥാനത്തിലും പോകാനായില്ല. ആ യാത്ര പിന്നീടൊരിക്കലേക്ക് മാറ്റി വെക്കുന്നു. ആ പേരിൽ വീണ്ടും നോർത്ത് ഈസ്റ്റിലേക്ക് പോകാമല്ലോ!

* മണിപ്പൂരിൽ പോകുന്ന സമയത്ത് അവിടത്തെ പ്രശ്നങ്ങൾ ഒതുങ്ങിയിട്ടുണ്ടായിരുന്നു. പക്ഷേ ഏത് നിമിഷവും കുഴപ്പങ്ങൾ ഉണ്ടായേക്കാം എന്നാണ് ആ പ്രദേശങ്ങളിൽ വെച്ച് പരിചയപ്പെട്ട മലയാളി പട്ടാളക്കാർ പറഞ്ഞത്. അത് പോലെ തന്നെ സംഭവിച്ചു. ഞങ്ങൾ (മിനി, ബീബിൾ, അജു) മണിപ്പൂർ അതിർത്തിയിൽ നിന്ന് മിസ്സോറാമിലേക്ക് കടന്നതും അവിടെ ലഹള പൊട്ടിപ്പുറപ്പെട്ടു. രാഷ്ട്രപതി ഭരണം മാറി സംസ്ഥാന ഭരണം വന്നതിന് തൊട്ട് പിന്നാലെയാണ് പ്രശ്നങ്ങൾ വീണ്ടും തുടങ്ങിയത്.

* ഈ യാത്രയിൽ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളാണ് സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നിരുന്നാലും സിക്കിം സന്ദർശിച്ചിട്ടില്ല. പക്ഷേ വെസ്റ്റ് ബംഗാളിലും ഒഡീഷയിലും ചിലയിടങ്ങൾ സന്ദർശിക്കുകയും ചെയ്തു.

* നാഗാലാൻ്റ്, അരുണാചൽ, മേഘാലയ, ആസ്സാം, മിസ്സോറാം, ത്രിപുര, മണിപ്പൂർ, എന്നീ സംസ്ഥാനങ്ങൾ വിശദമായി സന്ദർശിച്ചു. എങ്കിലും വീണ്ടും ആ വഴിക്ക് പോകാൻ വേണ്ടി പലയിടങ്ങളും വിട്ട് പോന്നിട്ടുണ്ട്.

* ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാണ്മാർ (ബർമ്മ) എന്നീ രാജ്യങ്ങളുടെ പല അതിർത്തികൾ പലയിടങ്ങളിൽ സന്ദർശിച്ചു.

* അരുണാചലിലെ ഭൈരവ് കുണ്ഡിൽ നിന്ന് ഭൂട്ടാനിലേക്ക് കടന്ന് ആ രാജ്യത്തിൻ്റെ പ്രദേശത്ത് അൽപ്പദൂരം വാഹനമോടിക്കുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. ഭാഗിയുടെ ആദ്യത്തെ വിദേശ യാത്ര എന്ന് ഇതിനെ വിശേഷിപ്പിക്കാം.

* അക്രോഫോബിയ (ഉയരങ്ങളെ പേടി) ഉള്ള ആളായിടും അരുണാചലിലേയും മേഘാലയയിലേയും അപകടകരമായ പല ഉയരപ്പാതകളിലൂടെയും വാഹനം ഓടിച്ചു. ഷഫീക്കും അജുവും ആണ് അക്കാര്യത്തിൽ തുണയായതും ധൈര്യം പകർന്ന് നൽകിയതും. നോർത്ത് ഈസ്റ്റിലെ അനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതുന്ന കാര്യം പരിഗണനയിലുണ്ട്. ആ പുസ്തകം ഷഫീക്കിനും അജുവിനും സമർപ്പിക്കുന്നതായിരിക്കും.

* സഞ്ചാരികൾ പോകുന്നതും പോകാത്തതുമായ ഇടങ്ങൾക്കും ഗ്രാമങ്ങൾക്കും ഒപ്പം ഇന്ത്യയിലെ കോട്ടകൾ കൂടെ സന്ദർശിക്കുക എന്നതാണ് ഈ യാത്രയുടെ ഒരു പ്രധാന ലക്ഷ്യം. നോർത്ത് ഈസ്റ്റിൽ കോട്ടകൾ കുറവാണ്. ഉള്ള 7 കോട്ടകളും സന്ദർശിച്ചു. വിക്കിപീഡിയ ലിസ്റ്റ് പ്രകാരമുള്ളത് പലതും കോട്ടകളല്ല. ആ ലിസ്റ്റിൽ ഇല്ലാത്ത ബദൽപൂർ കോട്ടയും സന്ദർശിക്കാനായി. വിക്കിപീഡിയ ലിസ്റ്റ് വൈകാതെ തിരുത്തുന്നതാണ്. താഴെയുള്ളതാണ് നോർത്ത് ഈസ്റ്റിലെ കോട്ടകൾ.

1. കങ്കല (മണിപ്പൂർ)
2. ഇറ്റ നഗർ കോട്ട (അരുണാചൽ)
3. ബിസ്മാക്ക് നഗർ കോട (അരുണാചൽ)
4. ബദൽപൂർ ഗഡ് (ആസ്സാം)
5. തലാത്തൽ ഗഡ് (ആസ്സാം)
6. ഖൊനോമ (നാഗാലാൻ്റ്)
7. കച്ചാരി (നാഗാലാൻ്റ്)

* ഇന്ത്യയിലെ 800+ കോട്ടകളിൽ 169 കോട്ടകൾ കണ്ട് തീർത്തിരിക്കുന്നു. ഡോക്യുമെന്റ് ചെയ്തിരിക്കുന്നു. കണ്ടതെത്രയോ തുച്ഛം. കാണാത്തതെത്രയോ മിച്ചം എന്ന അവസ്ഥ.

* നാഗാലാൻ്റിലെ രണ്ടാമതും ഹോൺബിൽ ഫെസ്റ്റിവലിൽ (26.0) പങ്കെടുത്തു. ഓരോ വർഷം കഴിയുന്തോറും ആ ഉത്സവത്തിൻ്റെ മികവ് കൂടിക്കൊണ്ടിരിക്കുന്നു, മലയാളി സന്ദർശകരുടെ സാന്നിദ്ധ്യം കൂടിക്കൂടി വരുന്നു.

* അരുണാചലിലെ ഡോൺ വാലിയിലെ സൺറൈസ് ഫെസ്റ്റിവലിൽ (1.0) പങ്കെടുത്തു. ഇത് ആദ്യത്തെ എഡിഷൻ ആയിരുന്നു; പരാജയവും ആയിരുന്നു. വരും നാളുകളിൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം,

* അരുണാചലിലെ പൈനാപ്പിൾ ഫെസ്റ്റിവലിൽ (3.0) പങ്കെടുത്തു.

* ഒരുപാട് പട്ടാള ക്യാമ്പുകളിലൂടെ കടന്നുപോയി. ധാരാളം മലയാളി പട്ടാളക്കാരെ പരിചയപ്പെട്ടു.

* വിശാഖപട്ടണത്ത് രാജേഷിൻ്റെ Rajesh Ramachandran വീട്ടിലും കൊൽക്കത്തയിൽ ജാവേദിൻ്റെ Javed Parvesh വീട്ടിലും പാസിഗഡിൽ സന്ധ്യയുടെ Sandhya Benny Sandhya ആതിഥിയായും മിസോറാമിൽ ഉമയുടെ Uma Abhilash അതിഥിയായും കൂടി. നാല് പേർക്കും ഒരുപാട് നന്ദി.

* ആസ്സാമിലെ ഗോഹാട്ടിയിലൂടെ മൂന്ന് പ്രാവശ്യത്തോളം കടന്ന് പോയി. അപ്പോഴെല്ലാം സൗത്ത് പോയൻ്റ് സ്ക്കൂളിൻ്റെ ക്യാമ്പസിൽ ആണ് തങ്ങിയത്. ഹോസ്റ്റൽ വാർഡൻ ജൂലിയറ്റ് മാഡം, ഒരു കുടുംബാംഗത്തെപ്പോലെയാണ് എനിക്ക് സൗകര്യങ്ങളും ഭക്ഷണവും ഒരുക്കിയത്. ഇപ്പോഴും അവർ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്.

* ജൂലിയറ്റ് മാഡത്തിൻ്റെ സഹായത്തോടെ ജീവിതത്തിൽ ആദ്യമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം ഗോഹാട്ടിയിൽ കാണാനായി. ഇന്ത്യയും ന്യൂസിലാൻ്റും തമ്മിലുള്ള ആ T20 മത്സരത്തിൽ സഞ്ജു സാംസൺ പെട്ടെന്ന് പുറത്തായെങ്കിലും കേരളം കണ്ട എക്കാലത്തേയും വലിയ ക്രിക്കറ്ററായി മാറിയിരിക്കുന്ന സഞ്ജുവിനെ മൈതാനത്ത് കാണാനായി എന്നത് വലിയ കാര്യമായിത്തന്നെ നെഞ്ചേറ്റുന്നു. ജൂലിയറ്റ് മാഡത്തിന് പ്രത്യേകം നന്ദി.

* മേഘാലയ ചീഫ് സക്രട്ടറിയും മലയാളിയുമായ ഷക്കീൽ സാറിനെ സന്ദർശിച്ചു. അദ്ദേഹം നൽകിയ അത്താഴ വിരുന്ന് ആസ്വദിച്ചു. ഷക്കീൽ സാറിനും കുടുംബത്തിനും നന്ദി. അദ്ദേഹവുമായി ബന്ധപ്പെടുത്തി തന്നതിന് സുനിലിനും Sunil Prabhakar നന്ദി.

* സ്ഥിരമായി മോട്ടോർ ഹോമിൽ യാത്ര ചെയ്യുന്ന രണ്ട് പേരെ പരിചയപ്പെട്ടു. ഒരാൾ ഭോപ്പാലുകാരനും മറ്റൊരാൾ മംഗലാപുരത്തുകാരനുമാണ്. മോട്ടോർ ഹോം സഞ്ചാരികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കണമെന്ന് അതിയായ ആഗ്രഹം ഉടലെടുത്തു. പോകുന്ന ഇടങ്ങളിലെല്ലാം ഈ കൂട്ടായ്മകളിൽ ഉള്ളവർക്ക് പരസ്പരം സഹായങ്ങൾ ചെയ്യാനാകുന്ന വിധത്തിൽ ഒന്ന്. ഇന്ത്യയിൽ കാരവൻ ടൂറിസം വ്യാപകമായാൽ മാത്രമേ ഇതെല്ലാം സാദ്ധ്യമാകൂ.

* മേൽപ്പറഞ്ഞ ആശയം ഉടലെടുത്തത് നോർത്ത് ഈസ്റ്റിൽ ധാരാളമായുള്ള ബൈക്കേർസ് ക്ലബ്ബുകൾ കണ്ടിട്ടാണ്. അവർ ഇത്തരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ധാരാളം ഇടങ്ങളിൽ ബൈക്കേർസിൻ്റെ ആതിഥേയത്വം സ്വീകരിച്ച് തങ്ങാൻ കഴിഞ്ഞു. അതിന് പ്രത്യേകമായി നന്ദി പറയേണ്ടത് തിരുവനന്തപുരത്ത് നിന്നുള്ള ബൈക്കർ ഷൈനിയോടാണ്. ഒരുപാട് ദിവസം ഞങ്ങൾ ഒരുമിച്ച് സഞ്ചരിച്ചിരുന്നു.

* GIE യാത്രയിൽ മദ്യപാനം പാടില്ല എന്നത് ഒരു സ്ഥിരം പോളിസി ആണെങ്കിലും, നോർത്ത് ഈസ്റ്റിലെ പലപല ഗോത്രവർഗ്ഗക്കാരുടെ മദ്യങ്ങൾ രുചിക്കുകയുണ്ടായി. ‘അതിനെ മദ്യപാനമായി കണക്കാക്കേണ്ടതില്ല; വ്യത്യസ്ത നാടുകളിൽ വിവിധ ഭക്ഷണങ്ങൾ രുചിക്കുന്നത് പോലെ കണക്കാക്കിയാൽ മതി’ എന്നാണ് സ്വയം ബോധിപ്പിക്കാനുള്ളത്. മറ്റാരേയും ബോധിപ്പിക്കാനുമില്ല.

* ഉപയോഗിച്ച വസ്ത്രങ്ങൾ, പാചകം ചെയ്ത ദിവസങ്ങൾ, കുളി മുടങ്ങിയ ദിവസങ്ങൾ, ഡാറ്റ ബാക്ക് അപ്പ്, എന്നിങ്ങനെ മറ്റ് ഒരുപാട് കാര്യങ്ങൾ കഴിഞ്ഞ വർഷത്തെ ബാലൻസ് ഷീറ്റിൻ്റെ ആവർത്തനമാണ്. കഴിഞ്ഞ വർഷത്തെ ബാലൻസ് ഷീറ്റ് വായിക്കണമെങ്കിൽ ഈ ലിങ്ക് വഴി പോയാൽ മതി. http://niraksharan.in/?p=9853

* ‘നോർത്ത് ഈസ്റ്റ് ഒരുപാട് പ്രശ്നങ്ങൾ ഉള്ള സ്ഥലമല്ലേ?’ എന്ന് പലരും ചോദിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ പ്രശ്നമുള്ള പല സ്ഥലങ്ങളും ഉണ്ടാകാം. പക്ഷേ നോർത്ത് ഈസ്റ്റിൽ അങ്ങനെയില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ പോലും എനിക്ക് അനുഭവമുണ്ടായില്ല. ഭാഷയുടെ പ്രശ്നം ഉണ്ടായിട്ടുണ്ട് എന്നതൊഴിച്ചാൽ മനുഷ്യർ ഒരിടത്തും പ്രശ്നക്കാരായി വന്നില്ല എന്ന് മാത്രമല്ല, സഹായം ചെയ്ത് തന്നവർ തന്നെ ആയിരുന്നു എല്ലാവരും. നോർത്തിൽ ഈസ്റ്റിൽ പലയിടത്തും ഹിന്ദി ചിലവാകില്ല.

* ഈ 105 ദിവസങ്ങളിലും ഫേസ്ബുക്കിൽ എൻ്റെ യാത്രാക്കുറിപ്പുകളും റീലുകളും വിടാതെ പിന്തുടർന്നവർ നിരവധിയാണ്. അവർക്കെല്ലാം എൻ്റെ പ്രത്യേകം നന്ദി. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഒന്നോ രണ്ടോ ആഴ്കകൾക്കപ്പുറം ഇതൊന്നും വായിക്കാനോ പടങ്ങൾ കാണാനോ പോലും പറ്റില്ലായിരുന്നു. നാട്ടിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന തിരക്കുകളും അനാവശ്യ തിരക്കുകളും വല്ലാതെ പിന്നോട്ടടിപ്പിക്കും. അതുകൊണ്ട് തന്നെയാണ് ഇത് എല്ലാ ദിവസവും എന്നെ വായിച്ചവരോട് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹമുള്ളത്.

* ഇതൊന്നും യാത്രാവിവരണമായി സ്വയം ഞാൻ തന്നെ കണക്കാക്കുന്നില്ല. ഇതിൽ കാവ്യഭംഗിയോ സ്ഥലകാലവർണ്ണനയോ യാത്രയുടെ ആവേശമോ വാരി വിതറിയിട്ടില്ല. ഞാൻ അങ്ങോട്ട് പോയി, ഇങ്ങോട്ട് പോയി, അത് കണ്ടു, ഇത് കണ്ടു എന്നിങ്ങനെയുള്ള വെറും വരികൾ മാത്രമായിരുന്നു. അതിൽക്കൂടുതൽ ഭംഗി പിടിപ്പിച്ച് എഴുതണമെങ്കിൽ കൂടുതൽ സമയം വേണം കൂടുതൽ അക്ഷരങ്ങളും വേണം. അതില്ലാത്തത് കൊണ്ടാണല്ലോ ഈയുള്ളവൻ നിരക്ഷരൻ ആകുന്നത്!

* ഈ കുറിപ്പുകളിൽ, പല കാരണങ്ങൾ കൊണ്ടും പരസ്യമായി എഴുതി വെക്കാൻ പറ്റാത്ത പല കാര്യങ്ങളും എൻ്റെ ഡയറിയിലാണ് നിത്യേന കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ എഴുതിയതും ഡയറിയും ചേർത്ത്, മൃതപ്രായമാകുമ്പോൾ വായിച്ചാൽ എനിക്ക് തന്നെ വായിച്ച് രസിക്കാനുള്ളത് ഉണ്ടാകും. അതിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം സംയോജിപ്പിച്ച്, ചില നല്ല അനുഭവങ്ങളും ചില ഗംഭീര മനുഷ്യരേയും ചേർത്ത് വെച്ച് പുസ്തകരൂപത്തിൽ ചിലപ്പോൾ പ്രസിദ്ധീകരിച്ചേക്കാം. പക്ഷേ, യാതൊരു ഉറപ്പുമില്ല. അത്രയും സമയം ഉണ്ടെങ്കിൽ വേറെ എവിടെയൊക്കെ യാത്ര പോകാം എന്നാണെൻ്റെ ചിന്ത. അഥവാ മേൽപ്പറഞ്ഞ പോലെ ഒരു പുസ്തകം വന്നാലും അത് ആവശ്യമുള്ളവർക്ക് മാത്രമായി പ്രിൻ്റ് ഓൺ ഡിമാൻ്റ് (POD) ആയിരിക്കും.

* ഈ യാത്ര വായിച്ച് കൂടെ നിന്നവർക്കും, താമസവും ഭക്ഷണവുമൊക്കെ നൽകി നേരിട്ട് കൂടെ നിന്നവർക്കുമെല്ലാം ഉള്ളിൻ്റെ ഉള്ളിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. GIE യാത്രയും ഓൺലൈൻ വെറുപ്പിക്കലും തുടരും. ഇനിയും കൂടെയുണ്ടാകണം. രക്ഷപ്പെടാനുള്ളവർക്ക് രക്ഷപ്പെടുകയും ആവാം.

* ഓരോ യാത്ര കഴിഞ്ഞ് വരുമ്പോഴും ലോകം വലുതാകുകയും ഞാൻ ചെറുതാകുകയും ചെയ്യുന്നുണ്ട്. കണ്ടയിടങ്ങളേക്കാൾ അധികം കാണാത്ത ഇടങ്ങളാണെന്ന ബോദ്ധ്യവും ഉണ്ട്. ഇപ്പോൾ ഉള്ളത് പോലെ തന്നെയുള്ള ആരോഗ്യം തുടർന്നും ഉണ്ടായാൽ, അപ്പേരിൽ ആയുസ്സ് അൽപ്പം കൂടെ നീട്ടിക്കിട്ടിയാൽ, മനഃപ്പൂർവ്വം മറന്ന് വെച്ചിരിക്കുന്ന കുട എടുക്കാൻ, ഈ പോയ സംസ്ഥാനങ്ങളിൽത്തന്നെ എത്രയോ ഇടങ്ങളിൽ ഇനിയും പോകാനുണ്ട്.

* കഴിഞ്ഞ വർഷത്തെ യാത്രയിൽ ജയ്പൂരിൽ വച്ച് മഞ്ജുവിന്റെ Manju Pareek മകൾ ഖുശി, ആ യാത്രയെ രണ്ട് വാചകത്തിൽ നിർവ്വചിക്കാൻ എന്നോട് ആവശ്യപ്പെട്ടു.

വാചകം1:- ഇത്തരം ഒരു യാത്ര ചെയ്യുന്നതോടെ ഒരാൾ മിനിമലിസ്റ്റായി മാറിത്തുടങ്ങുന്നു.

വാചകം 2:- അഹം എന്ന സംഭവം ജീവിതത്തിൽ നിന്ന് ചെറിയ തോതിലെങ്കിലും പടിയിറങ്ങാൻ തുടങ്ങുന്നു.

* ഈ വർഷം എനിക്ക് നേരെ അത്തരത്തിൽ ഉയർന്ന ഒരു വലിയ ചോദ്യം, കുറച്ച് ദിവസം സഹയാത്രികയായി ഉണ്ടായിരുന്ന തിരുവനന്തപുരത്തുകാരി ബീബിളിൻ്റേതാണ്. ആ ഗംഭീര ചോദ്യം ഇങ്ങനെയായിരുന്നു.

“നമ്മുടെ പൂർവ്വികർ നമുക്കായി അവശേഷിപ്പിച്ച് പോയ പലതുമാണ് ഇന്ന് നമുക്കുള്ള ഈ കാഴ്ച്ചകളായി മാറിയിരിക്കുന്നത്. നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി അത്തരത്തിൽ നമ്മളെന്ത് കാഴ്ച്ചയാണ് ബാക്കി വെച്ചിട്ട് പോകുന്നത്?”

ഇതുവരെ അങ്ങനെയൊന്നും വരും തലമുറയ്ക്ക് ഉതകുന്ന കാഴ്ച്ചയായി സംഭാവന ചെയ്തിട്ടില്ല എന്ന വസ്തുത അപ്പോഴാണ് ഞെട്ടലോടെ മനസ്സിലാക്കിയത്.

മരങ്ങൾ വെച്ച് പിടിപ്പിക്കാൻ നടക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക്, നമ്മുടെ നാട്ടിലോ എൻ്റെ വരുതിയിലോ ഉള്ള ഏതെങ്കിലും ഒരിടത്ത്, ഒരു റൂട്ട് ബ്രിഡ്ജ് അഥവാ വേരുപാലം ഉണ്ടാക്കി വെച്ച് മണ്ണടിയാൻ പറ്റുമോ എന്ന ഒരു ആലോചന ബീബിളിൻ്റെ ആ ചോദ്യത്തിന് ഉത്തരമായി ആലോചനയിലുണ്ട്.

അങ്ങനെയൊരു പാലം ഉണ്ടായി വരാൻ പതിറ്റാണ്ടുകൾ എടുത്തെന്ന് വരും. അതിലൂടെ ഒന്ന് നടക്കാൻ ഞാൻ ജീവനോടെ ഉണ്ടാകണമെന്നില്ല. പക്ഷേ, തുടങ്ങിക്കൊടുത്താൽ എൻ്റെ കാലശേഷവും വളർന്ന് വരാൻ ആ പാലത്തിന് കഴിയും. കേരളത്തിൽ അത്തരത്തിൽ നൂറ് കണക്കിന് പാലങ്ങൾക്ക് സാദ്ധ്യതയുണ്ട്.

വാൽക്കഷണം:- ഓരോ യാത്രയും കഴിയുമ്പോൾ അതുകൊണ്ട് മറ്റൊരാൾക്കെങ്കിലും എന്തെങ്കിലും ഒരു ചെറിയ പ്രയോജനം ഉണ്ടാകണം. അഥവാ, ഒരു ചെറിയ പാലം, യാത്രികനും മറുവശത്ത് നിൽക്കുന്നവർക്കും ഇടയിൽ വളർന്ന് വരണം. അപ്പോഴാണ് ആ യാത്ര നിസ്വാർത്ഥമായി മാറുന്നത്.

നന്ദി. സസ്നേഹം
നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)

#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#balancesheet