
16000 മില്ല്യൺ ഡോളർ വാങ്ങിയ ശേഷം കേരളത്തിൽ ഫുട്ബോൾ കളിക്കാൻ വരാതെ മെസ്സി പറ്റിച്ചെന്ന് നമ്മുടെ സംസ്ഥാന സ്പോർട്സ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമിൻ്റെ പ്രസ്താവന വന്നിരിക്കുന്നു.
ഇന്നത്തെ ഡോളർ നിരക്ക് (92.74) വെച്ച് കണക്കു കൂട്ടിയപ്പോൾ 16000 മില്യൺ ഡോളർ എന്നാൽ ’148384 കോടി’ രൂപ എന്നാണ് ഞാൻ മനസ്സിലാക്കിയത്.
ഈ കണക്ക് പ്രകാരം ചില കാര്യങ്ങൾ പറയാനുമുണ്ട്.
a)1 Million = 10,000,00
1 Billion = 1000 Million
ഈ കണക്ക് ശരിയല്ലേ?
b) അങ്ങനെയാണെങ്കിൽ 16000 മില്ല്യൻ ഡോളർ എന്നാൽ (16000/1000) 16 ബില്ല്യൻ ഡോളർ അല്ലേ?
c) ഗൂഗിൾ ചെയ്തപ്പോൾ മെസ്സിയുടെ ആസ്തി 850 മില്ല്യനും 1 ബില്ല്യനും ഇടയിലാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. (ജീവിക്കാൻ വകയില്ലാത്ത ഒരു ചെറുപ്പക്കാരൻ അല്ലേ? നമുക്ക് ഇത് തൽക്കാലം പരമാവധി തുകയായ 1 ബില്ല്യൻ തന്നെ ആയി കണക്കാക്കാം)
d) മന്ത്രി പറയുന്നത് സത്യമാണെങ്കിൽ, മെസ്സിയുടെ മൊത്തം ആസ്തിയുടെ 16 ഇരട്ടി തുക, ഈ കൊച്ചു കേരളത്തിൽ വന്ന് നാലോ അഞ്ചോ കളികൾ കളിക്കാൻ വേണ്ടി മെസ്സിക്ക് കൊടുത്തിരിക്കുന്നു. എന്നിട്ട് കളിക്കാൻ വരാതെ മെസ്സി കേരളത്തെ പറ്റിച്ചിരിക്കുന്നു.
e) ഒരു കളിക്കാരനെ, (അയാൾ ഇനി ഏത് ലോകോത്തര കളിക്കാരൻ ആയാലും) കുറച്ചു കളികൾക്കായി കേരളത്തിൽ കൊണ്ടുവരാൻ, അയാളുടെ മൊത്തം ആസ്തിയുടെ 16 ഇരട്ടി ചിലവാക്കേണ്ടി വരുമോ? ഇല്ല എന്നാണ് എന്റെ ബോദ്ധ്യം.
f) കേരളത്തിന്റെ 2025ലെ GDP 157 ബില്ല്യൻ ഡോളർ എന്നാണ് ഗൂഗിൾ പറയുന്നത്. (ശരിയല്ലെങ്കിൽ തിരുത്താം.)
g) കേരളത്തിൻ്റെ പൊതുകടം ഏകദേശം 6 ലക്ഷം കോടി രൂപയാണ്. അപ്പോഴാണ് മെസ്സിക്ക് 148384 കോടി രൂപ, പുഷ്പം പോലെ മന്ത്രിയും ട്രീ കട്ടർ കള്ളന്മാരും കൂടെ കൊടുത്തിരിക്കുന്നത്. ഹോ സമ്മതിച്ചിരിക്കുന്നു.
h) അതായത്, മെസ്സിയെ കേരളത്തിൽ കളിക്കാൻ കൊണ്ടുവരാനായി കേരളത്തിന്റെ GDPയുടെ പത്തിൽ ഒന്ന് തുക എടുത്ത് കൊടുത്തിരിക്കുന്നു ഈ മന്ത്രി പുംഗവൻ. ഇത് നമ്മൾ വിശ്വസിക്കണം എന്നാണോ? ഞാൻ വിശ്വസിക്കുന്നില്ല. കാരണം മന്ത്രിയുടെ കണക്ക് തെറ്റാണ്. മന്ത്രിയെ കണക്ക് പഠിപ്പിച്ച അധ്യാപകർക്ക് ചീത്തപ്പേര് ഉണ്ടാക്കരുത്.
i) അങ്ങനെയെങ്കിൽ സത്യത്തിൽ മെസ്സിക്ക് കൊടുത്ത തുക എത്ര? ആ കണക്ക് അണ പൈ വിടാതെ കേരള ജനതയെ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രമേ വി. അബ്ദുറഹിമാൻ എന്ന മാന്യദേഹത്തിന് വോട്ട് ചെയ്യാൻ പാടുള്ളൂ എന്നാണ് തിരൂരിലെ വോട്ടർമാരോട് എന്റെ അഭ്യർത്ഥന.
j) ഒന്നുകിൽ മന്ത്രി നട്ടാൽ കുരുക്കാത്ത കള്ളം പറയുന്നു. മന്ത്രി സത്യമാണ് പറയുന്നതെങ്കിൽ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയുടെ കാരണം പകൽപോലെ വ്യക്തമാണ്. അതുമല്ലെങ്കിൽ മന്ത്രിക്ക് കണക്ക് ലവലേശം അറിയില്ല. ഇതിൽ എതായാലും ഇങ്ങനെയൊരു MLAയെ നിങ്ങൾക്ക് ആവശ്യമുണ്ടോ തിരൂരുകാരെ? അഞ്ച് കൊല്ലം വീട്ടിലിരുന്ന് കണക്ക് പഠിക്കാനുള്ള അവസരം ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ വി. അബ്ദുറഹിമാന് ചെയ്തു കൊടുക്കുക.
k) മന്ത്രി പറയുന്നത് കളവാണ്. ഇത് മെസ്സിക്കെതിരെയുള്ള ഗുരുതരമായ ആരോപണവുമാണ്. മെസ്സി ഒരു കേസ് കൊടുത്താൽ മന്ത്രിക്ക് ശിഷ്ടകാലം കോടതി കയറിയിറങ്ങാനുള്ള വകുപ്പായി.
l) മെസ്സിയെ കേരളത്തിൽ കൊണ്ടുവരാൻ നടന്ന കൂട്ടത്തിൽ മരംവെട്ട് കേസിലെ പ്രതികൂടെയായ ചാനൽ മുതലാളിയും മുൻനിരയിൽ ഉണ്ട്. ഇപ്പേരും പറഞ്ഞ് ഇവന്മാർ എല്ലാവരും കൂടെ തുലച്ചതും കട്ടതും എത്ര കോടികൾ ആണെന്ന കണക്ക് വെക്കാൻ കേരള ജനത ആവശ്യപ്പെടണം. ആറ്റിൽ കളഞ്ഞാലും അളവ് വേണമെന്നാണ് ചൊല്ല്.
വാൽക്കഷണം:- മിശിഹായേ നീയിത് വല്ലതും അറിയുന്നുണ്ടോ? എല്ലാവർക്കും ഈസ്റ്റർ ആശംസകൾ!