
2026-ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഞാനെന്ന പൗരൻ മുന്നോട്ട് വെക്കുന്ന ജനാധിപത്യ ആവശ്യങ്ങൾ.
ജനാധിപത്യത്തിൽ പൗരൻ ആണ് രാജാവ്. പൗരൻ തെരഞ്ഞെടുക്കുന്ന ഭരണാധികാരികൾ മാത്രമാണ് മന്ത്രിമാർ.
പക്ഷേ ഈ യാഥാർത്ഥ്യം നമ്മളെല്ലാം മറന്നു കഴിഞ്ഞിരിക്കുന്നു. എന്നിട്ട് മന്ത്രിമാരുടെ മുന്നിൽ രാജാവ് ഓച്ഛാനിച്ച് നിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
അത് ശരിയാകില്ല. അതിന് മാറ്റം വരണം. കുറഞ്ഞ പക്ഷം തെരഞ്ഞെടുപ്പ് കാലങ്ങളിലെങ്കിലും പൗരർക്ക് ഇക്കാര്യം ബോദ്ധ്യം വരണം. നമ്മുടെ മന്ത്രിമാർ ആകാൻ പോകുന്നവരെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തുകയും വേണം.
അങ്ങനെയുള്ള ഒരു ചിന്തയുടെ തുടർച്ചയായി, ഒരു പൗരൻ എന്ന നിലയ്ക്കും ഒരു നികുതി ദായകൻ എന്ന നിലയ്ക്കും, ഞാൻ മുന്നോട്ട് വെക്കുന്ന ചില ഭരണമാറ്റ നിർദ്ദേശങ്ങളാണ് ചുവടെ ചേർക്കുന്നത്.
ഈ ലിസ്റ്റിലേക്ക് എഴുതി ചേർക്കാൻ നിങ്ങൾക്കും ഉണ്ടാകാം ധാരാളം കാര്യങ്ങൾ. ഒരു ലിസ്റ്റ് നിങ്ങളും ഉണ്ടാക്കി പ്രചരിപ്പിക്കൂ. അത് ഈ സ്ഥാനാർത്ഥികൾക്കും അവരുടെ പാർട്ടികൾക്കും നേതാക്കന്മാർക്കും ഇടയിലേക്ക് എത്തട്ടെ.
ഇതിനൊക്കെ വേണ്ടി ആകണം സോഷ്യൽ മീഡിയ ഉപയോഗിക്കേണ്ടത്. അല്ലാതെ മന്ത്രിമാർ ആകാൻ പോകുന്നവരുടെ പക്ഷം പിടിച്ച്, രാജാവ് കീ ജയ് വിളിക്കുന്നത് കണ്ടുനിൽക്കാൻ ഒരു ശേലുമില്ല.
ഇനി എൻ്റെ ആവശ്യങ്ങളിലേക്ക് കടക്കാം.
1. മന്ത്രിമാരുടെ പേർസണൽ സ്റ്റാഫ് അംഗങ്ങളെ മറ്റ് സംസ്ഥാനങ്ങളിലേതിന് ആനുപാതികമായി നിജപ്പെടുത്തുക. അവരുടെ വിദ്യാഭ്യാസ യോഗ്യത ബിരുദാനന്തര ബിരുദമാക്കി നിജപ്പെടുത്തുക.
2. മന്ത്രിമാരുടെ പേർസണൽ സ്റ്റാഫ് അംഗങ്ങൾക്ക് ആജീവനാന്തകാലം പെൻഷൻ എന്ന പദ്ധതി അവസാനിപ്പിക്കുക.
3. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലേയും സ്വത്ത് വിവരങ്ങൾ ഓഡിറ്റ് നടത്തുക, അത് ഗസറ്റിൽ പ്രസിദ്ധീകരിക്കുക.
4. ശബരിമല അടക്കമുള്ള ആരാധനാലയങ്ങളിൽ മോഷണം നടത്തിയവർക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ സ്വതന്ത്ര ഏജസികളെ ചുമതലപ്പെടുത്തുക.
5. വി.ഐ.പി.കൾ വരുമ്പോൾ റോഡും പരിസരങ്ങളും നന്നാക്കി മോടി പിടിപ്പിക്കുന്ന പരിപാടി അവസാനിപ്പിക്കുക. ആ സ്ഥലത്തിൻ്റെ അതുവരെയുള്ള അവസ്ഥയാണ് വി.ഐ.പി. കൾ കാണേണ്ടത്. ഇപ്പറഞ്ഞ വി.ഐ.പി, രാജാവായ നമ്മൾ പൗരന്മാരുടെ പ്രതിനിധികൾ മാത്രമാണ്. രാജാവിന് ഇല്ലാത്ത ഒരു വഴിയും പാലവും മന്ത്രിമാർക്കും പ്രതിനിധികൾക്കും ആവശ്യമില്ല.
6. റോഡിൽ ഒരു കുഴി വരുമ്പോൾത്തന്നെ അത് അടക്കാനുള്ള സ്ഥിരം സംവിധാനം PWDയിൽ ഉണ്ടാക്കുക. റോഡ് പൂർണ്ണമായും തകർന്നതിന് ശേഷം ടെൻഡർ വിളിച്ച് അത് പണിത് കാശടിക്കുന്ന പരിപാടിക്ക് അന്ത്യം കുറിക്കുക.
7. ടെൻഡർ വിളിക്കാതെ ഒരു പൊതു ആവശ്യത്തിനും പണം ചിലവഴിക്കാൻ പാടില്ല എന്ന നിയമം കർശനമാക്കുക. (അതെ.. ഊരാലുങ്കൾ പോലുള്ള കമ്പനികൾക്ക് ടെൻഡർ ഇല്ലാതെ കിട്ടിയ ജോലികൾ തന്നെയാണ് ഉദ്ദേശിച്ചത്.) അത്തരത്തിൽ നടന്നിട്ടുള്ള എല്ലാ പൊതുമരാമത്ത് പണികൾക്കും എതിരെ അന്വേഷണം നടത്തുക. അത്തരം കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തി കെട്ടുകെട്ടിക്കുക.
8. ചീഫ് സക്രട്ടറി അടക്കം ഭരണതലത്തിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പള വർദ്ധനവ് തീരുമാനിക്കാനുള്ള അവകാശവും അധികാരവും മന്ത്രിസഭയുടേത് ആക്കുക. ചീഫ് സക്രട്ടറി ജയ്തിലക് സ്വന്തം ശമ്പളം സ്വയം കൂട്ടിയെഴുതി നടപ്പിലാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് ഈ നിയമ മാറ്റം ആവശ്യപ്പെടുന്നത്.
9. മതിയായ കാരണങ്ങൾ ഇല്ലാതെയുള്ള താൽക്കാലിക നിയമനങ്ങൾ ഒഴിവാക്കുക. താൽക്കാലിക നിയമനങ്ങൾ ഒരു കാരണവശാലും ഒരു വർഷത്തിൽ കൂടുതൽ തുടരരുത്. താൽക്കാലിക നിയമനങ്ങൾ ഒരു കാരണവശാലും സ്ഥിരപ്പെടുത്തരുത്.
10. ഇന്ധനതിന് അതിൻ്റെ വിലയും നികുതിയും കേരള ജനത നൽകുന്നുണ്ട്. അതിന്മേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന സെസ്സ് നീക്കം ചെയ്യുക. ഭാവിയിലും അത്തരത്തിൽ ഇതര നികുതികൾ ഇന്ധനത്തിൽ ഏർപ്പെടുത്താൻ പാടില്ല.
11. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ലക്ഷങ്ങൾ ചിലവഴിച്ച് വാടകയ്ക്ക് എടുത്തിരിക്കുന്ന ഹെലികോപ്റ്റർ തിരിച്ച് നൽകുക. ഇത്തരം ധൂർത്തുകൾ ഒഴിവാക്കുക.
പല ആവശ്യങ്ങളും മറന്നു പോയിരിക്കുന്നു. ഓർമ്മ വരുന്ന മുറയ്ക്ക് അതെല്ലാം എഴുതി ചേർക്കുന്നതാണ്. നിങ്ങളിൽ പലരും ഇതിലേക്ക് കൂട്ടിച്ചേർക്കുന്ന നിർദ്ദേശങ്ങൾ എനിക്ക് സ്വീകാര്യമെങ്കിൽ, നിങ്ങളുടെ അനുമതിയോടെ അതും ഈ ലിസ്റ്റിൽ ചേർക്കുന്നതാണ്.
ഈ ലിസ്റ്റിന് demands from citizen the king എന്ന് ഹാഷ് ടാഗ് നൽകുന്നു. അതിനോട് യോജിക്കുന്നെങ്കിൽ അതേ ഹാഷ് ടാഗ് നിങ്ങൾക്ക് തുടരാം. അല്ലെങ്കിൽ തത്തുല്ല്യമായ മറ്റൊരു ഹാഷ് ടാഗ് ആകാം. അതെന്തായാലും ഇത്തരം പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ജനാധിപത്യം ശക്തമായിത്തന്നെ നിലനിൽക്കണം. തുടർന്ന് പോകുന്ന പല ഭോഷ്ക്കുകളും ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.
#demandsfromcitizentheking