യാത്രാവിവരണങ്ങൾ

കൊൽക്കത്ത, കാനിങ് ഹൗസ് & സുന്ദർബൻ GIE 2025-2026 Days # 91, 92, 93, 94, 95) Feb 27, 28, Mar 1, 2, 3)


22
ഫെബ്രുവരി 27:- രാവിലെ 7 മണിക്ക്, കൊച്ചിയിലേക്കുള്ള വിമാനം പിടിക്കാനായി ഗീതിയെ എയർപോർട്ടിൽ കൊണ്ടുചെന്ന് ആക്കിയ ശേഷം അജുവും ഞാനും കൊൽക്കത്തയിലേക്ക് തിരിച്ചു. 13 മണിക്കൂർ സഞ്ചരിച്ച് (630 കിലോമീറ്റർ) ബംഗാളിലെ ഇത്തഹാർ എന്ന സ്ഥലത്ത് ചെന്ന് രാത്രി ഒരു ധാബയുടെ മുന്നിൽ തങ്ങി. ആ വഴിക്ക് കുറച്ച് മുള ഉൽപ്പന്നങ്ങൾ വാങ്ങി. അതിനിടയ്ക്ക് ബീഹാറിൻ്റെ ഒരു ഭാഗത്ത് കൂടെ 50 കിലോമീറ്ററിൽ താഴെ ഭാഗിയെ നയിച്ചു. വാഹനം ഓടിക്കുന്ന ഇരുപതാമത്തെ സംസ്ഥാനം.

ഫെബ്രുവരി 28:- രാവിലെ 7 മണിയോടെ കൊൽക്കത്തയിലേക്കുള്ള യാത്ര തുടർന്നു. 8 മണിക്കൂർ യാത്ര. 415 കിലോമീറ്റർ യാത്ര. രാത്രി ന്യൂ ടൗണിൽ ഡ്രീം പാലസ് ഹോട്ടലിൽ തങ്ങി. അജുവിന് അടുത്ത ദിവസം സൗത്ത് കൊൽക്കത്ത റൈഡേർസിൻ്റെ ഒരു സമ്മേളനത്തിൽ പങ്കെടുക്കേണ്ടതുണ്ട്. ഹോട്ടലും ഭക്ഷണം ഏർപ്പാട് ചെയ്തിരിക്കുന്നത് അവരാണ്.

മാർച്ച് 1:- രാവിലെ നീട്ടി വിശ്രമിച്ച ശേഷം അജു ബൈക്കേഴ്സിന്റെ സമ്മേളനത്തിന് പോയി. ഞാൻ ആ സമയത്ത് നഗരത്തിൽ ഭാഗിയുമായി ഇറങ്ങി. ബഡാ (ബാര) മാർക്കറ്റ് കണ്ടുപിടിക്കുക ആയിരുന്നു ലക്ഷ്യം. പക്ഷേ നഗരത്തിലെ തിരക്കിലും പരിചയമില്ലാത്ത ട്രാഫിക് ഇടപെടലുകളിലും പെട്ട് ഞാൻ കുഴഞ്ഞു. ഓരോ നഗരത്തിലും ചെല്ലുമ്പോൾ അവിടത്തെ ജനങ്ങൾ വാഹനം ഓടിക്കുന്ന രീതികളും ട്രാഫിക്കുമായി പരിചയപ്പെടേണ്ടതുണ്ട്. കൊൽക്കത്തയുടെ കാര്യത്തിൽ അത് സംഭവിച്ചിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ ലക്ഷ്യസ്ഥാനത്ത് ചെന്ന് വിചാരിച്ച കാര്യം നടത്താനാവാതെ എനിക്ക് തിരികെ പോരേണ്ടി വന്നു.

എന്നിരുന്നാലും ഹൗറ പാലത്തിലൂടെ വാഹനം ഓടിക്കണം എന്ന് ആഗ്രഹം നടന്നു. നഗരത്തിൻ്റെ പ്രധാന വീഥികളിലൂടെയുള്ള സഞ്ചാരവും സാദ്ധ്യമായി.

വൈകീട്ട് ജാവേദിന് കണ്ട് അദ്ദേഹവുമൊത്ത് ഭക്ഷണം കഴിക്കാൻ ഇറങ്ങി തിരിച്ചു. ഞാൻ പഴയ സാധനങ്ങളും പഴകിയ കെട്ടിടങ്ങളും തിരക്കി നടക്കുന്ന ആളായതുകൊണ്ടാകാം കൊൽക്കത്ത നഗരത്തിൽ സ്വാതന്ത്ര്യത്തിനും മുൻപുള്ള കെട്ടിടങ്ങളിൽ നടത്തുന്ന റസ്റ്റോറന്റുകളിൽ കൊണ്ടുപോകാനാണ് ജാവേദ് താൽപര്യം കാണിച്ചത്. 1935 സ്ഥാപിതമായ തൃപ്തി ബാർ & റസ്റ്റോറന്റിലാണ് ചെന്നെത്തിയത്.

അല്പം മാറി ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ ഇന്ത്യയും വെസ്റ്റിൻഡീസുമായുള്ള ക്വാർട്ടർ ഫൈനൽ 20-20 ക്രിക്കറ്റ് കളി നടക്കുകയാണ്. ഗോഹാട്ടിയിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള കളി കാണാൻ എനിക്ക് അവസരം ഉണ്ടായിരുന്നു. ആ കളിയിൽ രണ്ട് റൺസ് മാത്രം എടുത്ത് സഞ്ജു നിരാശപ്പെടുത്തിയെങ്കിലും, ഈഡൻ ഗാർഡനിൽ അതിൻ്റെ കടം അയാൾ തീർക്കുന്നത്, അൽപ്പം മാറി 90 വർഷം പഴക്കമുള്ള ഒരു ബാർ റസ്റ്റോറൻ്റിൽ ഇരുന്ന് കാണാനുള്ള അവസരം എനിക്ക് ലഭിച്ചു.

മാർച്ച് 2:- രാവിലെ 8 മണിയോടെ ജാവേദിനും അജുവിനുമൊപ്പം ജാവേദിൻ്റെ വാഹനത്തിൽ സുന്ദർബനിലേക്ക് തിരിച്ചു. ഭാഗിയിൽ മൂന്ന് പേർക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഇല്ലല്ലോ.

കൊൽക്കത്തയിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ ദൂരമുണ്ട് പാർഖ്യാല എന്ന സ്ഥലത്തേക്ക്. അങ്ങോട്ട് എത്തുന്നതിന് മുൻപാണ് കാനിങ്ങ് ഹൗസ് വരുന്നത്. 1856-62 കാലഘട്ടത്തിൽ, അവസാനത്തെ ഗവർണ്ണർ ജനറലും ആദ്യത്തെ വൈസ്രോയിയും ആയിരുന്ന ലോർഡ് കാനിങ്ങ് ആണ് ഒരു പോർട്ട് ഓഫീസ് എന്ന നിലയ്ക്ക് മാട്ട്ല നദീതീരത്ത് ഈ കെട്ടിടം നിർമ്മിച്ചത്. പക്ഷേ തുറമുഖം ഉദ്ദേശിച്ചത് പോലെ പ്രവർത്തനസജ്ജമായി വന്നില്ല. അതുകൊണ്ട് ഈ കെട്ടിടം ചില അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു എങ്കിലും പിന്നീട് ഉപയോഗശൂന്യമായി. നിലവിൽ കാട് കയറി ആലുകൾ വളർന്ന അവസ്ഥയിൽ നാശത്തിന്റെ പാതയിലാണ് ഈ പുരാതന നിർമിതി.

കാനിങ്ങ് ഹൗസിൽ നിന്ന് പാർഖ്യാലയിൽ എത്തി വാഹനം അവിടെ പാർക്ക് ചെയ്ത ശേഷം ബോട്ട് കയറി സുന്ദർബനിലേക്ക് കടന്നു.

* സുന്ദര വനം അതാണ് ബംഗാളിയിൽ സുന്ദർബൻ.

* 10277 ചതുരശ്ര കിലോമീറ്റർ വരുന്ന കണ്ടൽവനങ്ങളാണ് അത്. അതിൽ 6017 ചതുരശ്ര കിലോമീറ്റർ ബംഗ്ലാദേശിലും 4260 ചതുരശ്ര കിലോമീറ്റർ ഇന്ത്യയിലുമായി പടർന്ന് കിടക്കുന്നു.

* ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ ആണിത്.

* സുന്ദരി എന്ന കണ്ടൽ മരങ്ങൾ ഉള്ളതുകൊണ്ടാണ് ആ പേര് വന്നത്.

* നരഭോജികളായ കുടുവകളുടേയും മുതലകളുടേയും വാഹാര കേന്ദ്രം.

പല വഴിക്ക് പല ബോട്ടുകൾ കയറി സുന്ദർബനിലേക്ക് പോകാം. ഞങ്ങൾ
പാർഖ്യാലയിൽ ചെന്ന് ബോട്ട് കയറി ഗൊസാബയിലേക്കാണ് പോയത്. ഇടയ്ക്ക് ചന്നിപ്പൂർ ദ്വീപിൽ ബോട്ട് അടുക്കുന്നുണ്ട്. ഗൊസാബയിൽ നിന്ന് 20 മിനിറ്റോളം ടുക്ക് ടുക്കിൽ സഞ്ചരിച്ച് ഗോട്ട്ഖാലി എന്ന തീരത്ത് ചെന്ന് S2 എന്ന ഹോട്ടലിൽ മുറിയെടുത്തു. ഈ ഭാഗത്തെല്ലാം ധാരാളം താമസ സൗകര്യമുണ്ട്.

വഴിയരികിൽ ധാരാളം കടകളും അത്യാവശ്യം ചെറിയ റസ്റ്റോറൻ്റുകളും ഇവിടെയുണ്ട്. പല ഹോട്ടലുകളിലും അതിഥികൾക്ക് വേണ്ടി സാംസ്ക്കാരിക പരിപാടികൾ നടത്തുന്നുണ്ട്. ഇരുട്ട് വീണതിന് ശേഷം ദ്വീപിലെ വഴികളിലൂടെയും ഹോട്ടലിൻ്റെ പിന്നിലുള്ള ബോട്ട് ജട്ടിയിലും സമയം ചിലവഴിച്ചു.

പകൽ സമയത്ത് കൊൽക്കത്ത ചൂടിലേക്ക് കടന്ന് കഴിഞ്ഞിരിക്കുന്നു. രാത്രി പോലും 23 ഡിഗ്രി ചൂടുണ്ട്.

മാർച്ച്‌ 3:- രാവിലെ ഗോട്ട്ഖാലി ബോട്ട് ജട്ടിയിൽ ചെന്ന് കണ്ടൽക്കാടുകളുടെ പരിസരത്ത് കൂടെ ഒരു സവാരി തരപ്പെടുത്തി. ഇടത്തരം ഒരു ബോട്ട് ഒരു മണിക്കൂർ നേരത്തിന് 750 രൂപ വാടകയ്ക്ക് എടുത്താണ് ആ സവാരി ചെയ്തത്. അല്പം കൂടെ വലിപ്പമുള്ള ബോട്ടുകളിൽ പത്തു പേർക്ക് രാത്രി തങ്ങാനുള്ള സൗകര്യവും ഇവിടെ ഉണ്ട്. ചൊവ്വാഴ്ച ഇവിടെയുള്ള നാഷണൽ പാർക്കിന് അവധി ആയതുകൊണ്ട് അങ്ങോട്ട് കയറാൻ സാധിച്ചില്ല.

സുന്ദർബൻ എന്നെപ്പോലുള്ള ഒരാൾക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ട് കണ്ട് തീർക്കാൻ ആവുന്ന ഒരു പ്രദേശമല്ല. വിശദമായ ഒരു സന്ദർശനത്തിന് വീണ്ടും ഇതിലേ വരുമെന്ന് ഉറപ്പ്. ഇത് നോർത്ത് ഈസ്റ്റിൽ നിന്നുള്ള മടക്കയാത്രയ്ക്കിടയിൽ കൽക്കത്തയുടെ പരിസരത്ത് നടത്തുന്ന ചെറിയ ചില സന്ദർശനങ്ങൾ മാത്രം. വെസ്റ്റ് ബംഗാൾ മുഴുവനുമായി കണ്ട്
തീർക്കാൻ ഒരുപാട് ആഴ്ചകൾ തന്നെ എടുക്കും. അടുത്ത വർഷമോ അതിനടുത്ത വർഷമോ ആകാം അത് ചെയ്യുന്നത്.

ബോട്ട് സവാരിക്ക് ശേഷം പ്രാതൽ കഴിച്ച് ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ടുക്ക് ടുക്കിൽ കയറി ഗൊസാബ ജട്ടിയിൽ എത്തി.

പിന്നീടങ്ങോട്ട് ഞങ്ങൾക്ക് ചില അബദ്ധങ്ങൾ പിണഞ്ഞു. ബോട്ടിൽ കയറി പോകേണ്ടത് ഗോട്ട്ഖാലി ജെട്ടിയിലേക്ക് ആണ്. അതിനിടയ്ക്ക് ബോട്ട് ചന്നിപ്പൂർ ജെട്ടിയിൽ നിർത്തുന്നുണ്ട്. ഇങ്ങോട്ട് വന്നപ്പോൾ ബോട്ട് അവിടെ നിർത്തിയത് ഓർമ്മയിൽ നിന്ന് മാഞ്ഞിരുന്നു. ഞങ്ങൾ മൂന്നു പേരും ഗോട്ട്ഖാലിക്ക് പകരം ചന്നിപ്പൂർ ജെട്ടിയിൽ ഇറങ്ങി പാലത്തിലൂടെ കരയിലേക്ക് നടന്നു. അൽപ്പം നടന്ന് കഴിഞ്ഞപ്പോഴാണ് സ്ഥലം മാറിപ്പോയിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞത്. ഇനി അടുത്ത ബോട്ട് വന്നാലേ ഗോട്ട്ഖാലിയിലേക്ക് പോകാൻ പറ്റൂ. അവിടെത്തന്നെ കാത്ത് നിന്നാൽ മതിയായിരുന്നു. പക്ഷേ ഞങ്ങൾ മറ്റൊരു ബോട്ടിൽ കയറി ഗൊസാബയിലേക്ക് മടങ്ങി.

രണ്ടാമത് ടിക്കറ്റ്‌ എടുക്കേണ്ടതാണ് ഈ മടക്ക യാത്രയ്ക്കും അടുത്ത ബോട്ട് സവാരിക്കും. പക്ഷേ ജട്ടിയിൽ ഇറങ്ങി ടിക്കറ്റ് കൗണ്ടർ കടന്നുപോയാലേ പണം കൊടുക്കേണ്ടതുള്ളൂ എന്നാണ് ഞങ്ങൾ കരുതിയത്. ഞങ്ങൾ അടുത്ത ബോട്ടിൽ കയറി വീണ്ടും ചന്നിപ്പൂർ വഴി ഗോട്ട്ഖാലിക്ക് തിരിച്ചു. ഈ സർക്കസിന് ഇടയിൽ ഒരു മണിക്കൂർ പോയിക്കിട്ടി. ബോട്ടിൽ ഇരുന്ന് നന്നായി വെയിൽ കൊള്ളേണ്ടിയും വന്നു.

ഗോട്ട്ഖാലി ജട്ടിയിൽ ഇറങ്ങുന്നതിന് മുൻപായി ബോട്ട് ജീവനക്കാരൻ വന്ന് രണ്ടാമത് സഞ്ചരിച്ചതിനുള്ള ബോട്ടിന്റെ ടിക്കറ്റ് പൈസ കൃത്യമായി ഈടാക്കുകയും ചെയ്തു. ബംഗാളിയെ പറ്റിച്ച് പോകാമെന്ന് കരുതണ്ട. അവന് ഇപ്പോൾ മലയാളിയുടെ ട്യൂഷൻ ഉണ്ട്.

തിരിച്ച് കൊൽക്കത്തയിൽ എത്തിയപ്പോൾ രണ്ടു മണി കഴിഞ്ഞു. വൈകിട്ട് വീണ്ടും കാണാമെന്ന് പറഞ്ഞ് ജാവേദ് അത്യാവശ്യം ജോലിയുടെ തിരക്കുകളിലേക്ക് നീങ്ങി. അത്യാവശ്യം ചില ഷോപ്പിങ്ങുകൾ നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഹോളി ആയതുകൊണ്ട് കടകളും വഴിയോര കച്ചവടവും മറ്റും ശൂന്യമായിരുന്നു.

രാത്രി ഭക്ഷണം ജാവേദിന്റെ വീട്ടിൽ നിന്ന് കഴിച്ച്, വീണ്ടും കാണാമെന്ന് പറഞ്ഞ് ജാവേദിനോട് വിട പറഞ്ഞു. മൂന്ന് ദിവസം ആതിഥേയൻ ആയതിന് ജാവേദിന് ഒരുപാട് നന്ദി.

സത്യത്തിൽ നാളെയാണ് ശരിക്കുള്ള മടക്കയാത്ര ആരംഭിക്കുന്നത്. എന്നിരുന്നാലും കൊച്ചി എത്തുന്നതിന് മുൻപായി ഒന്നോ രണ്ടോ അപ്ഡേറ്റുകൾ കൂടെ ഉണ്ടായിരിക്കുന്നതാണ്.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#WestBengal
#sundarbanforest
#Sundarban