
രാവിലെ 7 മണിക്ക് കൊണാർക്ക് സൂര്യ ക്ഷേത്രത്തിലേക്ക് കടന്നു. ആ സമയം ആയിട്ടും സന്ദർശകരുടെ തിരക്ക് ഉണ്ടായിരുന്നു. പൊളിഞ്ഞു കിടക്കുന്ന, പൂജയൊന്നും ഇല്ലാത്ത ആ ക്ഷേത്രത്തിലെ മൂർത്തികളെ നോക്കി തൊഴുത് പ്രാർത്ഥിച്ച് പോകുകയായിരുന്നു ഭക്തർ.
* പതിമൂന്നാം നൂറ്റാണ്ടിലെ നിർമ്മിതിയാണ് ഈ ക്ഷേത്രം. ഇപ്പോൾ യുനസ്ക്കോ ലോക പൈതൃക ഇടമാണ്.
* രഥത്തിൻ്റെ ആകൃതിയിൽ കല്ലുകൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഈ സൂര്യക്ഷേത്രം രാജ നരസിംഹ ദേവയാണ് നിർമ്മിച്ചത്.
* സൂര്യഘടികാരമായി വർത്തിക്കുന്നതും
7 കുതിരകൾ വലിക്കുന്നതുമായ 10 അടി ഉയരമുള്ള ‘കറുത്ത പഗോഡ’ എന്നറിയപ്പെടുന്ന 24 രഥചക്രങ്ങളാണ് ഇവിടത്തെ പ്രധാന ആകർഷണം.
* 7 കുതിരകൾ ആഴ്ച്ചയിലെ 7 ദിവസങ്ങളെ അടയാളപ്പെടുത്തുന്നു.
* ജഗമോഹന എന്നറിയപ്പെടുന്ന അസംബ്ലി ഹാൾ ഒഴികെയുള്ള ഭാഗങ്ങൾ കാലപ്പഴക്കത്തിൽ വീണുപോയി. ഈ ഹാൾ പോലും വർഷങ്ങൾക്ക് മുൻപേ, ഉൾഭാഗത്ത് മണ്ണ് നിറച്ച് അടച്ച് സംരക്ഷിച്ചിരിക്കുകയാണ്. ആർക്കും അതിനകത്തേക്ക് പ്രവേശനമില്ല.
എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്, ക്ഷേത്രത്തിൻ്റെ തകർന്ന ഭാഗങ്ങളിൽ നിന്ന് പുറത്തെടുത്ത വലിയ ഇരുമ്പ് പാളികൾ പ്രദർശിപ്പിച്ചിരിക്കുന്നതാണ്. പതിമൂന്നാം നൂറ്റാണ്ടിൽ അത്രയും വലിയ ഇരുമ്പ് പാളികൾ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു എന്നത് അക്കാലത്തെ സാങ്കേതിക വിദ്യയുടെ മികവാണ്.
സൺ ടെമ്പിൾ ചുറ്റിനടന്ന് കാണാനും പടമെടുക്കാനും ഒരു ദിവസം പോര എനിക്ക്. വീണ്ടും ഇവിടെ വരുമെന്ന് ഉറപ്പുള്ളതുകൊണ്ട് 9 മണിയോടെ അവിടെ നിന്നിറങ്ങി തെരുവിൽ ചെന്ന് പ്രാതൽ കഴിച്ച ശേഷം യാത്ര തുടർന്നു.
ഒരു മണിക്കൂർ സഞ്ചരിച്ചാൽ പുരി ജഗന്നാഥ ക്ഷേത്രത്തിൽ എത്താം. കൊണാർക്കിൽ പോകുന്നവർ പുരിയിൽ പോകാതെ മടങ്ങുന്നില്ല എന്നാണെനിക്ക് തോന്നിയത്. തിരിച്ചും അങ്ങനെ തന്നെ.
പുരി ക്ഷേത്രം വളരെ തിരക്കുള്ള ഒരു തീർത്ഥാടന കേന്ദ്രമാണ്. ഇവിടത്തെ രഥ യാത്ര അതിപ്രശസ്തമാണ്. മണിക്കൂറുകളോളം ക്യൂ നിന്നാലേ ക്ഷേത്രത്തിന് അകത്ത് കിടക്കാൻ പറ്റൂ എന്ന് മനസ്സിലായി. അത്രയും തിരക്കുള്ള ആരാധനാലയങ്ങളിൽ പിൻവലിഞ്ഞ് നിൽക്കുക എന്റെ പതിവാണ്. പുറത്തു നിന്ന് ചിത്രങ്ങൾ എടുത്തശേഷം തെരുവിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് സമയം ചിലവഴിച്ചു. ആകെ ഒരു മണിക്കൂർ കൊണ്ട് ആ സന്ദർശനം അവസാനിപ്പിച്ച് വിശാഖപട്ടണം ലക്ഷ്യമാക്കി ഭാഗിയെ നയിച്ചു. 7 മണിക്കൂറിലധികം ഡ്രൈവ് ഉണ്ട് അത്.
വൈകീട്ട് ആറ് മണിയോടെ വിശാഖപട്ടണവും കടന്ന് ആപ്പനപ്പള്ളി എന്ന സ്ഥലത്ത് വന്ന് എസ്. ആർ. റെസിഡൻസി എന്ന ഹോട്ടലിൽ തങ്ങി. ഭാഗിയെ കഴുകി വൃത്തിയാക്കി. ടി20 സെമിഫൈനൽ കണ്ടു. ഫൈനലിലേക്ക് കടന്ന സഞ്ജുവിനും ഇന്ത്യൻ ടീമിനും അഭിനന്ദനങ്ങൾ.
നാളെ ചെന്നൈ വഴി യാത്ര തുടരും. കഴിഞ്ഞ ഒരാഴ്ച മുൻപ് വരെ തണുപ്പ് വസ്ത്രങ്ങൾ ധരിച്ച് നടന്നിരുന്ന ഞാൻ വറ ചട്ടിയിലേക്കാണ് വന്ന് വീണിരിക്കുന്നത്. കേരളത്തിലേക്ക് എത്തുമ്പോഴേക്കും ചൂട് അധികരിക്കും എന്ന് തന്നെ മനസ്സിലാക്കുന്നു.
ഈ യാത്രയുടെ അവസാന അദ്ധ്യായം തിരികെ തൃക്കാക്കരയിൽ എത്തിയശേഷം പങ്കുവെക്കുന്നതാണ്.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#konark
#Odisha
#konarktemple
#konarksuntemple
#puri
#purijagannath
#PuriJagannathTemple