
പ്രാതലിന് ശേഷം സൊഹ്റയോട് വിടപറഞ്ഞ് കോങ്തോങ് ഗ്രാമത്തിലേക്ക് തിരിച്ചു. ചിറാപുഞ്ചിയുടെ പഴയ പേരാണ് സോഹ്റ. ആ പേര് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ പലയിടത്തും നടക്കുന്നത് പ്രത്യക്ഷത്തിൽ മനസ്സിലാക്കാൻ കഴിയും.
50 കിലോമീറ്റർ സഞ്ചരിക്കാൻ 1:45 മണിക്കൂർ എടുത്തത് വളഞ്ഞുപുളഞ്ഞ് മലയിടുക്കിലൂടെയുള്ള പാത ആയതുകൊണ്ടാണ്. എനിക്ക് ഭയക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു ആ വഴിയിൽ. വളരെ ശ്രദ്ധിച്ച് പതുക്കെയാണ് അതിലൂടെ ഭാഗി കടന്നു പോയത്.
ചൂളമടിക്കാരുടെ ഗ്രാമം എന്നതാണ് കോങ്തോങിൻ്റെ പ്രത്യേകത. ചൂളമടി എന്ന് പറയുന്നതിനേക്കാൾ ഉചിതം ചെറിയതോതിലുള്ള കൂക്കിവിളി എന്നായിരിക്കും. എന്നിരുന്നാലും ചൂളമടി എന്ന് തന്നെ നമുക്ക് അതിനെ വിശേഷിപ്പിക്കാം. ഗ്രാമത്തിലുള്ള 780ല്‍പ്പരം മനുഷ്യർക്ക് അവരവരുടെ പേരുമായി ബന്ധപ്പെടുത്തി വ്യക്തിഗതവും വ്യത്യസ്തവുമായ ചൂളം പേരുകൾ ഉണ്ട്. ഒന്നല്ല ഒരാൾക്ക് രണ്ട് ചൂളം പേരുകൾ ഉണ്ട്. ഒന്ന് തൊട്ടടുത്ത് നിൽക്കുമ്പോൾ വിളിക്കാനുള്ള ദൈർഘ്യം കുറഞ്ഞ ചൂളമടി. രണ്ടാമത്തേത് ദൂരെ നിൽക്കുമ്പോൾ വിളിക്കാനുള്ള ദൈർഘ്യം കൂടിയ ചൂളമടി.
ഒരു കുട്ടി ജനിച്ച് ഏതാനും മാസങ്ങൾക്കകം അമ്മ കുട്ടിക്ക് ചൂളമടി പേരായി നൽകുന്നു. കുട്ടി ആ ചൂളമടി പേരുമായി വളർന്ന് വലുതായി ആയുസ്സ് തീരും വരെ മുന്നോട്ട് പോകുന്നു. ഒരാൾ മരിക്കുന്നതോടെ അയാളുടെ ചൂളം പേരും ഇല്ലാതാകുന്നു. ഔദ്യോഗികമായ പേരും ഉണ്ടായിരിക്കും.
ഗ്രാമത്തിലേക്ക് കടക്കാൻ കവാടത്തിൽ നിന്ന് 100 രൂപ ടിക്കറ്റ് എടുക്കണം. ഗ്രാമത്തിൽ കണ്ട ഓരോരുത്തരോടും അവരുടെ പേരുകൾ ഞങ്ങൾ ചോദിച്ചു. ശേഷം അവരുടെ ചൂളമടി പേരുകളും പറയിപ്പിച്ചു.
അപ്പോഴേക്കും പ്രായം ചെന്ന ഒരു സ്ത്രീ അവിടെയെത്തി. തുടരെത്തുടരെ അടക്ക ഇടിച്ച് മുറുക്കി കൊണ്ടിരുന്നു അവർ. ചൂളം പേരുകൾ ഇടുന്ന കാര്യത്തിൽ വിദഗ്ദ്ധയാണ് അവർ. സംഗീത സംവിധായകരും മറ്റും ചെയ്യുന്നതുപോലെ ഏതോ ഗോത്ര ഗാനത്തിന്റെ ശീലുകൾ ചൊല്ലി അതിൽനിന്ന് ഒരു ട്യൂൺ മെനഞ്ഞെടുത്ത ശേഷമാണ് അവർ ചൂളം പേരുകൾ ഉണ്ടാക്കുന്നത്. എന്റെ പേരും ഗീതിയുടെ പേരും ചൂളത്തിലൂടെ ഉണ്ടാക്കാൻ ഞങ്ങൾ അവരോട് അഭ്യർത്ഥിച്ചു. അപ്പോഴാണ് അവർ സംഗീതാത്മകമായാണ് അത് ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും പ്രസിഡന്റ് ദ്രൗപതി മുർമുവിൻ്റേയും ചൂളം പേരോകൾ അവർ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾ അതെല്ലാം കേട്ട് റെക്കോർഡ് ചെയ്ത് എടുത്തു. (അതിന്റെ വീഡിയോ വൈകാതെ പബ്ലിഷ് ചെയ്യാം.)
വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു ആ ഗ്രാമം നൽകിയത്. എന്തെല്ലാം വൈവിധ്യങ്ങളാണ് ഈ രാജ്യത്ത് ഉള്ളത്. അതിൽ എത്രയോ തുച്ഛമാണ് നമുക്ക് മനസ്സിലാക്കാൻ ആകുന്നത്! ‘യാത്രകൾ ചെയ്യുന്തോറും മനുഷ്യൻ ചെറുതാവുകയും ലോകം വലുതാവുകയും’ ചെയ്യുന്നു എന്ന് പറയുന്നത് എത്ര സത്യമാണ്.
കയ്യിലുണ്ടായിരുന്ന മിഠായികൾ ഗ്രാമത്തിലെ കുട്ടികൾക്കെല്ലാം ഞാൻ വിതരണം ചെയ്തു. ഓരോ ചെറിയ കുട്ടി പോലും തിരിച്ച് നന്ദി പറയുന്നുണ്ട്. എന്നതാണ് പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യം. നമ്മുടെ നാട്ടിൽ ആണെങ്കിൽ അപ്രായത്തിലുള്ള കുട്ടികളിൽ പത്തിൽ രണ്ടുപേർ നന്ദി പറഞ്ഞാലായി.
കോങ്തോങിൽ നിന്ന് മേഘാലയയുടെ തലസ്ഥാനമായ ഷിലോങ്ങിലേക്ക് ആയിരുന്നു അടുത്ത യാത്ര.
ഡോൺ ബോസ്കോ മ്യൂസിയം ആയിരുന്നു ആദ്യ ലക്ഷ്യം. നാലഞ്ച് നിലകളിലായി വളരെ വിപുലമായ ഒരു മ്യൂസിയമാണ് ഇത്. നോർത്ത് ഈസ്റ്റിലെ എല്ലാ സംസ്ഥാനങ്ങളെപ്പറ്റിയും നന്നായി മനസ്സിലാക്കാൻ ഈ മ്യൂസിയം ഒരാളെ സഹായിക്കും. മ്യൂസിയത്തിന്റെ മുകൾ നിലയിൽ ചെന്നാൽ സ്കൈ വാക്ക് നടത്താം. സ്റ്റീലിന്റെ ഗ്രിൽ ഇട്ടിരിക്കുന്ന കവചത്തിലൂടെ നടന്നാൽ നഗരത്തിന്റെ വിശദമായ വീക്ഷണം ലഭ്യമാണ്.
മേരി ഹെൽപ്പ് കത്തീഡ്രൽ കൂടെ ലിസ്റ്റ് പ്രകാരം കാണാനുണ്ട്. ആറു മണി സമയത്ത് ആ ഭാഗത്ത് വലിയ ഗതാഗതത്തിരക്കാണ്. ഒരു കിലോമീറ്റർ പോകാൻ 10 മിനിറ്റോളം സമയമെടുക്കും. പള്ളിയിൽ ചെന്നപ്പോഴേക്കും ഇരുട്ട് വീണിരുന്നു. എങ്കിലും പള്ളിയങ്കണത്തിൽ കുറച്ചുനേരം കറങ്ങി നടന്നു.
ഷില്ലോങ്ങിൽ ഇനി ചെയ്യാനുള്ള ഒരു കാര്യം കണ്ണൂരുകാരനായ ചീഫ് സെക്രട്ടറി ശ്രീ.ഷക്കീൽ IAS നെ സന്ദർശിക്കുക എന്നതാണ്. മാല്യങ്കര കോളേജിൽ എന്റെ സീനിയർ ആയിരുന്ന സുനിൽ ആണ് ശ്രീ.ഷക്കീലുമായി എന്നെ ബന്ധപ്പെടുത്തിയത്. നിയമസഭാ സമ്മേളനം നടക്കുന്നതിന്റെ തിരക്കിലായത് കൊണ്ട് കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ കാണാൻ ഒത്തില്ല. നാളെ ഞങ്ങൾ ഷില്ലോങ് വിടുന്നതുകൊണ്ട്, ഇന്ന് അദ്ദേഹം ഞങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തി. രാത്രി ഏഴര മണിക്ക് അദ്ദേഹത്തിന്റെ ഭവനത്തിൽ അത്താഴത്തിന് ക്ഷണിച്ചു.
ഞങ്ങൾ ചെന്ന് കയറുമ്പോൾ കോഴിക്കോട് നിന്നുള്ള മറ്റു നാല് ഡോക്ടർ സുഹൃത്തുക്കൾ കൂടെ അവിടെ ഉണ്ട്. ഞാൻ മനസ്സിലാക്കിയിടത്തോളം ശ്രീ.ഷക്കീൽ, മലബാറുകാരുടെ മുഖമുദ്രയായ സ്നേഹവും സൗഹാർദവും ആതിഥ്യ മര്യാദയും വേണ്ടതിലും അധികമുള്ള ഒരു വ്യക്തിയാണ്. സുനിലും സജിതയും രാമനും അടക്കം എന്റെ സുഹൃത്തുക്കൾ ഒരുപാട് പേർ അദ്ദേഹത്തിന്റേയും സുഹൃത്തുക്കളാണ്.
വിഭവസമൃദ്ധമായ അത്താഴത്തിനുശേഷം വീണ്ടും കണ്ടുമുട്ടാം എന്ന് ഉറപ്പോടെ ചീഫ് സെക്രട്ടറിയുടെ ബംഗ്ലാവിൽ നിന്ന് ഇറങ്ങി. മേഘാലയ യാത്ര ഇതിൽപരം ഭംഗിയായി പര്യവസാനിക്കാനില്ല. നന്ദി ആരോടെല്ലാം ഞാൻ ചൊല്ലേണ്ടൂ.
ജസീക്കാ റസിഡൻസിയുടെ മുന്നിലാണ് ഇന്ന് തങ്ങുന്നത്. നാളെ ഗോഹാട്ടിയിലേക്ക് മടങ്ങുകയാണ്.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#meghalayaindia
#niraksharan
#meghalaya
#northeast
#kongthong
#WhistlingVillage