
രണ്ട് പ്രാവശ്യം മേഘാലയയിൽ വന്നിട്ടും കാണാൻ പറ്റാതെ പോയ ഒരു സംഭവം ഉണ്ട്. അതാണ് ഡബിൾ ഡക്കർ റൂട്ട് ബ്രിഡ്ജ്. റിവായിൽ കണ്ട റൂട്ട് ബ്രിഡ്ജിന്റെ അതേ മാതൃകയിൽ, ഒന്നിന് മുകളിൽ ഒന്നായി രണ്ട് ബ്രിഡ്ജുകൾ. ചിത്രത്തിൽ പലപ്പോഴും കണ്ടിട്ടുള്ള അത് സത്യത്തിൽ കൊതിപ്പിക്കുന്ന ഒന്നായിരുന്നു.
ഒരു മണിക്കൂറിൽ അധികം ട്രക്ക് ചെയ്തു വേണം അങ്ങോട്ട് പോകാൻ. തിരികെ വരുമ്പോൾ ഒന്നര മണിക്കൂർ എടുത്തെന്നും വരും. ഇങ്ങനെയുള്ള ചില അറിവുകൾ വച്ചാണ് അങ്ങോട്ട് യാത്ര പുറപ്പെടാൻ തീരുമാനിച്ചത്.
എട്ട് എട്ടര മണിയായി റസ്റ്റോറന്റുകൾ തുറക്കാൻ. ആയതിനാൽ പ്രാതൽ കിട്ടാൻ വൈകി. രാവിലെ എന്തെങ്കിലും കഴിക്കാതെ അത്രയും ദൂരം ട്രക്ക് ചെയ്യുന്നത് അഭികാമ്യമല്ല. ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും പൊതിഞ്ഞ് വാങ്ങി.
18 കിലോമീറ്ററോളം സഞ്ചരിച്ച് ചെന്നതിന് ശേഷമാണ് ട്രക്ക് ആരംഭിക്കുന്നത്. ഗൈഡിന്റെ സേവനം ലഭ്യമാണ്. ഗൈഡ് ഉള്ളത് തന്നെയാണ് നല്ലതെന്ന് പലപ്പോഴും എനിക്ക് അനുഭവമുണ്ട്. നോക്കോ എന്ന ചെറുപ്പക്കാരൻ 1200 രൂപ നിരക്കിൽ ഗൈഡ് ആയി കൂടെ വന്നു. 50 രൂപ കൊടുത്ത് ഊന്ന് വടിയും വാങ്ങിയപ്പോൾ ട്രക്കിങ്ങിന് തയ്യാർ. വടി കുത്താതെ ഈ യാത്ര ആലോചിക്കാൻ പോലും വയ്യ. കുത്തനെയുള്ള ഇറക്കങ്ങളിലും പാറകളിലൂടെയുള്ള ചാടിമറിച്ചിലിലും ഊന്ന് വടി നന്നായി പ്രയോജനപ്പെടുമെന്ന് അനുഭവമുണ്ട്.
ഈ റൂട്ടിൽ മൂന്ന് സ്ഥലങ്ങളിലേക്കാണ് ഗൈഡ് നമ്മെ കൊണ്ടു പോവുക. മൂന്നിനും വേറെ വേറെ നിരക്കുകളാണ്. ഡബിൾ ഡക്കർ മാത്രം പോകണമെങ്കിൽ ₹1000. അവിടുന്ന് വീണ്ടും അരമണിക്കൂർ സഞ്ചരിച്ചാൽ ചെന്നെത്തുന്ന ബ്ലൂ ലഗൂൺ എന്ന വെള്ളച്ചാട്ടവും തടാകവും കാണണമെങ്കിൽ ₹1500. വീണ്ടും അരമണിക്കൂർ മുന്നോട്ടുപോയാൽ റെയിൻബോ വെള്ളച്ചാട്ടം ഉണ്ട്. അങ്ങോട്ടു പോകാൻ ₹2000.
മൂന്നാമത്തെ സ്ഥലമായ റെയിൻബോ വെള്ളച്ചാട്ടം വരെ പോയി തിരികെ എത്താൻ സമയം തികയുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. അതുകൊണ്ട് ബ്ലൂ ലഗൂൺ വരെയുള്ള നിരക്ക് ഉറപ്പിച്ചു.
നല്ല ഉയരത്തിൽ നിൽക്കുന്ന മലയുടെ ഏറ്റവും താഴെ എത്തണം മൂന്നു കാഴ്ചകളും കാണണമെങ്കിൽ. മല ചുരന്നല്ല വഴി ഉണ്ടാക്കിയിരിക്കുന്നത്. കുത്തനെയുള്ള ഇറക്കമാണ് ആദ്യവസാനം. എന്നിലെ അക്രോഫോബിയക്കാരന് ഭയപ്പെടാൻ ഉള്ളതെല്ലാം വഴിയിലുണ്ട്. എന്നുവച്ച് ഞാൻ ഈ വഴിക്കൊന്നും പോകാതിരിക്കുന്നുമില്ല. വല്ലാത്ത അവസ്ഥ തന്നെ.
60% ത്തോളം നല്ല കോൺക്രീറ്റ് പടികൾ ഉണ്ട്. ബാക്കി ഭാഗങ്ങളിൽ കല്ല് കൊണ്ടുള്ള പടികളാണ്. വഴിക്ക് വെള്ളം കിട്ടാനുള്ള ചെറിയ പെട്ടിക്കടകൾ ഉണ്ട്.
അവിടന്ന് വെള്ളം വാങ്ങി കുടിക്കുന്ന സഞ്ചാരികൾ ആ വെള്ളക്കുപ്പികളെല്ലാം പോകുന്ന വഴിയിൽ വലിച്ചെറിഞ്ഞിരിക്കുന്ന നിരാശാജനകമായ കാഴ്ചയും ഉണ്ട്. മേഘാലയക്കാർ വൃത്തിയും വെടിപ്പും ഉള്ളവരാണ്. മൗലിനോങ്ങ് എന്ന ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമം സംരക്ഷിച്ച് കൊണ്ടുപോകാൻ കഴിയുന്നവർ കാട്ടിൽ മാലിനും ഉപേക്ഷിക്കുകയില്ല. ഇതെല്ലാം ചെയ്യുന്നത് സഞ്ചാരികളായി വരുന്നവരാണ്. അക്കാര്യത്തിൽ തർക്കമില്ല. ഓരോ 100 മീറ്ററിലും വേയ്സ്റ്റ് ബാസ്ക്കറ്റ് വെച്ചിട്ടുണ്ടെങ്കിലും, വിവരമില്ലാത്തവർ കാട്ടിലേക്ക് ഒഴിഞ്ഞ കുപ്പികളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും ധാരാളമായി വലിച്ചെറിഞ്ഞിരിക്കുന്നു. ആ പ്രശ്നത്തിന് താൽക്കാലികമായെങ്കിലും ഞാനൊരു പരിഹാരം ഉണ്ടാക്കി അത് അവസാനം പറയാം.
ഡബിൾ ഡക്കർ വേരുപാലത്തിന്റെ മുകളിലെ പാലം അടച്ചിരിക്കുകയാണ്. ബലക്ഷയം വന്നതുകൊണ്ട് ആകാം. താഴെയുള്ള പാലത്തിലൂടെ നടന്ന് മറുവശത്തേക്ക് പോകാം. അതിൽ ഫോട്ടോ എടുക്കുന്നവരുടെ തിരക്കോട് തിരക്ക്. താഴെ ചെറിയതോതിൽ വെള്ളം ഉണ്ട് പക്ഷേ മഴക്കാലം അല്ലാത്തതുകൊണ്ട് നിറഞ്ഞൊഴുകുന്നില്ല. നല്ല വലിപ്പമുള്ള മീനുകൾ ആ തെളിവള്ളത്തിൽ ഓടി നടക്കുന്നു. അത്യാവശ്യം ചിത്രങ്ങൾ എടുത്തശേഷം ഞങ്ങൾ ബ്ലൂ ലെഗൂണിലേക്ക് നീങ്ങി.
ആ അരമണിക്കൂർ ട്രിക്ക് അല്പം ഹരം പിടിപ്പിക്കുന്നതാണ്. ഒരു തൂക്കുപാലം കടന്നു പോകണം. അതുകഴിഞ്ഞാൽ വേരുകളിലും പള്ളികളിലും പിടിച്ചു താഴേക്കിറങ്ങി, വറ്റിയ നദി മുറിച്ചു കടക്കണം. പിന്നെ മരക്കഷണങ്ങൾ കൂട്ടിക്കെട്ടിയ ഏണിയിലൂടെ പൊത്തിപ്പിടിച്ച് മുകളിലേക്ക് കയറണം. ചെറുപ്പക്കാർ പലരും ആ ഭാഗങ്ങളിൽ നന്നായി വിഷമിക്കുന്നു. ഇതിനിടയ്ക്ക് അടച്ചിട്ടിരിക്കുന്ന മറ്റൊരു വേര്പാലത്തിൻ്റെ പരിസരത്തു കൂടെയും പോകുന്നുണ്ട്.
ബ്ലൂ ലെഗൂണിലെ കാഴ്ച്ച അതിമനോഹരമാണ്. ചെറിയൊരു വെള്ളച്ചാട്ടം വന്നു വീഴുന്നത് ഇളം നീല നിറത്തിലുള്ള ഒരു തടാകത്തിലാണ്. പക്ഷേ ക്രാങ്ക് സൂരി വെള്ളച്ചാട്ടത്തിലെ കടും നീലനിറം വെച്ച് നോക്കിയാൽ ബ്ലൂ ലെഗൂണിന് താരതമ്യേന ഭംഗി കുറവാണെന്നാണ് എനിക്ക് തോന്നിയത്.
ബ്ലൂ ലെഗൂണിലും സഞ്ചാരികളുടെ നല്ല തിരക്കുണ്ട്. ഈ ഭാഗത്ത് ഇപ്പോൾ ധാരാളം ഹോംസ്റ്റേകൾ ഉണ്ട്. പലരും അവിടെ തങ്ങി സമയമെടുത്താണ് ഈ ഭാഗങ്ങളിൽ ചുറ്റിയടിക്കുന്നത്.
എന്നെ അത്ഭുതപ്പെടുത്തുന്നത് ആദ്യകാലത്ത് ഇവിടെ ചെന്ന് താമസിച്ച ഗോത്രവർഗ്ഗക്കാരാണ്. ഇത്രയും കഷ്ടപ്പെട്ട് ആ മലഞ്ചെരുവിൽ അവർ എങ്ങനെയാണ് ചെന്നു പറ്റിയത്. ആദ്യകാലത്ത് ഇത്ര പോലും സൗകര്യമോ പടികളോ അവർക്ക് ഉണ്ടായിട്ടുണ്ടാകില്ല.
കറുകപ്പട്ടയാണ് ധാരാളമായി ഇവിടന്ന് മുകളിലേക്ക് കൊണ്ടുവരുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. പോകുന്ന വഴിയിൽ കറുകയില കയറ്റിയ വലിയ ചാക്കുകൾ ഇരിക്കുന്നത് കാണാം. ചിലയിടത്ത് വഴിനീളെ കറുകയിലകൾ വീണു കിടക്കുന്നു. അതിനു മുകളിലൂടെ ചവിട്ടിയരച്ച് നടക്കുന്നതുകൊണ്ട് ആ പ്രദേശത്തെല്ലാം അതിന്റെ സുഗന്ധമുണ്ട്.
എന്തായാലും പഴയകാലത്ത് ഗോത്രവർഗ്ഗക്കാർ അവിടെ ചെന്ന് താമസിക്കുകയും നദി കുറുക്കടക്കാൻ ഡബിൾ ഡക്കർ വേരുപാലം ഉണ്ടാക്കുകയും ചെയ്തതുകൊണ്ട് ഇന്ന് അവർക്ക് ടൂറിസത്തിൽ നിന്ന് വരുമാനം ഉണ്ടാകുന്നു.
വേണമെന്ന് വെച്ചാൽ കേരളത്തിൽ പലയിടത്തും ഇത്തരത്തിൽ വേരുപാലങ്ങൾ സൃഷ്ടിച്ചെടുക്കാൻ ആകും. പത്തിരുപത് വർഷം എടുത്താലും അതെല്ലാം ടൂറിസത്തിന് മികവേകുന്ന സൃഷ്ടികളായി മാറും.
ഞങ്ങൾ ബ്ലൂ ലെഗൂണിന്റെ പരിസരത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിച്ചു. ആ വെള്ളത്തിൽ ചാടാനുള്ള സമയം എനിക്കില്ല. അപ്പോൾ തിരികെ വിട്ടാലും മുകളിൽ എത്തുമ്പോഴേക്കും ഇരുട്ടു വീഴും. അതുകൊണ്ടുതന്നെ റെയിൻബോ വെള്ളച്ചാട്ടം ഒഴിവാക്കി. മാത്രമല്ല, രാവിലെ ചെന്നാൽ മാത്രമേ റെയിൻബോ കാണാൻ പറ്റൂ എന്ന അഭിപ്രായവും കേൾക്കാനായി.
ഞാൻ വീണ്ടും കാമുകിയുടെ വീട്ടിൽ കുട മറന്ന് വെക്കുന്ന ആ പഴയ കാമുകൻ ആകുന്നു. മേഘാലയയിൽ ഇനിയും വരാനുള്ള ഒരു കാരണം ബാക്കി വെക്കുന്നു.
ഇനി മാലിന്യത്തിന്റെ കാര്യത്തിൽ നോക്കോ എന്ന് ഗൈഡുമായി ഉണ്ടാക്കിയ നീക്കുപോക്ക് വിശദമാക്കാം. ഞാൻ അയാൾക്ക് അയാളുടെ ഗൈഡ് ഫീസിന്റെ മൂന്നിലൊന്ന് തുക വാഗ്ദാനം ചെയ്തു. തിരിച്ചു കയറുമ്പോൾ വഴിനീളെ വീണു കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും കടലാസുകളും പെറുക്കി വേസ്റ്റ് ബിന്നിൽ ഇടണം. അതാണ് നിബന്ധന. ₹500 അധികം കിട്ടുന്ന കാര്യമായതുകൊണ്ടാകാം മറുത്തൊന്ന് ആലോചിക്കാതെ നോക്കോ സമ്മതിച്ചു. അയാൾ ആ ജോലി വൃത്തിയായി ചെയ്യുകയും ചെയ്തു.
ഞാൻ അത്യാവശ്യം ബോധവൽക്കരണം അയാളിൽ നടത്തി.
“ഇത് നിന്റെ ഗ്രാമമാണ്, തൊഴിലാണ്. ഇവിടെ വന്നുപോകുന്ന സഞ്ചാരികൾ ഗ്രാമവും വനവും ഇത്തരത്തിൽ മാലിന്യങ്ങൾ ഇട്ട് വൃത്തികേടാക്കിയാൽ അത് ബാധിക്കുന്നത് നിന്റെ ഉപജീവന മാർഗ്ഗത്തെയാണ്. വൃത്തിഹീനമായ ഒരു സ്ഥലത്ത് ആൾക്കാർ വരാൻ മടിക്കും. നിനക്ക് പണിയില്ലാതാകും. ആരെങ്കിലും പണം തന്നാലും ഇല്ലെങ്കിലും ടൂറിസ്റ്റുകളുമായി പോകുന്നതിനിടയ്ക്ക് ഇത്തരത്തിൽ മാലിന്യം നീ പെറുക്കി കൊണ്ടേയിരിക്കണം. മാലിന്യം കാട്ടിൽ വലിച്ചെറിയുന്നവരെ വിലക്കണം. അങ്ങനെ ചെയ്താൽ അവരിൽനിന്ന് കൂടുതൽ ഫീസ് ഈടാക്കണം. അല്ലെങ്കിൽ ഇത് നാശത്തിലേക്ക് പോകും.”
അവൻ ആ പണി വെടിപ്പായി ചെയ്തതുകൊണ്ട് ഞാൻ പറഞ്ഞ കാര്യങ്ങൾ അവന് ബോധ്യമായി എന്ന് കരുതുന്നു. മൂന്നാം ക്ലാസ്സിൽ പഠനം നിർത്തിയ ഒരാളാണെങ്കിലും അവരുടെ സംസ്ക്കാരത്തിൽ ശുചിത്വം എന്ന ഒന്നുണ്ട്. അത് ഗുണകരമായ ഒരു സാദ്ധ്യതയാണ്.
പക്ഷേ അപ്പോഴും ഒരു ചെറിയ പ്രശ്നം…. അല്ല വലിയ പ്രശ്നം തന്നെ ബാക്കി നിൽക്കുന്നുണ്ട്. വേസ്റ്റ് ബോക്സിൽ വീഴുന്ന മാലിന്യം തൊട്ടടുത്ത തന്നെ ഇട്ട് കത്തിക്കുകയാണ് അവരുടെ പതിവ്. പാതി കത്തിയ പ്ലാസ്റ്റിക് അടക്കമുള്ള സാധനങ്ങൾ തെളിവായി അവിടെ അവശേഷിക്കുന്നുണ്ട്. അത് മേഘാലയ ടൂറിസത്തിന്റേയും വനം വകുപ്പിന്റെയും പിഴവാണ്. അക്കാര്യത്തിൽ എന്തെങ്കിലും നടപടിയെടുക്കാൻ നോക്കോ അടക്കമുള്ള ഗൈഡുകൾക്ക് സാദ്ധ്യമല്ല. സർക്കാരിന്റെ ശക്തമായ ഇടപെടൽ തന്നെയാണ് വേണ്ടത്. നമ്മുടെ രാജ്യത്ത് കൃത്യമായ ഒരു മാലിന്യ സംസ്കാരം എന്നുണ്ടായി വരുമെന്ന് ഒരു പിടിയും കിട്ടുന്നില്ല.
ഗംഭീരമായ ഒരു ദിവസമാണ് കടന്നുപോയത്. മേഘാലയയിലെ കലാശക്കൊട്ട് എന്ന് തന്നെ വേണമെങ്കിൽ പറയാം. ശരീരമാകെ നല്ല കടച്ചിൽ ഉണ്ട്. നാളെ അത് കുറച്ചുകൂടി അധികരിക്കും. എങ്കിലും അതിനൊരു മാധുര്യമുണ്ടാകും.
ഇന്നത്തെ ഡബിൾ ഡക്കർ ട്രക്ക് ഓർമ്മയിൽ എന്നും നിറഞ്ഞു നിൽക്കും. എന്നാലും ഡബിൾ ഡക്കർ പാലത്തിന്റെ ഒരു സൊവനീർ വാങ്ങി ഈ ദിവസത്തിന്റെ ഓർമ്മ അരക്കിട്ടുറപ്പിക്കണം എന്ന് എനിക്കുണ്ടായിരുന്നു. രാത്രി ഭക്ഷണം കഴിച്ച ഓറഞ്ച് റെസ്റ്റോറന്റിൽ നിന്ന് നല്ലൊരു സൊവനീർ സംഘടിപ്പിച്ചു. പാറക്കല്ലിന്റെ കനം കുറഞ്ഞ പാളിയിൽ ഡബിൾ ഡക്കർ പാലത്തിന്റെ പടം പ്രിന്റ് ചെയ്തിരിക്കുന്ന ഒരു സൊവനീർ ആണ് അത്.
മേലാകെ എന്തെങ്കിലും കുഴമ്പിട്ട് പിടിക്കണം എന്നുണ്ടായിരുന്നു. ഇന്നാട്ടിൽ എവിടുന്ന് കുഴമ്പ് കിട്ടാൻ. കാലിൽ നന്നായി ഒലിവെണ്ണ തേച്ചുപിടിപ്പിച്ചിട്ടുണ്ട്.
ഇന്ന് നന്നായി ക്ഷീണിച്ചു കിടന്ന് ഉറങ്ങുമെന്ന് ഉറപ്പ്. നാളെ എപ്പോൾ എഴുന്നേറ്റാലും അതിനുശേഷം നാളത്തെ പരിപാടികൾ പദ്ധതിയിടുന്നുള്ളൂ.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#rootbridgeinmeghalaya
#meghalayaindia
#meghalaya
#northeast
#RootBridge
#bridge
#doubledeckerrootbridge
#bluelagoonmeghalaya