
സസൺറൈസ് റിസോർട്ടിൽ നിന്ന് പ്രാതൽ കഴിച്ചശേഷം ഫെ ഫെ വെള്ളച്ചാട്ടത്തിലേക്ക് പുറപ്പെട്ടു. 60 കിലോമീറ്റർ ദൂരം താണ്ടാൻ 2 മണിക്കൂർ സമയമെടുത്തു.
ഫെ ഫെ യിലേക്കുള്ള അവസാനത്തെ രണ്ട് കിലോമീറ്റർ റോഡ് മോശമാണ്. ഫെ ഫെയിലേക്ക് അധികം സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടില്ല എന്നാണ് മനസ്സിലാക്കാൻ ആയത്. മഴക്കാലം അല്ലാത്തതുകൊണ്ട് വെള്ളച്ചാട്ടത്തിൽ വെള്ളം കുറവാണ്. ദൂരെയായി വെള്ളച്ചാട്ടം കാണാം. അതിന്റെ കീഴ്ഭാഗത്തേക്ക് മലയിറങ്ങി പോകണമെങ്കിൽ ഗോത്രവർഗ്ഗക്കാരുടെ സഹായം ലഭ്യമാണ്. അവർ അതിന് 500 രൂപ ഈടാക്കുന്നു. മെലിഞ്ഞുണങ്ങിയ ആ വെള്ളച്ചാട്ടത്തിന്റെ കീഴെ ഇറങ്ങാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല.
അടുത്ത ലക്ഷ്യം ക്യാങ്ക് സുരി വെള്ളച്ചാട്ടം ആയിരുന്നു. അര മണിക്കൂർ യാത്രയുണ്ട് അങ്ങോട്ട്. മുൻപ് മേഘാലയയിൽ വന്നപ്പോൾ ഞാൻ അവിടെ പോയിട്ടുള്ളതാണ്. നദി ഒഴുകിവന്ന പതിക്കുന്നത് ഒരു വലിയ സിമ്മിംഗ് പൂൾ പോലുള്ള ഭാഗത്താണ്. നീല നിറമാണ് അവിടെ വെള്ളത്തിന്. അന്ന് ഞങ്ങൾ ആ വെള്ളത്തിൽ ഇറങ്ങി കുളിച്ചിട്ടുണ്ട്. നീന്തൽ അറിയുന്നവരെ പോലും ലൈഫ് ജാക്കറ്റ് ഇടാതെ ഇറങ്ങാൻ സമ്മതിക്കില്ല. വെള്ളത്തിന് നല്ല തണുപ്പുണ്ടാകും. നീന്തൽ അറിയുന്നവർ പോലും ചിലപ്പോൾ അതിൽ പിടിച്ചു നിന്നെന്ന് വരില്ല. അതുകൊണ്ടാണ് ലൈഫ് ജാക്കറ്റ് അണിയിക്കുന്നത്.
ഇപ്രാവശ്യം ഞാൻ വെള്ളത്തിൽ ഇറങ്ങിയില്ല. വെള്ളച്ചാട്ടത്തിന്റെ കരയിൽ ഇരുന്ന് അതിന്റെ പടം വരച്ച് പെയിന്റ് ചെയ്യുന്ന സ്വിസ്സ് യുവമിഥുനങ്ങളോട് (ക്രിസ്റ്റി & ജോഷ്വ) സംസാരിച്ച് നിന്നു.
അടുത്തതായി പോകാൻ പദ്ധതിയുള്ളത്ത് Shnongpdeng എന്ന ഗ്രാമത്തിലേക്കാണ്. അവിടേയും മുൻപ് ഞാൻ പോയിട്ടുണ്ട്. Umngot നദിയാണ് ഇവിടത്തെ പ്രധാന ആകർഷണം. നദിയിലെ നല്ല തെളി വെള്ളത്തിൽ കുളിക്കാം ബോട്ടിംഗ് നടത്താം നദിക്ക് കുറുകയുള്ള തൂക്കുപാലത്തിലൂടെ നടക്കുകയോ സിപ്പ് ലൈനിൽ സഞ്ചരിക്കുകയോ ചെയ്യാം. ഇവിടെ നദിക്കരയിൽ താമസിക്കാൻ ധാരാളം ടെൻ്റ് സൗകര്യം ഉണ്ട്. അതുപോലെതന്നെ ഭക്ഷണശാലകളും.
ഗ്രാമത്തിൽ ആരോ മരിച്ചത് കാരണം നാളെ ബോട്ടിങ്ങ് സൗകര്യം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ അല്പം വൈകിയ വേളയിലാണ് ചെന്ന് കയറിയതെങ്കിലും, ഇരുട്ട് വീഴുന്നതിന് മുൻപ് ബോട്ട് സവാരി നടത്തി.
സഞ്ചാരികൾ തീരെ കുറവായിരുന്നു ഇന്ന്. അതുകൊണ്ടു തന്നെ വളരെ ശാന്തവും സമാധാനപരവുമായ ബോട്ടിങ്ങ് തരപ്പെട്ടു. നദിയിലേക്ക് വെള്ളം കുത്തിയൊഴുകി വരുന്ന ഭാഗത്തേക്ക് തുഴക്കാരൻ ബോട്ട് കൊണ്ടു ചെല്ലുമ്പോൾ പ്രത്യേക അനുഭൂതിയാണ്.
ഒരിക്കൽക്കൂടി ഈ മനോഹര തീരത്ത് വരുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നതല്ല. മേഘാലയയിൽ വരുന്നുണ്ടെങ്കിൽ മേഘാലയയുടെ നദികളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും സന്ദർശിക്കുക തന്നെ വേണം. അത് എത്ര പ്രാവശ്യം ചെയ്താലും മതിവരില്ല.
നദിക്കരയിലുള്ള റസ്റ്റോറന്റ് നിന്ന് ഭക്ഷണം കഴിച്ചു. മുൻപ് വന്നതിനേക്കാൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് ഇവിടെ. ഗ്രാമം ഒരു ചെറിയ പട്ടണമായി വികസിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു നദി കൊണ്ടുവന്ന വികസനവും ഐശ്വര്യവുമാണ് അത്.
ഇവിടെയും സാമാന്യം നല്ല തണുപ്പുണ്ട്. നദിക്കരയിൽ കാറ്റ് വീശുമ്പോൾ തണുപ്പ് കൂടുന്നു.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#meghalaya
#northeastindia
#northeast
#umngot
#umngotriver
#phephefalls
#kranksuri
#kranksuriwaterfall
#shnongpdeng