
കരിംഗഞ്ചിൽ നിന്ന് കഷ്ടി 30 മിനിറ്റ് യാത്രയേ ഉള്ളൂ ബദർപൂർ കോട്ടയിലേക്ക്. ബദർപൂര്‍ കോട്ട, അവിചാരിതമായി ഈ യാത്രയിലേക്കും എന്റെ കോട്ടകളുടെ ലിസ്റ്റിലേക്കും കടന്നു വന്നതാണെന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നല്ലോ.
അവഗണിക്കപ്പെട്ട രീതിയിലാണ് കോട്ട കിടക്കുന്നത്. അതുകൊണ്ടുതന്നെ സംരക്ഷണം ഇല്ലേയില്ല. അതുകൊണ്ട് ഉണ്ടായ ഗുണം എട്ടുമണിക്ക് തന്നെ കോട്ടയിൽ കയറി കാണാൻ പറ്റി എന്നതാണ്.
* ബാരക് നദിയുടെ തീരത്താണ് കോട്ട നിലകൊള്ളുന്നത്.
* പതിനേഴാം നൂറ്റാണ്ടിലാണ് കോട്ട നിർമ്മിച്ചതായി കണക്കാക്കുന്നത്.
* മുഗൾ കാലഘട്ടത്തിലാണ് കോട്ട നിർമ്മിച്ചതെന്ന് കരുതിപ്പോരുന്നു.
* കഷ്ടി 2000 ചതുരശ്ര അടി വ്യാപ്തി വരുന്ന സമചതുരാകൃതിയിലുള്ള ഒരു നിർമ്മിതിയാണ് ഇത്.
* കോട്ടയുടെ നാല് മൂലകളിലും നാല് കൊത്തളങ്ങൾ ഉണ്ട്.
* കൊത്തളങ്ങളിലും കോട്ടയുടെ ചുമരുകളിലും ദ്വാരങ്ങൾ കാണാം. പുറത്തേക്ക് നിരീക്ഷിക്കാനും തോക്ക് ചൂണ്ടാനും വേണ്ടിയുള്ള സംവിധാനമായി ഇതിനെ കണക്കാക്കാം.
* കോട്ടയുടെ ഒരുവശത്ത് ബാരക് നദിയെ മുറിച്ച് തീവണ്ടിപ്പാതയും മറുവശത്ത് റോഡും(പാലം) കടന്ന് പോകുന്നു.
ഞങ്ങൾ കോട്ടയിൽ ചെല്ലുമ്പോൾ അവിടെ പ്രീ വെഡിങ് ഷൂട്ടിംഗ് നടക്കുകയാണ്. ഞങ്ങളുടെ സന്ദർശനം പെട്ടെന്ന് പൂർത്തിയായി. കോട്ടയ്ക്ക് എതിർവശത്ത് ഉള്ള ഒരു ചെറിയ ചായക്കടയിൽ നിന്ന് പ്രാതലും തരപ്പെടുത്തി. നിനച്ചിരിക്കാതെ ഒരു കോട്ട കാണാൻ പറ്റിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ആസാമിലെ കോട്ടകളീടെ വിക്കിപീഡിയ ലിസ്റ്റിൽ ഈ കോട്ടയുടെ പേരില്ലാത്തത് എന്നെ ആശ്ചര്യപ്പെടുത്തുന്നുമുണ്ട്.
ത്രിപുരയോട് വിട പറയാൻ സമയമായി. മേഘാലയയിലേക്കാണ് അടുത്ത യാത്ര. ഏഴ് സഹോദരിമാരിൽ അവസാനത്തെ സംസ്ഥാനം. ഇന്ത്യയിൽ ഞാൻ വാഹനം ഓടിക്കുന്ന 19 -)മത്തെ സംസ്ഥാനം. പക്ഷേ റോഡ് നേരിട്ട് മേഘാലയയിലേക്ക് കടക്കുന്നില്ല. ആസാമിലേക്ക് കയറിയ ശേഷമാണ് മേഘാലയയിലേക്ക് കടക്കുന്നത്.
ഘാട്ട് റോഡുകൾ പൊതുവേ നല്ലതാണ്. പക്ഷേ ഒന്നിന് പിറകെ ഒന്നായി വലിയ ലോറികൾ പൊയ്ക്കൊണ്ടേയിരിക്കുന്നു. വളവും തിരുവും ധാരാളമുള്ള വഴിയിൽ ആ ലോറികളെ കടന്നുപോകുന്നത് ദുഷ്കരമാണ്. അതുകൊണ്ടാണ് 215 കിലോമീറ്റർ സഞ്ചരിക്കാൻ ആറുമണിക്കൂർ എടുക്കുന്നത്.
മൂന്നേകാൽ മണിക്ക് മുൻപ് ഷില്ലോങ്ങ് വിമാനത്താവളത്തിൽ എത്തേണ്ടതുണ്ട്. പുതിയ ഒരു സഞ്ചാരി ഇന്ന് ഞങ്ങൾക്കൊപ്പം ചേരുകയാണ്. അജുവിനും എനിക്കും ഒപ്പം മുൻപും നോർത്ത് ഈസ്റ്റിൽ സഞ്ചരിച്ചിട്ടുള്ള ഗീതി സംഗീതയാണ് പുതിയ സഹയാത്രിക.
കൃത്യസമയത്ത് തന്നെ എയർപോർട്ടിൽ എത്തി ഗീതിയെ സ്വീകരിച്ചു. വിമാനത്താവളത്തിന് വെളിയിലുള്ള ഒരു റസ്റ്റോറന്റിൽ ഇരുന്ന് അടുത്ത ഒരാഴ്ചത്തേക്കുള്ള യാത്രാ പദ്ധതികൾ തയ്യാറാക്കി.
മിനിയും ബീബിളും ഇന്ന് ഗോഹാട്ടിയിലേക്ക് മടങ്ങുകയാണ്. അവരുടെ തുടർയാത്ര തവാങ്ങിലേക്കാണ്.
അതിനിടയ്ക്ക് ഞാൻ ഷക്കീൽ സാറിനെ വിളിച്ചു. മലബാറുകാരനായ അദ്ദേഹമാണ് മേഘാലയയിലെ ചീഫ് സെക്രട്ടറി. ഷിലോങ്ങിൽ വരുമ്പോൾ നേരിൽ കാണാം എന്ന് അദ്ദേഹത്തോട് ഏറ്റിരുന്നതാണ്. നിയമസഭാ സമ്മേളനത്തിന്റെ തിരക്കിലാണ് അദ്ദേഹം. ആയതിനാൽ ഷിലോങ്ങ് വിടുന്നതിനു മുൻപ് കാണാമെന്ന് സംസാരിച്ച് ഉറപ്പിച്ചു. അദ്ദേഹം വലിയ സഞ്ചാരപ്രിയനാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.
സൺറൈസ് എന്ന ഹോം സ്റ്റേയിൽ താമസ സൗകര്യം ശരിപ്പെടുത്തി. ഭക്ഷണവും അവിടുന്ന് തന്നെ കഴിച്ചു. മേഘാലയയിൽ ത്രിപുരയിലേക്കാൾ തണുപ്പുണ്ട്. 12 ഡിഗ്രിയാണ് രാത്രി താപമാനം. ഒരുപാട് ദിവസങ്ങൾക്ക് ശേഷം വീണ്ടും തണുപ്പ് ആസ്വദിക്കുകയാണ്.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#meghalaya
#northeast
#badarpurfort
#badarpurghat
#badarpur
#assam