Monthly Archives: February 2026

ഉനക്കോടി & ടുയ്സോയ് വെള്ളച്ചാട്ടം. GIE 2025-26. Day#82 – Feb 18)


22
രാവിലെ സ്വാഗത് ഹോട്ടലിൽ നിന്ന് ഇറങ്ങി ഉനക്കോടി ലക്ഷ്യമാക്കി തിരിച്ചു. രണ്ടു വാഹനങ്ങളും പൊടിപിടിച്ച് നാശമായിരിക്കുന്നത് സഹിക്കാൻ പറ്റില്ലെന്ന് ആയിരിക്കുന്നു. കഷ്ടപ്പെട്ട് എവിടെ നിന്നെങ്കിലും വെള്ളം സംഘടിപ്പിച്ച് കഴുകാം എന്ന് വെച്ചാലും അരമണിക്കൂറിനുള്ളിൽ പഴയതുപോലെ ആകും. അത്രയ്ക്ക് പൊടി നിറഞ്ഞ റോഡിലൂടെയാണ് സഞ്ചാരം മുഴുവൻ.

രാവിലെ വാഹനത്തിൽ കയറുന്നതിന് മുൻപ് മിനി പറഞ്ഞത് ഇങ്ങനെയാണ്.

” നിലവിൽ എനിക്ക് ഒരേയൊരു ആഗ്രഹമേ ഉള്ളൂ. ഈ പൊടി ജീവിതത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം. ” പൊടിയുടെ ഭീകരാവസ്ഥ അത്രയ്ക്ക് ഉണ്ടായിരുന്നു.

ഉനക്കോടിയിലേക്കുള്ള മൂന്നര മണിക്കൂർ യാത്രയിൽ അവസാനത്തെ 60 കിലോമീറ്റർ നല്ല വഴി ആയിരുന്നു. അതിനിടയ്ക്ക് ടുയ്സോയ് വെള്ളച്ചാട്ടത്തിന്റെ ബോർഡ് കണ്ടു. ദേശീയപാതയിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലേക്ക് തിരിഞ്ഞാൽ അങ്ങോട്ടെത്താം. ത്രിപുര ടൂറിസത്തിന്റെ ബോർഡുകളിൽ എടുത്തു പറയുന്ന ഒരു വെള്ളച്ചാട്ടമാണ് ടുയ്സോയ്. അങ്ങോട്ട് പോകാതിരിക്കുന്ന പ്രശ്നമില്ല.

ഇടുങ്ങിയ വഴിയാണ് വാഹനം നിർത്തുന്ന ഇടത്ത് നിന്ന് 150 പടികൾ കയറണം 580 പടികൾ ഇറങ്ങണം. എന്നാലേ വെള്ളച്ചാട്ടത്തിൽ എത്തൂ. പകൽ സമയത്ത് 30 ഡിഗ്രിക്ക് മുകളിൽ ചൂട് ഉണ്ട്. വെള്ളച്ചാട്ടത്തിൽ വെള്ളം ഉണ്ടാകുമോ എന്ന സംശയത്തോടെയാണ് അങ്ങോട്ട് നടന്നത്. സംശയം തെറ്റിയില്ല. ശുഷ്ക്കിച്ച വെള്ളച്ചാട്ടമാണ് കാണാൻ കഴിഞ്ഞത്. മഴക്കാലത്ത്, നിറയെ വെള്ളം ഉള്ളപ്പോൾ 60 അടിയോളം ഉയരമുള്ള ആ വെള്ളച്ചാട്ടത്തിന്റെ കാഴ്ച്ച ഗംഭീരം തന്നെയായിരിക്കും.

ഉനക്കോടിയിൽ എത്തിയപ്പോഴേക്കും സൂര്യൻ മുകളിൽ കത്തി നിൽക്കുകയായിരുന്നു. ഉനക്കോടി എന്നാൽ ‘ഒരു കോടിക്ക് ഒന്ന് കുറവ് ‘ എന്നാണ് അർത്ഥം. അതായത് 99,99999 ദൈവങ്ങൾ ഇരിക്കുന്ന ഇടമാണ് ഉനക്കോടി. ഹൈന്ദവ വിശ്വാസപ്രകാരമുള്ള ഒരു ഐതിഹ്യമാണ് അത്.

ഭഗവാൻ ശിവൻ അടക്കമുള്ള ഒരു കോടി ദേവന്മാർ കാശിക്ക് പോകുകയായിരുന്നു. രാത്രി ആയപ്പോൾ എലാവരും ഇവിടെ തങ്ങി. സൂര്യനുദിക്കും മുമ്പ് എഴുന്നേറ്റ് യാത്ര തുടരണം എന്ന നിബന്ധനയിലാണ് തങ്ങിയത്. പക്ഷേ മറ്റു ദേവന്മാർ ആരും സൂര്യോദയത്തിന് മുൻപ് ഉണർന്നില്ല. ക്രുദ്ധനായ ശിവൻ ദേവന്മാരെ എല്ലാവരേയും ശപിച്ച് കല്ലാക്കി ഇവിടെ ഉപേക്ഷിച്ച് തന്റെ യാത്ര തുടർന്നു. അങ്ങനെയാണ് 99,99999 ദൈവങ്ങൾ കല്ലുകളുടെ രൂപത്തിൽ ഇവിടെ ഉണ്ടെന്ന സങ്കൽപ്പം വരുന്നത്.

മലമടക്കുകളിൽ മുഴുവൻ ദൈവങ്ങളുടെ വലിയ രൂപങ്ങൾ കൊത്തി വെച്ചിരിക്കുന്നു. എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്നത് ഗണപതിയുടെ രൂപമാണ്. കാടിനുള്ളിലേക്ക് നടന്നാൽ ചതുർമുഖ ശിവലിംഗവും കാണാം.

7- 9 നൂറ്റാണ്ട് മുതൽക്കുള്ള ശൈവരുടെ ഒരു വലിയ ആരാധനാ കേന്ദ്രമാണ് ഇത്. അക്കാലത്ത് ഇങ്ങനെ ഇത്രയും ഉയരത്തിലുള്ള മലമടക്കുകളിൽ കൊത്തുപണികൾ ചെയ്തത് അവിശ്വസനീയമായ ഒരു കാര്യമാണ്.

കുത്തനെയുള്ള പടികൾ ധാരാളമുണ്ട്. ഞാൻ എല്ലാ പടികളിലൂടെയും കയറിയിറങ്ങി. സ്ക്കൂൾ, കോളേജ് കുട്ടികളുടേയും കുടുംബങ്ങളുടേയും നല്ല തിരക്കുണ്ട്. ത്രിപുരയിൽ വരുന്ന സഞ്ചാരികൾ ഒഴിവാക്കാത്ത ഇടമാണ് ഉനക്കോടി.

ഉനക്കോടിയിൽ നിന്ന് ആസ്സാമിലെ സിൾച്ചറിലേക്ക് കടക്കാൻ ആയിരുന്നു ഞങ്ങളുടെ ആദ്യ പദ്ധതി. ഇതോടുകൂടി ത്രിപുര സന്ദർശനം അവസാനിക്കുകയാണ്.

പക്ഷേ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് അജു ഒരു സന്തോഷവാർത്ത പങ്കുവെച്ചു. ആസ്സാമിലെ കരിംഗഞ്ച് ജില്ലയിൽ ബദർപൂർ എന്ന ഒരു കോട്ട ഉണ്ട്. ഞങ്ങൾ പോകുന്ന വഴിയിലാണ് അത് വരുന്നത്.

നോർത്ത് ഈസ്റ്റിലെ എല്ലാ കോട്ടകളും സന്ദർശിച്ചു കഴിഞ്ഞു എന്ന് കരുതി ഇരിക്കുകയായിരുന്ന എനിക്ക് ഒരേസമയം സന്തോഷവും ആഘാതവും ആയിരുന്നു ആ വാർത്ത. ഈ കോട്ട വിക്കിപീഡിയ ലിസ്റ്റിൽ ഇല്ലായിരുന്നു എന്നതാണ് ആഘാതത്തിന് കാരണം. ഇവിടന്ന് മടങ്ങിയതിന് ശേഷമാണ് ഇത് അറിഞ്ഞിരുന്നെങ്കിൽ വീണ്ടും വരാൻ കഷ്ടപ്പെടുമായിരുന്നു.

കരിംഗഞ്ചിൽ നക്ഷത്ര എന്ന ഹോട്ടലിൽ ഇന്ന് രാത്രി തങ്ങുകയാണ്. കാറുകൾ രണ്ടും സർവ്വീസ് സ്റ്റേഷനിൽ കൊണ്ടുചെന്ന് കഴുകി. ഫോം വാഷ് തന്നെ. ഭക്ഷണം KFCയിൽ ആഘോഷമാക്കി.

നാളെ രാവിലെ ബദർപൂർ കോട്ട കണ്ടതിന് ശേഷം വൈകുന്നേരത്തോടെ ഷില്ലോങ്ങ് എയർപോർട്ടിൽ എത്തണം. പുതിയൊരു സഞ്ചാരി നാളെ ഞങ്ങൾക്കൊപ്പം ചേരുകയാണ്.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#Tripura
#unakodi
#tuisoi
#waterfall
#tuisoiwaterfall