Monthly Archives: June 2026

സാഹിത്യ ചോരണത്തിൻ്റെ കാണാപ്പുറങ്ങൾ


22
കാരൂർ സോമൻ, അദ്ദേഹം പലരിൽ നിന്ന് കട്ടെടുത്തത് പ്രസിദ്ധീകരിച്ച മാതൃഭൂമി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, എന്നീ കക്ഷികൾക്ക് എതിരെയുള്ള എൻ്റെ കേസുകൾ തീർപ്പായതിന് ശേഷം ‘മലയാളത്തിലെ സാഹിത്യ ചോരണങ്ങൾ’ എന്ന പേരിലോ ‘സാഹിത്യ ചോരണത്തിൻ്റെ കാണാപ്പുറങ്ങൾ’ എന്ന പേരിലോ ഒരു പുസ്തകം ഇറക്കാൻ പദ്ധതിയുണ്ട്.

പല ഭാഗങ്ങളാണ് മേൽപ്പറഞ്ഞ പുസ്തകത്തിൽ ഉണ്ടാകുക.

ഭാഗം 1:- എന്താണ് സാഹിത്യ ചോരണം? അത് എത്ര വിധം?

ഭാഗം 2:- മലയാളത്തിലെ (കു)പ്രശസ്തമായ സാഹിത്യ ചോരണങ്ങൾ.

(a) മോഷ്ടാവ് ചോരണം സമ്മതിച്ചത്.
(b) മോഷ്ടാവ് ചോരണം സമ്മതിക്കാത്തത്.

ഭാഗം 3:- എൻ്റെ ഭാര്യയേയും മകളേയും പേരടക്കമുള്ള വരികളും 55 പേജുകളും മോഷ്ടിച്ച കേരളത്തിലെ ഏറ്റവും വലിയ സാഹിത്യ ചോരനും അയാളുടെ മറ്റ് അൽപ്പത്തരങ്ങളും. സുപ്രീം കോടതി വരെ നീണ്ട ആ കേസുകളുടെ നാൾവഴികൾ.

ഭാഗം 4:- ഒരാൾ സാഹിത്യ ചോരണം നടത്താൻ ചാലകമാകുന്ന ഘടകങ്ങളും അതിൻ്റെ കാരണങ്ങളും.

ഭാഗം 5:- സാഹിത്യ ചോരണം മലയാള ഭാഷയ്ക്ക് സമ്മാനിച്ച പദപ്രയോഗങ്ങൾ.

ഭാഗം 6:- സാഹിത്യചോരണവും ഇന്ത്യൻ ശിക്ഷാ നിയമവും.

ഭാഗം 7:- എൻ്റെ നിയമ യുദ്ധത്തിൽ കൂടെ നിന്നവരും അതിനെ പരിഹസിച്ചവരും.

ഭാഗം 8:- സാഹിത്യം മോഷ്ടിക്കുന്നവരെ സംരക്ഷിക്കുന്നവരുടെ മനശാസ്ത്രം.

മേൽപ്പറഞ്ഞ പുസ്തകത്തിൻ്റെ ഭാഗം2-ലേക്ക് പുതിയ ഒരു അദ്ധ്യായം കൂടെ എഴുതിച്ചേർക്കാനുള്ള സാദ്ധ്യത കഴിഞ്ഞ ദിവസങ്ങളിൽ ഉടലെടുത്തത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

ഇങ്ങനെ പോയാൽ കേസുകൾ തീരുമ്പോഴേക്കും എൻ്റെ പുസ്തകത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം വർദ്ധിക്കുമല്ലോ എന്നത് അൽപ്പം ആശങ്കയോടെയാണ് കാണുന്നത്. സാഹിത്യ മോഷ്ടാക്കൾ ഇത്തരത്തിൽ ശുഷ്ക്കാന്തി കാണിച്ചാൽ പല വാള്യങ്ങളായി പുസ്തകം ഇറക്കേണ്ടി വരുമല്ലോ എന്നതും അലട്ടുന്നുണ്ട്.

ഞാൻ 4 കേസുകൾ കൊടുത്തു. എനിക്കെതിരെ 3 കേസുകൾ വന്നു. എൻ്റെ സുഹൃത്തുക്കളായ സുരേഷ് നെല്ലിക്കോട് 2 കേസുകളും വിനീത് എടത്തിൽ 2 കേസുകളുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സുരേഷിനും വിനീതിനും എതിരെ 2 കേസുകൾ ഉണ്ട്. അങ്ങനെ 13 കേസുകളാണ് മൊത്തത്തിൽ ഉള്ളത്. അതിൽ എനിക്കെതിരെയുള്ള ഒരു കേസ് സുപ്രീം കോടതി വരെ പോയി. കേസുകളുടെ വിശദ വിവരങ്ങൾ പങ്കുവെക്കാൻ തൽക്കാലം നിർവ്വാഹമില്ല.

ഇതിനിടയിലൊക്കെ ഉണ്ടായത് രസകരവും സങ്കടകരവുമായ സംഭവ വികാസങ്ങളാണ്. അതുകൊണ്ട് തന്നെയാണ് ഇത് ഒരു പുസ്തകത്തിനുള്ളത് ഉണ്ടെന്ന് തോന്നിയത്. ഈ കേസുകൾ കഴിയുന്നതോടെ മലയാളത്തിലെ ആദ്യത്തെ സാഹിത്യ ചോരണ കേസ് എന്ന നിലയ്ക്ക് ഇതൊരു ബഞ്ച് മാർക്ക് കേസ് ആയി മാറും.

സാഹിത്യചോരണം, ക്രിമിനൽ കേസായിട്ട് തന്നെയാണ് കോടതി പരിഗണിക്കുന്നത്. അതായത്, ഒരാൾ നിങ്ങളുടെ വീട് കുത്തിത്തുറന്ന് പണവും സ്വർണ്ണവും മോഷ്ടിച്ചാൽ ഉണ്ടാകുന്ന ക്രിമിനൽ കേസ് തന്നെയാണ് സാഹിത്യ ചോരണം നടത്തിയാലും ഉണ്ടാവുക. കുറ്റവാളികൾക്ക് സാമാന്യം ഭേദപ്പെട്ട ശിക്ഷ കോടതിയിൽ നിന്ന് വാങ്ങിക്കൊടുക്കാനായാൽ ഭാവിയിൽ മലയാള സാഹിത്യം മോഷ്ടിക്കാൻ പോകുന്നതിന് മുൻപ് രണ്ടാമതൊരു വട്ടം മോഷ്ടാക്കൾ ആലോചിക്കാനുള്ള ഒരു സാദ്ധ്യതയെങ്കിലും ഉണ്ടായാൽ, അത് മലയാള സാഹിത്യത്തെ അൽപ്പമെങ്കിലും ശുദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേസും കൂട്ടവുമായി പോയാൽ, തീർപ്പാകാൻ കാലം ഒരുപാട് എടുക്കും; ഒരുപാട് പണവും ചെലവാകും. അതുകൊണ്ടുതന്നെയാണ് പലരും കേസ് കൊടുക്കാത്തത്. അത് പക്ഷേ കോപ്പിയടിക്കാർക്ക് ഒരു സൗകര്യമായി മാറിയിരിക്കുകയാണ്.
ക്രിമിനൽ കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കണം എന്നാണ് ചട്ടം. എന്നിട്ടും ഞാൻ കൊടുത്തിരിക്കുന്ന ക്രിമിനൽ കേസുകൾ 5 വർഷത്തിലധികമായി ഇഴഞ്ഞു നീങ്ങുന്നു.

പെട്ടെന്നൊരു തീർപ്പ് ഉണ്ടാക്കാൻ പറ്റുക കേരള സാഹിത്യ അക്കാദമിക്ക് ആണ്. അവാർഡുകൾ നൽകുകയും സാഹിത്യ സദസ്സുകൾ സംഘടിപ്പിക്കുന്നതും പോലെ തന്നെ, അക്കാദമി ഇടപെടേണ്ട ഒരു വിഷയമാണ് ഇത്. ഇതിനായി അക്കാദമിയിൽ ഒരു പ്രത്യേക സെല്ല് രൂപീകരിക്കണം. നിയമവിദഗ്ദ്ധർ അടക്കമുള്ളവർ അതിൽ ഉണ്ടാകണം. വലിയ ചട്ടക്കൂടുകൾ ഒന്നുമില്ലാതെ പരാതിക്കാർക്ക് ആ സെല്ലിനെ സമീപിക്കാൻ കഴിയണം. അവിടെ പെട്ടെന്ന് തീർപ്പ് ഉണ്ടാകണം; മുഖം നോക്കാതെ നടപടിയും ഉണ്ടാകണം. കോപ്പിയടിക്കാർ ആണെന്ന് കണ്ടെത്തുന്നവരെ പിന്നീട് അക്കാഡമിയുടെ ഏഴയലത്ത് അടുപ്പിക്കരുത്. അവരുടെ പുസ്തകങ്ങൾ അവാർഡുകൾക്കായി പരിഗണിക്കരുത്. അവരെ സാഹിത്യ സദസ്സുകളിൽ ക്ഷണിതാക്കൾ ആക്കരുത്. അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യണം, ശ്രേഷ്ഠ മലയാളം ചീഞ്ഞ് നാറാതിരിക്കാൻ. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആയിരിക്കുകയാണ് നവമാദ്ധ്യമങ്ങളുടെ ഈ കാലത്ത്. ഇതിലും വലിയ കോപ്പിയടികൾക്കുള്ള സാദ്ധ്യതകളാണ് കാലം തുറന്ന് വെച്ചിരിക്കുന്നത്. ഇതിനൊരു തടയിടാതെ ഇങ്ങനെ തന്നെ പോയാൽ മതി എന്നാണോ?

വാൽക്കഷണം:- പ്രശസ്തരുടെ കൃതികൾ മോഷണം പോയാൽ വലിയ ചർച്ചയാണ് മലയാളത്തിൽ. അക്ഷരാഭ്യാസം ഇല്ലാത്തവരുടെ കൃതികൾ മോഷണം പോയാൽ ങേ ഹേ! ആദ്യത്തേത് ബർബുഡ, രണ്ടാമത്തേത് വള്ളിക്കളസം.