
ഭാഗിക്ക് കേരള സംസ്ഥാനത്തിന് പുറത്തേക്കുള്ള ആദ്യയാത്ര പോകണമെത്ര! വാളയാർ അതിർത്തിക്കപ്പുറമുള്ള ആദ്യത്തെ വലിയ പട്ടണമായ കോവൈ എന്ന കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാമെന്ന് ഏറ്റു.
* പേരില്ലാ ചായക്കട
————————————–

കളമശ്ശേരിയിൽ 50 വർഷത്തിലേറെയായി നടന്നുപോരുന്ന പേരില്ലാത്ത ഒരു ചായക്കടയുണ്ട്. നല്ല ഗംഭീര പ്രാതൽ കിട്ടും അവിടെ. പ്രാതൽ മാത്രമേ ഉള്ളൂ. അത് കഴിഞ്ഞാൽ കട അടക്കും. ‘പേരില്ലാത്ത കട’ എന്നാണ് ഗൂഗിളിലും അടയാളപ്പെടുത്തിയിരിക്കുന്നത്. ഭാഗിയുടെ AI സംവിധാനം കളമശ്ശേരിയെ, കളമശ്രീ എന്നാണ് ഉച്ചരിക്കുന്നത്.
* രാമശ്ശേരി ഇഡ്ഢലി
—————————————–

കളമശ്രീയിൽ നിന്ന് നേരെ പോയത് പാലക്കാട്ടെ രാമശ്ശേരിയിലേക്കാണ്. ബാക്കി പ്രാതൽ അവിടെ ചെന്ന് രാമശ്ശേരി ഇഡ്ഡലി രൂപത്തിൽ കഴിച്ചു!
* ജീഡീ കാർ മ്യൂസിയം
——————————————–

കോവൈയിൽ ചെന്നുകയറി ആദ്യം സന്ദർശിച്ചത് ജി ഡി കാർ മ്യൂസിയം ആണ്. വാഹന പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്ന്. ഈ മ്യൂസിയത്തിന്റെ സ്ഥാപകനായ ജീഡി നായിഡുവിന് വാഹന പ്രാന്ത് തുടങ്ങിയ കാലത്ത് 300 രൂപയ്ക്ക് വാങ്ങിയ ബൈക്ക് മുതൽ റോൾസ് റോയ്സ് വരെയുള്ള വാഹനങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടുതൽ സമയമുണ്ടെങ്കിൽ സയൻസ് മ്യൂസിയവും എക്സ്പിരിമെന്റ് മ്യൂസിയവും എല്ലാം കാണാം.
* വളർമതി മെസ്സ്
———————————
മെസ്സുകൾ ധാരാളമുണ്ട് കോയമ്പത്തൂരിൽ. പലതരം ബിരിയാണികളും സുലഭം. ഈ യാത്രയിൽ ഭക്ഷണവും ദേവാലയങ്ങളുമാണ് കൂടുതലായി കടന്നുവരുന്നത്. തീറ്റാടനം എന്ന് വേണമെങ്കിൽ പറയാം. ഉച്ചഭക്ഷണം വളർമതി മെസ്സിൽ നിന്ന് ചിക്കൻ ബിരിയാണി രൂപത്തിൽ.
* ഇഷ
———-

ഇരുട്ട് വീഴുന്നതിന് മുൻപ് ഇഷയിലെത്തി. ശിവൻ ആണ് അവിടത്തെ മുഖ്യകക്ഷി. ക്ഷേത്രങ്ങൾ, മെഡിറ്റേഷൻ സെന്ററുകൾ, ആശ്രമം, നഷ്സറി, കൃഷിയിടങ്ങൾ, ഭോജനശാല, സൊവനീർ സെൻ്റർ, കാളവണ്ടി യാത്ര എന്നിങ്ങനെ ഒരുപാട് സംവിധാനങ്ങൾ ഉള്ള വലിയൊരു തീർത്ഥാടന സമുച്ചയമാണ് അത്. വെള്ളിയാംഗിരിയുടെ താഴ്വാരത്ത് ഹെക്ടർ കണക്കിന് ഭൂപ്രദേശത്ത് ഇഷ പരന്നു കിടക്കുന്നു. സദ്ഗുരു എന്ന് അറിയപ്പെടുന്ന ജഗദീഷ് വാസുദേവിന്റെ സംരംഭമാണ് ഇത്. 112 അടി ഉയരമുള്ള ആദിയോഗി (ശിവൻ)യുടെ പ്രതിമയും ഇരുട്ട് വീണാൽ അതിനുമേൽ നടത്തുന്ന ലേസർ ഷോയുമാണ് ഇഷയിലെ പ്രധാന ആകർഷണം. ജഗദീഷ് വാസുദേവിന് എതിരെയുള്ള കേസുകളൊന്നും ഇനി ഉയർന്ന് വരാത്ത തരത്തിൽ ശക്തമായ ആദ്ധ്യാത്മിക അടിത്തറയുണ്ട് ഇഷയ്ക്ക് എന്ന് വേണം മനസ്സിലാക്കാൻ.
ലേസർ ഷോ കഴിഞ്ഞ് കോവൈ നഗരത്തിലേക്ക് മടങ്ങി, ഫുഡ് സ്ട്രീറ്റിലെ അത്താഴത്തിന് ശേഷം നഗരത്തിൽത്തന്നെ അന്തിയുറങ്ങി.
* മരുതമലൈ മുരുക ക്ഷേത്രം
———————————————————

“മരുതമലൈ മാമണിയേ മുരുകയ്യാ” എന്ന പ്രശസ്തമായ തമിഴ് ഗാനം എത്ര നാളായി കേൾക്കുന്നു. പക്ഷേ മാരുതൻ ഒരു മര്യാദയുമില്ലാതെ തൂക്കിയടിക്കുന്ന ആ മലയിലെ മുരുകനെ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. ഭാഗിയുടെ ആദ്യത്തെ ഹിൽടോപ്പ് ഡ്രൈവ് കൂടെ ആയിരുന്നു അത്. പാർക്കിങ്ങ് ഇടത്തിൽ നിന്ന് വളരെ കുറച്ചു പടവുകൾ മാത്രം കയറിയാൽ ക്ഷേത്രസന്നിധിയിൽ എത്താം.
* പാലമലൈ രംഗനാഥ ക്ഷേത്രം
————————————————————

രണ്ട് വർഷം മുൻപ് പാലമലയിൽ പോവുകയും ട്രക്കിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. വീണ്ടും വീണ്ടും ഡ്രൈവ് ചെയ്യാൻ തോന്നുന്ന ഒരു ഹിൽ സ്റ്റേഷൻ റൂട്ടാണ് അത്. 50 മീറ്ററിനുള്ളിൽ ഒരിടത്ത് 3 ഹെയർപിൻ തിരിയുന്ന അധികം ഗതാഗതം ഇല്ലാത്ത ഒരു വഴി. മലമുകളിൽ ചെന്നാൽ രംഗനാഥനെ കാണാം സൗജന്യമായി ഉച്ചയൂണും കഴിക്കാം. കഴിഞ്ഞ പ്രാവശ്യം പോയപ്പോൾ ആ മലമുകളിലാണ് തങ്ങിയത്. ശ്രദ്ധിക്കണം, ആന ഇറങ്ങുന്ന ഭാഗമാണ് അത്. രാത്രി ആ വഴി പോകാതിരിക്കുന്നതാണ് ഉചിതം.
* പൂങ്കാൽ അമ്മൻ കോവിൽ
——————————————————

പാലമലയുടെ താഴ്വാരത്തിലാണ് പൂങ്കാൽ അമ്മൻകോവിൽ. അങ്ങോട്ട് എത്തുക അത്ര എളുപ്പമല്ല. മുൻപ് പോയിട്ടുണ്ടെങ്കിലും വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായി. ഭാഗിയുടെ ആദ്യത്തെ ഓഫ് റോഡ് ഡ്രൈവ് എന്ന് ഈ റൂട്ടിനെ വിശേഷിപ്പിക്കാം. അടിവാരത്ത് വാഹനം പാർക്ക് ചെയ്ത് 200ൽപ്പരം പടികൾ കയറിയാൽ ഗുഹയ്ക്കുള്ളിലുള്ള പൂങ്കാൽ കോവിലിൽ എത്താം. എപ്പോൾ ചെന്നാലും ഒറ്റയ്ക്ക് നിന്ന് മലയുടേയും താഴ്വാരത്തിന്റേയും കാഴ്ചകൾ കാണാം എന്നതാണ് ഈ കോവിൽ പരിസരത്തിൻ്റെ പ്രത്യേകത. മയിലുകളുടേയും പക്ഷികളുടേയും മറ്റ് വന്യജീവികളുടേയും ശബ്ദങ്ങളല്ലാതെ വേറൊന്നും ശല്യം ചെയ്യാൻ ഉണ്ടാകില്ല.
* ഈറോഡ് അമ്മൻ മെസ്സ്
————————————————

നഗരത്തിലേക്ക് മടങ്ങി ഈറോഡ് അമ്മൻ മെസ്സിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു. അത്രയും ഗംഭീര പൊറോട്ട മുൻപ് ഒരിടത്ത് നിന്നും കഴിച്ചിട്ടില്ല.
* ഫ്ലൈ ഓവറുകൾ
————————————
കോവൈ നഗരത്തിലെ ഒരു ഫ്ലൈ ഓവർ പോലും ഭാഗി ഒഴിവാക്കിയില്ല. പലതിലും ബോധപൂർവ്വം കയറിയും ചിലതിൽ തെറ്റിക്കയറിയും നഗരം മുഴുവൻ അവൾ ചുറ്റിയടിച്ചു.
മടക്കവഴി വീണ്ടും രാമശ്ശേരിയിൽ ചെന്ന് കുറച്ച് ഇഡലി വാങ്ങി. രണ്ടുദിവസം വരെ കേടാകാതെ ഇരിക്കും എന്നതാണ് രാമശ്ശേരി ഇഡ്ഡലിയുടെ പ്രത്യേകത.
വലിയ യാത്രകൾക്ക് ഭാഗി ഏറെക്കുറെ സജ്ജയാണ്. അത് വൈകാതെ ഉണ്ടാകും. ഈ വർഷം തമിഴ്നാടും കർണ്ണാടകവും തൂത്ത് പെറുക്കിയാലോ എന്നും ആലോചനയുണ്ട്.
വാൽക്കഷണം:- ഇപ്പറഞ്ഞ സ്ഥലങ്ങളെല്ലാം തൃശ്ശൂർ പാലക്കാട് ജില്ലക്കാർക്ക് ഒറ്റ ദിവസം കൊണ്ട് കണ്ടു തീർക്കാനാവും. വെളുപ്പിന് 5 മണിക്ക് വിട്ടാൽ എറണാകുളം ജില്ലക്കാർക്കും പ്രാപ്യമാണ്. ഒരു കിളവൻ ഗൈഡിനെ വേണമെങ്കിൽ പറഞ്ഞാൽ മതി.
#greatindianexpedition
#manojniraksharan