Monthly Archives: January 2026

നമേരിയിൽ റാഫ്റ്റിങ്ങ് (GIE 2025-26. Day#63 – Jan 30)


12
പതിവുപോലെ രാവിലെ വെളിച്ചം വീണപ്പോൾ എഴുന്നേറ്റെങ്കിലും പത്തുമണിവരെ ഉഴപ്പിക്കളിച്ചു. അതിന് കാരണമുണ്ട്.

ഇന്ന് പോകാൻ ഉദ്ദേശിച്ചിരുന്നത് നമേരി ടൈഗർ റിസർവിലേക്കാണ്. അരമണിക്കൂർ യാത്ര ചെയ്താൽ അങ്ങോട്ട് എത്താം. അവിടെ ഒരു വൈൽഡ് ലൈഫ് സഫാരി ചെയ്താലും പിന്നെയും ധാരാളം സമയമുണ്ട് ദിവസം തീരാൻ.

അതുകൊണ്ട് വഴിയിൽ കാണാനിടയായ ചില കടകളിൽ കയറിയിറങ്ങി. ഒരു തെരുവിൽ കൊല്ലന്മാരുടെ ആലകൾ കുറേ ഉണ്ട്. പുതിയ മോഡൽ താവു ചിലത് അവിടെ കണ്ടു.

പകുതി ദൂരം പിന്നിട്ടപ്പോൾ ജിയ ഭൊറോളി നദിക്കരയിൽ ക്യാമ്പ് ചെയ്യാൻ പറ്റിയ ഒരു സ്ഥലം കണ്ടു. തൊട്ടടുത്തുള്ള കടയിലെ പെൺകുട്ടിയോട് അവിടെ ക്യാമ്പ് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. പക്ഷേ ആ കൊച്ചിന് ഹിന്ദി വശമില്ല. അരുണാചലിൽ നിന്ന് ആസാമിലേക്ക് കടക്കുമ്പോൾ ഇത്തരത്തിൽ ഭാഷാപ്രശ്നം നേരിടാൻ തുടങ്ങും. അരുണാചലിൽ എല്ലാവരും ഹിന്ദി സംസാരിക്കും. പക്ഷേ ആസാമിൽ പലയിടത്തും ഹിന്ദി ചിലവാകില്ല.

ആ കടയുടെ വരാന്തയിൽ ഇരുന്നിരുന്ന പ്രായമായ ഒരാൾ ക്യാമ്പിങ് നടക്കില്ല എന്ന് പറഞ്ഞു. രാത്രി ആന ശല്യം ഉണ്ടാകും എന്നതാണ് കാരണം. ഹോ.. ആന ഉണ്ടല്ലോ. നമേരി പാർക്കിൽ ചെന്നാൽ ആനയെ കാണാൻ പറ്റുമെന്ന് സാരം.

പക്ഷേ നമേരി ടൈഗർ റിസർവ്വിൽ എത്തിയപ്പോളാണ് അവിടെ സഫാരി ഇല്ല എന്ന കാര്യം മനസ്സിലാക്കിയത്. ഇത് ബഫർ സോൺ ആണ്. താരതമ്യേന മൃഗങ്ങൾ കുറവ്. അതുകൊണ്ട് ഇവിടെ സഫാരി വിജയിച്ചില്ല. പകരം റാഫ്റ്റിംഗ് ഉണ്ട്.

ഞാൻ റാഫ്റ്റിംഗ് ഏജന്റ് രത്നേ എന്നയാൾക്ക് പിടികൊടുത്തു. 3000 രൂപയാണ് ഒരു ബോട്ടിന്റെ അഥവാ റാഫ്റ്റിൻ്റെ റേറ്റ്. അതല്പം വലിയ തുകയാണ് എങ്കിലും 18 കിലോമീറ്റർ റാഫ്റ്റിംഗ് അത് വ്യാഴം ആയ തുകയാണ് എന്നും തോന്നി. അഞ്ചുപേർക്ക് വരെ റാഫ്റ്റിൽ കയറാം. രണ്ടുപേർ തുഴയും. ഇവിടെ കഷ്ടകാലത്തിന് ഞാൻ ഒറ്റക്കായി പോയി എന്നുമാത്രം.

പലതരം ജലനൗകകളിൽ ഓർമ്മവെച്ച നാൾ മുതൽ ഞാൻ സഞ്ചരിക്കുന്നുണ്ട്. എണ്ണപ്പാടത്തെര്യ ജോലിയുടെ ഭാഗമായി വേറെയും കുറെ ജലനൗകകളിൽ സഞ്ചരിച്ചു. എന്നിട്ട് ഇതുവരെ ഒരു റാഫ്റ്റിൽ ജലയാത്ര നടത്തിയിട്ടില്ല. അങ്ങനെ ഒരു അവസരം നിനച്ചിരിക്കാതെ മുന്നിൽവന്ന് ചാടിയിരിക്കുകയാണ്. പണം ഇന്നു വരും നാളെ പോകും മറ്റന്നാൾ എല്ലാം കൂടെ പോകും എന്നാണല്ലോ മത്തായിച്ചൻ പറഞ്ഞിരിക്കുന്നത്. ഞാൻ റാഫ്റ്റിംഗിന് തലവെക്കാൻ തന്നെ തീരുമാനിച്ചു.

പേരും നാളും അഡ്രസ്സും ആധാർ കാർഡും ഒക്കെ നൽകി ഫോറസ്റ്റ് ഓഫീസിൽ നിന്നും പെർമിറ്റ് എടുക്കണം ആദ്യം. ₹365 അവിടെ കൊടുക്കണം. അത് രത്നേയുടെ പാക്കേജിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഒരു മാരുതി ഓംനിയുടെ മുകളിൽ റാഫ്റ്റ് വെച്ചുകെട്ടി 18 കിലോമീറ്റർ ദൂരത്തുള്ള സ്റ്റാർട്ടിങ് പോയിന്റിലേക്ക് പുറപ്പെട്ടു. അവിടെ ചെന്നപ്പോൾ ആ സ്ഥലം ഞാൻ തിരിച്ചറിഞ്ഞു. രാത്രി ക്യാമ്പ് ചെയ്തോട്ടെ എന്ന് തിരക്കിയ അതേ സ്ഥലം തന്നെ.

അബിനാഷ്, സഞ്ജയ് എന്നിങ്ങനെ രണ്ടുപേരാണ് റാഫ്റ്റ് തുഴയാൻ കയറിയിരിക്കുന്നത്. രണ്ട് പേർക്കും ലൈഫ് ജാക്കറ്റ് ഇല്ല. “എനിക്കുമാത്രം എന്തിന് ലൈഫ് ജാക്കറ്റ്? ” എന്ന് ചോദിച്ചപ്പോൾ അവർ രണ്ടുപേരും നല്ല ഒന്നാന്തരം നീന്തലുകാരാണ് എന്നായിരുന്നു മറുപടി. നദിക്കരയിൽ ക്യാമ്പിങ്ങും പാട്ടും കൂത്തുമെല്ലാം നടക്കുന്നുണ്ട്. റാഫ്റ്റിന് കുറുകെ ഒരു മരപ്പലക ഇട്ട് അതിലാണ് എന്നെ ഇരുത്തിയിരിക്കുന്നത്. റാഫ്റ്റ് മെല്ലെ നീങ്ങിത്തുടങ്ങി.

ആദ്യമാദ്യം ഓളങ്ങൾ ഇല്ലാത്ത നദിപ്പരപ്പിലൂടെ ആണ് റാഫ്റ്റ് നീങ്ങുന്നതെങ്കിലും, ഇടയ്ക്കിടക്ക് വലിയ ഓളവും കുത്തിയൊലിപ്പും ഉള്ള ഭാഗങ്ങളിലേക്ക് റാഫ്റ്റ് ചെന്ന് കയറുന്നു. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ പേടിച്ച് ബുദ്ധിമുട്ടാറുള്ള എനിക്ക് ഇപ്രാവശ്യം അങ്ങനെയൊരു പ്രശ്നം ഉണ്ടായില്ല. അതിന് കാരണമുണ്ട്.

റാഫ്റ്റിൻ്റെ അടിത്തട്ട് കനമുള്ള റബ്ബർ ഷീറ്റ് പോലുള്ള വസ്തു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വെള്ളത്തിലെ ഓളങ്ങളെ ആ ഷീറ്റ് ഉൾക്കൊള്ളുന്നു. അതുകൊണ്ടുതന്നെ റാഫ്റ്റ് ആടിയുലയുന്നില്ല. ഒന്ന് രണ്ട് കുത്തൊഴുക്കിൽ ചാടി കഴിഞ്ഞപ്പോഴേക്കും എന്റെ ഭയപ്പാട് മാറി. പിന്നീടുള്ള കുത്തൊഴുക്കുകളിൽ എങ്ങും പിടിക്കാതെ ഇരിക്കാനുള്ള ധൈര്യം കിട്ടി. മറ്റൊരു രസകരമായ അനുഭൂതി കൂടെ റാഫ്റ്റിലെ സഞ്ചാരത്തിന് ഉണ്ട്.

മറ്റൊരു ജലനൗകയ്ക്കും ഇല്ലാത്ത ഒരു പ്രത്യേകത റാഫ്റ്റിന് ഉണ്ട്. അത് റാഫ്റ്റിൻ്റെ അടിത്തട്ട് തന്നെയാണ്. മറ്റ് ജനനൗകകൾക്ക് ഉറച്ച അടിത്തട്ട് ആണെങ്കിൽ, ഇളകിയാടുന്ന റബ്ബർ ഷീറ്റ് പോലുള്ള അടിത്തട്ടിൽ ചവിട്ടി ഇരിക്കുമ്പോൾ, പുഴയിലെ വെള്ളം സഞ്ചാരിയോട് നേരിട്ട് സംവദിക്കുന്നുണ്ട്. അതിന്റെ ഓളത്തല്ലലും കുതിപ്പും വേഗതയും എല്ലാം സഞ്ചാരിയുടെ കാലിനടിയിൽ അനുഭവപ്പെടുന്നുണ്ട്. അതൊരു പുതിയ അനുഭവമായിരുന്നു എനിക്ക്.

റാഫ്റ്റ് കടന്നുപോകുന്ന ജലപാതയുടെ ഒരുവശത്ത് നമേരി ടൈഗർ റിസർവ് ആണ്. മറുവശത്ത് അല്പസ്വല്പം ആൾക്കാർ താമസിക്കുന്ന ഗ്രാമം. കാടിന്റെ വശത്തുള്ള മണ്ണിലും കല്ലിലും മനുഷ്യന്റെയോ മൃഗങ്ങളുടെയോ പോലും കാൽപാദങ്ങൾ പതിഞ്ഞിട്ടുള്ളത് വളരെ ചുരുക്കം സ്ഥലങ്ങളിലായിരിക്കാം. കാടിനുള്ളിൽ ചില തടാകങ്ങൾ ഉള്ളതുകൊണ്ട് വെള്ളം കുടിക്കാൻ പോലും മൃഗങ്ങൾ ഈ കരയിലേക്ക് വരുന്നത് ചുരുക്കമാണ്. പിന്നെ ഏതെങ്കിലും ഫോറസ്റ്റ് ജീവനക്കാർ വന്നിട്ടുണ്ടെങ്കിലായി. എന്തുകൊണ്ടും കന്യാതീരം എന്നു പറയാവുന്ന പുഴയോരം.

ചിലയിടത്ത് ഉരുളൻ കല്ലുകൾ നിരത്തി നദിയോരം ഏതോ റിസോർട്ടിൽ എന്നപോലെ ഭംഗി പിടിപ്പിച്ചിരിക്കുന്നത് പ്രകൃതി നേരിട്ട് ഇടപെട്ടിട്ടാണ്. അതിമനോഹരം ആയിട്ടാണ് ആ കല്ലുകൾ അടക്കി വെച്ചിട്ടുള്ളത്.

തെക്കുനിന്ന് വടക്കോട്ട് ഒരു വശത്തേക്ക് മാത്രമേ ഇവിടെ റാഫ്റ്റിംഗ് സാധ്യമാകൂ. ഒഴുക്ക് സ്ഥിരമായി ആ ദിശയിലേക്കാണ്. തേസ്പൂർ എത്തുമ്പോൾ ജിയ ബോറോളി നദി ബ്രഹ്മപുത്രയിൽ ലയിക്കുന്നു. അരുണാചലിൽ നിന്നാണ് നദി ആസാമിലേക്ക് എത്തുന്നത്. അരുണാചലിൽ ഈ നദിയുടെ പേര് കാമെങ്ങ് എന്നാണ്.

റാഫ്റ്റ് സഞ്ചരിക്കുന്ന വേഗത മനസ്സിലാക്കാൻ തെളിഞ്ഞു കാണുന്ന പുഴയുടെ അടിത്തട്ടിലേക്ക് നോക്കണം. ജലപ്പറമ്പിൽ കാണുന്ന ചുഴി പോലുള്ള അടയാളങ്ങൾ നമ്മെ തെറ്റിദ്ധരിപ്പിക്കാൻ പോന്നതാണ്. അതിൽ നോക്കിയാൽ വേഗത പിടുത്തം കിട്ടില്ല.

നല്ല ഓളവും ഒഴുക്കും ഉള്ള ഇടങ്ങളിൽ തുഴക്കാർക്ക് പണി കുറവാണ്. അവർ പങ്കായം കൊണ്ട് ദിശ മാത്രം തിരിച്ചാൽ മതി. അല്ലാത്തയിടത്ത് തുഴഞ്ഞു തന്നെ റാഫ്റ്റിനെ മുന്നോട്ട് നീക്കണം. 18 കിലോമീറ്റർ അങ്ങനെ തുഴയുന്നത് അത്ര ചെറിയ പണിയൊന്നുമല്ല. അതുകൊണ്ടുതന്നെ കരയ്ക്കെത്തിയപ്പോൾ തുഴക്കാർക്ക് ഞാൻ കാര്യമായ ടിപ്പ് നൽകി. അതവർക്ക് വലിയ സന്തോഷമായി.

ചെറിയ തണുത്ത കാറ്റേറ്റ്, ഇടയ്ക്ക് ഇളകി മറിയുകയും അല്ലാത്തപ്പോൾ ഭൂരിഭാഗം ശാന്തമായും ഒഴുകുന്ന ജിയ ബോറോളി നദിയിലൂടെയുള്ള റാഫ്റ്റിംഗ് ഗംഭീര അനുഭവമായിരുന്നു. ഇന്ന് റാഫ്റ്റിംഗ് ചെയ്തേക്കാം എന്ന് കണക്കാക്കി വന്നിരുന്നെങ്കിൽ എനിക്ക് ഇത് അത്ര വലിയ കാര്യമായി തോന്നില്ലായിരുന്നു. എന്റെ ബക്കറ്റ് ലിസ്റ്റിൽ പോലും ഇല്ലാത്ത ഒരു കാര്യമാണ് നടന്നിരിക്കുന്നത്. കൂട്ടത്തോടെ റാഫ്റ്റിൽ കയറിയിരുന്നു സാഹസികമായി തുഴഞ്ഞു പോകുന്ന വീഡിയോകൾ കണ്ടിട്ടുണ്ട്. അത്തരമൊരു സാഹസിക പ്രവർത്തി എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നൽ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് റാഫ്റ്റിംഗ് ബക്കറ്റ് ലിസ്റ്റിൽ ഇടം പിടിക്കാതിരുന്നത്. സ്വന്തമായി തുഴഞ്ഞില്ലെങ്കിലും റാഫ്റ്റിൽ കയറിയുള്ള സഞ്ചാരം സാധ്യമായിരിക്കുന്നു. ഇന്നത്തെ ദിനം ധന്യമായിരിക്കുന്നു.

റാഫ്റ്റ് അടുക്കുന്ന കരയിൽ ഫോറസ്റ്റിന്റെ ഓഫീസർ കാത്തു നിൽക്കുന്നുണ്ട്. സവാരിക്ക് പോയവർ തിരിച്ചെത്തുന്നതുവരെ അയാൾക്ക് ഉത്തരവാദിത്വം ഉണ്ടല്ലോ.

ആ കരയിൽ നിന്ന് റാഫ്റ്റിനെ വീണ്ടും മാരുതി ഓംനിയിൽ കയറ്റി കാടിന് ഉള്ളിലൂടെ പ്രധാന പാതയിലേക്ക് കൊണ്ടുവരുന്നു. അതിരാവിലെ ആ വഴിയിലൂടെ ട്രക്കിങ്ങിന് കൊണ്ടുപോകുന്ന പരിപാടിയുണ്ട്. വള്ളത്തിൽ കയറ്റി മറുകരയിൽ എത്തിച്ച് അതിലൂടെ നടക്കാം.

“ആ സമയത്ത് മൃഗങ്ങൾ വന്നാൽ എന്ത് ചെയ്യും?” എന്ന ചോദ്യത്തിന്, “ഈ ഭാഗത്ത് കാര്യമായ മൃഗങ്ങൾ ഇല്ല” എന്നതായിരുന്നു മറുപടി.

നമേരി ടൈഗർ റിസർവിന്റെ പ്രധാന പാതയുടെ ഒരുവശം കൈത്തറി നെയ്യുന്ന സ്ഥാപനങ്ങൾ ഉണ്ട്. അതിൽ ഒന്ന് രത്നേയുടെ സഹോദരിയുടേതാണ്. അവർ എനിക്ക് എല്ലാത്തരം ആസാമീസ് കൈത്തറികളും ഡിസൈനുകളും പരിചയപ്പെടുത്തി. തറിയുടെ പ്രത്യേകതകൾ പറഞ്ഞുതന്നു. ചില തുണിത്തരങ്ങൾ ഞാൻ അവിടെ നിന്ന് വാങ്ങി. തറിയിൽ നെയ്ത് തുണികൾ ഉണ്ടാക്കുന്ന സാധാരണക്കാർക്ക് തുച്ഛമായ കൂലിയാണ് പലപ്പോഴും കിട്ടുക. അതുകൊണ്ടുതന്നെ ഇത്തരം തറികൾ കാണുമ്പോൾ നേരിട്ട് അവരിൽ നിന്ന് വാങ്ങി അവർക്ക് കാര്യമായ ലാഭം കൊടുക്കുകയാണ് ഏതൊരാളും ചെയ്യേണ്ടത്.

രണ്ടു വലിയ കാര്യങ്ങൾ ഇന്ന് നടന്നു. ഇനി വേണ്ടത് ഭാഗിക്ക് തങ്ങാനുള്ള സ്ഥലവും രാത്രി ഭക്ഷണം കിട്ടാനുള്ള ഏർപ്പാടുമാണ്. രത്നേയോട് കാര്യം അവതരിപ്പിച്ചു. അദ്ദേഹം രണ്ട് സ്ഥലങ്ങൾ നിർദ്ദേശിച്ചു. രണ്ടാമത്തേത് കാടിനോട് ചേർന്നുള്ള ജംഗിൾ ക്യാമ്പ് എന്ന റിസോർട്ടാണ്. ഞാൻ അതിൽ പിടിമുറുക്കി.

അത് അതിമനോഹരമായ ഒരു ഇടമാണ്. അത്താഴം റിസോർട്ടിൽ നിന്ന് തരമായി. വാഹനം പാർക്ക് ചെയ്ത് അതിൽ കിടക്കുന്നതിന് പ്രത്യേകിച്ച് നിരക്കൊന്നും ഈടാക്കുകയുമില്ല. ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം?

നല്ല ഒന്നാന്തരം മീൻകറിയും ചപ്പാത്തിയും റിസോർട്ടിൽ നിന്ന് കിട്ടി. ഇവിടെ കാര്യമായ തണുപ്പില്ല. 13 ഡിഗ്രിയാണ് ഓൺലൈനിൽ കാണിക്കുന്നത്. സുഖമായി ഉറങ്ങാമെന്ന് സാരം.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#motorhome
#assam
#rafting
#riverrafting