Monthly Archives: January 2026

ടേങ്ക, രൂപ, & ബോംഡില (GIE 2025-26. Day#62 – Jan 29)


12
തണുത്തുറഞ്ഞ പ്രഭാതമായിരുന്നു ഇന്ന്. ഭാഗിയുടെ മേലാകെ ഐസ് വീണിരുന്നു. മുൻപ് ഇതുപോലെ തണുപ്പ് ഉണ്ടായത് നാഗാലാൻഡിലെ സുലൈഖോ എന്ന ഹിൽ സ്റ്റേഷനിൽ വെച്ചാണ്. അതിനേക്കാൾ തണുപ്പുണ്ടായിരുന്നു ഇന്നലെ രാത്രി ഷേർഗാവില്‍.

ദാവ എന്ന ഹോംസ്റ്റേ ഉടമ, രാത്രി ഭക്ഷണത്തിന്റേയും പ്രാതലിൻ്റേയും പൈസ എന്റടുത്ത് നിന്ന് വാങ്ങിയില്ല. നിങ്ങളെപ്പോലുള്ളവർ ഇതിലേ വരുന്നതാണ് ഞങ്ങളുടെ സന്തോഷം എന്നായിരുന്നു അയാളുടെ കമൻ്റ്.

ഹോം സ്റ്റേയിൽ നിന്ന് ഒരു കിലോമീറ്റർ ഗ്രാമത്തിന് ഉള്ളിലേക്ക് പോയാൽ ഒരു പഴയ മോണാസ്ട്രിയിൽ എത്താം. അതിൻ്റെ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഞാനത് തുറന്ന് അകത്തു കയറി ചിത്രങ്ങൾ എടുത്തു. അരുണാചലിന്റെ ഗ്രാമപശ്ചാത്തലത്തിൽ ആ മൊണാസ്ട്രിയുടെ ചിത്രങ്ങൾക്ക് എന്തൊരു മിഴിവാണെന്നോ.

ഷേർഗാവിൽ നിന്ന് 30 കിലോമീറ്ററോളം തവാങ്ങ് റൂട്ടിലാണ് ടേങ്ക. ചിലർ റ്റെങ്ങ എന്നും ഉച്ചരിക്കുന്നത് കേട്ടു. അതിന് മുൻപായി രൂപ എന്ന ചെറിയ ഗ്രാമം വരുന്നുണ്ട്. രൂപ കഴിഞ്ഞ് തേങ്ങയിലേക്ക് തിരിയുന്നതിന് മുൻപേ എതിർഭാഗത്ത് ബോംഡിലയിലേക്കുള്ള ദിശാസൂചിക കണ്ടു. അങ്ങോട്ട് 17 കിലോമീറ്റർ ദൂരം മാത്രം. ഭാഗിയെ ഞാൻ അങ്ങോട്ട് നയിച്ചു. അത്രയും ദൂരത്തിനുള്ളിൽ 120 അടിയോളം മുകളിലേക്ക് കയറുന്നുണ്ട്. അവസാനത്തെ 5 കിലോമീറ്റർ ദൂരം റോഡിന് വീതി കുറഞ്ഞ് വന്നപ്പോൾ എന്നിലെ അക്രോഫോബിയക്കാരൻ ഉണർന്നു. തണുപ്പ് നല്ല തോതിൽ കൂടിക്കൂടി വന്നു. ഉച്ചയ്ക്ക് ഒരു മണി നേരത്തും ആ പട്ടണം മഞ്ഞിൽ മൂടി നിൽക്കുകയായിരുന്നു. മേഘങ്ങൾ അവിടെയുള്ള കെട്ടിടങ്ങളെ പൊതിഞ്ഞു നിൽക്കുന്ന കാഴ്ച ദൂരെ നിന്ന് തന്നെ കാണാം. വീതി കുറഞ്ഞ റോഡുകളുള്ള സാമാന്യം തിരക്കുള്ള പട്ടണമാണ് ബോംഡില. കുറഞ്ഞ സമയം ആ പട്ടണത്തിലെ വഴികളിൽ കറങ്ങി നടന്ന ശേഷം പെട്ടെന്ന് തന്നെ താഴേക്ക് ഇറങ്ങി.

ഇനി ടേങ്കയിൽ കൂടി നിർത്തിയാൽ ഇന്നത്തെ ലക്ഷ്യങ്ങളെല്ലാം പൂർത്തിയാകുന്നു. ടേങ്കയിൽ ഒരുപാട് പട്ടാള ക്യാമ്പുകൾ കാണാം. ബുദ്ധക്ഷേത്രവും കാന്റീനും മ്യൂസിയവും തൂക്കുപാലവും എല്ലാം ടേങ്കയിൽ. മ്യൂസിയം അടച്ചിട്ടിരിക്കുകയായിരുന്നു. ഞാനാ തൂക്കുപാലത്തിൽ അല്പനേരം ചിലവഴിച്ചു. മരത്തിന്റെ പലകയുള്ള ആ തൂക്കുപാലത്തിലൂടെ സ്കൂട്ടർ ഓടിച്ചു പോകുന്നവരെ ഞെട്ടലോടെ നോക്കി നിന്നു. ഇളകിയാടുന്ന തൂക്കുപാലങ്ങളിൽ നടക്കാൻ പോലും സത്യത്തിൽ എനിക്ക് പേടിയാണ്.

ടേങ്കയിൽ നിന്ന് രണ്ടര മണിക്കൂർ സഞ്ചരിച്ച് (77 കിമീ) താഴേക്ക് ഇറങ്ങിയാൽ ഭാലുക്ക്പോങ്ങ് എന്ന സംസ്ഥാന അതിർത്തി പട്ടണത്തിൽ എത്താം. അത് കഴിഞ്ഞാൽ വീണ്ടും ആസാമിലേക്ക് കടക്കുകയായി.

അങ്ങോട്ടുള്ള മാർഗ്ഗമാദ്ധ്യേ ദുർഗാക്ഷേത്രം, ശിവക്ഷേത്രം എന്നിങ്ങനെ ചെറിയ ചെറിയ ദേവാലയങ്ങൾ ഉണ്ട്. അതിലൊന്നും എനിക്ക് താല്പര്യമില്ല. പക്ഷേ നാഗ ക്ഷേത്രം എന്ന ബോർഡ് ശ്രദ്ധയാകർഷിച്ചു.

ശിവന്റെ ഒരു വലിയ പ്രതിമ ആ റോഡിനോട് ചേർന്ന് തയ്യാറായിക്കൊണ്ടിരിക്കുന്നു. ഞാൻ ഭാഗിയെ റോഡിന്റെ ഓരം ചേർത്തു. 150 ഓളം പടികൾ കയറി ആ കുന്നിന്റെ മുകളിലേക്ക് ചെന്നാലാണ് ക്ഷേത്രസന്നിധിയിൽ എത്തുക. ഈ ക്ഷേത്രത്തെപ്പറ്റി ഒരു കഥ നിലവിലുണ്ട്. ഈ ദേവാലത്തിന്റെ ഉല്പത്തിയുടെ കഥ തന്നെ.

ഭാലുക്ക്പോങ്ങ് – തവാങ്ങ് റൂട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കാലം. 60കളിലെ കഥയാണ്. 99 കിലോമീറ്ററിനും 100 കിലോമീറ്ററിനും ഇടയിൽ രണ്ടു നാഗങ്ങളെ ജനങ്ങൾ സ്ഥിരമായി കാണാറുണ്ടായിരുന്നു. റോഡ് പണിക്കാരിൽ ഒരാൾ ആ ഇണകളിലെ ആൺ പാമ്പിനെ കൊന്നു. അതിനുശേഷം കഷ്ടകാലം തുടങ്ങി. അയാൾ കൊല്ലപ്പെട്ടു. മണ്ണിടിച്ചൽ അടക്കമുള്ള നിരവധി കാരണങ്ങളാൽ റോഡ് പണി മുടങ്ങിക്കൊണ്ടേയിരുന്നു. പലരും ഈ ഭാഗത്ത് സർപ്പദംശനം ഏറ്റ് മരിച്ചു.

എല്ലാത്തിനും പ്രതിവിധി എന്ന നിലയ്ക്കാണ് ഇവിടെ നാഗ ക്ഷേത്രം പണി കഴിപ്പിച്ചത്. അതോടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി എന്നാണ് വിശ്വാസം.

വിശ്വാസം എന്തുമാകട്ടെ. ഈ ക്ഷേത്രം ഇരിക്കുന്ന പ്രദേശം അതിഗംഭീരമാണ്. പടികൾ കയറി മുകളിലേക്ക് ചെന്നാൽ ആ കുന്നിന്റെ പിന്നാമ്പുറത്താണ് എത്തുന്നത്. അവിടന്ന് ഏറെക്കുറെ 360 ഡിഗ്രിയിൽ താഴ്വരയുടെ ദൃശ്യമാണ്. അടിവാരത്തുകൂടെ കലപില ശബ്ദം ഉണ്ടാക്കിക്കൊണ്ട് ടേങ്ക നദി ഒഴുകുന്നു. പോരാത്തതിന് നട്ടുച്ചയ്ക്ക് പോലും നല്ല തണുപ്പും.

ക്ഷേത്രത്തിൽ ഞാൻ മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ദർശനവും പടം പിടുത്തവും എല്ലാം പെട്ടെന്ന് കഴിഞ്ഞു. ഇനി നേരെ ഭാലുക്ക്പോങ്ങിലേക്കാണ്.

ഇപ്രാവശ്യത്തെ യാത്രയിൽ ഇനി അരുണാചലിലേക്ക് വരുന്നില്ല. പക്ഷേ തവാങ്ങ് അടക്കം ചില സ്ഥലങ്ങൾ ബാക്കി വെച്ചിട്ടാണ് ഞാൻ മടങ്ങുന്നത്. കാമുകിയുടെ വീട്ടിൽ കുട മറന്ന് വെക്കുന്ന കാമുകന്റെ ആ പഴയ പുത്തൂരം അടവ് തുടരുന്നു. ഈ മനോഹര ഭൂമിയിലേക്ക് ഇനിയും വരാൻ കാരണങ്ങൾ ഉണ്ടാക്കണമല്ലോ.

തവാങ് വാർ മെമ്മോറിയൽ, നൗക്മാദുങ്ങ് വാർ മെമ്മോറിയൽ, ജസ്വന്ത്ഗർ വാർ മെമ്മോറിയൽ, ബുംല വാർ മെമ്മോറിയൽ,
സുർവ്വ സമ്പ വാർ മെമ്മോറിയൽ, ചിലിപാം മൊണാസ്ട്രി,
ജങ്ങ് വെള്ളച്ചാട്ടം,
തവാങ് മോണാസ്ട്രി,
ഹോളി ട്രീ,
ഗോർസം ചോർടെൻ,
സൻഗെസ്റ്റർ തടാകം,
ബുംല പാസ്സ്,
ഹോളി വെള്ളച്ചാട്ടം,
ദിരങ്ങ് മൊണാസ്ട്രി,
സേല തടാകം,

……എന്നിങ്ങനെയാണ് ബാക്കി കാണാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ്. മൈനസ് താപമാനത്തിൽ ഇവിടെയൊന്നും പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഈ വർഷം അവസാനം തണുപ്പ് കടുക്കുന്നതിന് മുന്നേ വീണ്ടും വരാനാണ് പദ്ധതി.

ഭാലുക്ക്പോങ്ങ് എത്താൻ 6 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ കൊള്ളാവുന്ന ഒരു ഗ്യാസ് സ്റ്റേഷൻ കണ്ടു. അതിനോട് ചേർന്നുള്ള ഒരു ആധുനിക കഫേ ആണ് കൂടുതൽ ആകർഷിച്ചത്. സമയം 4:30 മണി ആയിരിക്കുന്നു. ഏത് നിമിഷവും ഇരുട്ട് വീഴാം. ഞാൻ ഭാഗിയെ ഗ്യാസ് സ്റ്റേഷനിൽ ഒതുക്കി. കഫേയിൽ നിന്ന് അത്താഴവും കഴിച്ചു.

നാളെ അജുവും രണ്ട് സുഹൃത്തുക്കളും ഗോഹാട്ടിയിൽ എത്തും. മറ്റന്നാൾ ഞങ്ങൾ തമ്മിൽ കണ്ടുമുട്ടും. തുടർന്നങ്ങോട്ട് രണ്ട് കാറുകളിലായി ഒരുമിച്ചാണ് യാത്ര.

ഇവിടെ നല്ല ആസ്വാദ്യകരമായ14 ഡിഗ്രി തണുപ്പാണ്.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#hangingbridge
#ArunachalPradesh
#northeastindia
#niraksharan
#motorhome
#northeast
#tengavalley