
കഴിഞ്ഞ രണ്ട് ദിവസമായി പ്രാതലും അത്താഴവും കഴിക്കുന്ന റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം പാഴ്സലായി ക്യാമ്പ് സൈറ്റിൽ എത്തി. റസ്റ്റോറന്റ് നടത്തുന്ന ദമ്പതിമാർ ഇന്ന് ദൂരെയെങ്ങോ പോകുന്നത് കൊണ്ടാണ് അവർ ഭക്ഷണം എത്തിച്ചു തന്നത്. ആൾക്കാരുടെ ഒരു സ്നേഹം നോക്കണേ.
ശിവ്സാഗറിൽ ഇനി പോകാൻ ബാക്കിയുള്ളത് രംങ്ക്ഗർ ആണ്. പ്രാതൽ കഴിച്ച് അങ്ങോട്ട് പുറപ്പെട്ടു. 2023ൽ ഇവിടം ഞാൻ സന്ദർശിച്ചിട്ടുള്ളതാണ്.
പ്രമാട്ട സിംഘ എന്ന അഹം രാജാവാണ് 18-)ം നൂറ്റാണ്ടിൽ, രണ്ട് നിലയുള്ള രംങ്ക്ഗർ എന്ന pavilion നിർമ്മിച്ചത്. പക്ഷി മൃഗാദികളുടെ മത്സരങ്ങൾക്കും വിനോദങ്ങൾക്കും പുറമേ സാംസ്കാരിക പരിപാടികൾ കണ്ട് ആസ്വദിക്കാനും വേണ്ടിയാണ് രാജാവ് ഈ മന്ദിരം ഉപയോഗിച്ചിരുന്നത്. ഒരു ബോട്ട് കമിഴ്ത്തി വെച്ച ആകൃതിയിലാണ് ഇതിന്റെ മേൽക്കൂര. അതിന് മുകളിൽ മക്കാറ എന്ന സാങ്കല്പിക ജീവിയുടെ രൂപവും ഉണ്ട്. പച്ചപ്പുല്ല് വിരിച്ച വലിയൊരു മൈതാനത്തിന്റെ നടുവിലാണ് ഇത് നിലകൊള്ളുന്നത്. അവധി ദിവസമായതുകൊണ്ടാകണം സന്ദർശകരുടെ വലിയ തിരക്ക് ഉണ്ടായിരുന്നില്ല.
രംങ്ക്ഗറിന് ശേഷം മുളയുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പങ്കജ് റായ് എന്ന ആസാമകാരന്റെ വീട്ടിലേക്ക് പോകാനാണ് ഉദ്ദേശിച്ചിരുന്നത്. ഡേവിഡ് ആണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വീട് ഇരിക്കുന്ന നെമുഗുരി എന്ന സ്ഥലത്തേക്ക് 24 കിലോമീറ്റർ ദൂരമുണ്ട് ശിവ്സാഗറിൽ നിന്ന്.
പങ്കജ് ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. കൊറോണ സമയത്താണ്, ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന മുള ഉൽപ്പന്നങ്ങൾ ഉണ്ടാക്കിക്കൊണ്ട് ആസാമിലേക്ക് ജീവിതം പറിച്ചു നട്ടത്. പങ്കജം ഭാര്യ സോണിയും പലവട്ടം കേരളത്തിൽ വന്നിട്ടുണ്ട്. സൗത്ത് ഇന്ത്യക്കാരോട് അവർക്ക് പ്രത്യേക സ്നേഹമാണ്. അവർ ഞങ്ങളെ ചായയും പലഹാരങ്ങളും തന്ന് സ്വീകരിച്ചു. ഞാൻ അവിടെ നിന്ന് മരത്തിലും മുളയിലും ഉള്ള ചില ഉൽപ്പന്നങ്ങൾ വാങ്ങി. ഭാഗിയിൽ അതൊന്നും വെക്കാൻ സ്ഥലമില്ല പങ്കജ് തന്നെ അതെല്ലാം എറണാകുളത്തേക്ക് പാഴ്സൽ ചെയ്യാമെന്ന് ഏറ്റു.
പങ്കജിന്റെ സുഹൃത്തായ മോഹനൻ എന്ന വ്യക്തിയും ഇതുപോലെ തന്നെ മുള, മരം ഉൽപ്പന്നനങ്ങൾ ഉണ്ടാക്കുന്നുണ്ട്. അഞ്ച് കിലോമീറ്റർ മാറിയുള്ള അദ്ദേഹത്തിന്റെ വീടും സന്ദർശിച്ചു. അവിടന്നും ചില ഉൽപ്പന്നങ്ങൾ വാങ്ങി.
അപ്പോഴേക്കും ഇരുട്ട് വീണിരുന്നു. എങ്കിലും കുഴപ്പമില്ല ശിവസാഗറിലെ വഴികൾ ഇപ്പോൾ സുപരിചിതമായിരിക്കുന്നു. റസ്റ്റോറന്റിൽ എത്തിയപ്പോൾ ഞങ്ങൾക്കുള്ള അത്താഴം തയ്യാറാണ്. റസ്റ്റോറന്റിലെ ദമ്പതിമാർ കാര്യമായി ഹിന്ദി സംസാരിക്കില്ല. അവരുടെ ഹിന്ദിയിൽ ആസാമീസ് കാര്യമായി കടന്നു വരും. അതുകൊണ്ട് തന്നെ കാര്യങ്ങൾ മനസ്സിലാക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നിരുന്നാലും അവർ നല്ല രുചികരമായ ഭക്ഷണമാണ് ഈ കഴിഞ്ഞ മൂന്ന് ദിവസവും വിളമ്പിയത്. വിശപ്പിൻ്റേയും രുചിയുടേയും ഭാഷ എന്താണാവോ?!
ഇന്ന് തീ കായാനുള്ള വിറക് കുറവാണ്. ഔദ്യോഗിക ആവശ്യത്തിനായി നൗഷാദ് ഗോഹാട്ടിയിൽ പോയിരിക്കുകയാണ്. അല്ലെങ്കിൽ വിറക് സംഘടിപ്പിക്കാൻ ബുദ്ധിമുട്ടില്ല.
ഭാഗിയുമായി നൗഷാദിന്റെ പുരയിടത്തിലേക്ക് കയറി പിന്നാമ്പുറത്തുള്ള തോട്ടത്തിന്റെ ഭാഗത്തേക്ക് നീങ്ങുമ്പോൾ, ഷൈനി കാറിൽ നിന്ന് ഇറങ്ങി, വീടിന്റെ പുറകിൽ കിടന്നിരുന്ന ചില തടിക്കഷണങ്ങൾ എടുത്ത് കാറിന് മുന്നിൽ നടന്നു.
ഭാഗിയുടെ ശക്തമായ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ ഞാനപ്പോൾ ആ പുളവനെ വ്യക്തമായി കണ്ടു. അഞ്ചടിക്ക് മുകളിൽ നീളമുണ്ട് അതിന്. കറുകറുത്ത ശരീരത്തിൽ തെളിഞ്ഞു നിൽക്കുന്ന മഞ്ഞ വളയങ്ങൾ. മഞ്ഞവരയൻ!!
ഷൈനിയുടെ കാലിനരികിലൂടെയാണ് അത് ഇഴഞ്ഞ് കാറിന് മുന്നിലേക്ക് വന്നത്. ഷൈനി അതിനെ കണ്ടിട്ടേയില്ല. ഭാഗിയുടെ വലതു വശത്തെ ടയറിന് ചേർന്ന് അത് മണ്ണിൽ പതുങ്ങി. ഞാൻ ഭാഗിയെ മെല്ലെ മുന്നോട്ട് എടുത്തു.
സമാധാനം പോയി എന്നു പറഞ്ഞാൽ മതിയല്ലോ. ഇക്കഴിഞ്ഞ രണ്ട് രാത്രികളിൽ ഇരുട്ടത്ത് യാതൊരു സങ്കോചവുമില്ലാതെ നടന്ന ഭാഗത്തൊക്കെ ഇപ്പോൾ കാല് കുത്താൻ പോലും പേടി. പേരിന് കുറച്ചുനേരം തീ കൂട്ടിയ ശേഷം പെട്ടെന്ന് ഭാഗിക്ക് ഉള്ളിലേക്ക് കയറി ഡോർ അടച്ചു.
നാളെ ശിവ്സാഗറിനോട് വിട പറഞ്ഞ് വീണ്ടും നാഗാലാന്റിലേക്ക് കടക്കുകയാണ്. മോൺ ആണ് ആദ്യ ലക്ഷ്യം.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#ahamdynasty
#niraksharan
#northeastindia
#northeast
#rangghar