Monthly Archives: December 2025

അനീനിയിൽ വീണ്ടും ഒരു ദിവസം (GIE 2025-26. Day#32 – Dec 30)


12
ഇന്ന് അല്പം വൈകിയാണ് എഴുന്നേറ്റത്. ലില്ലി തയ്യാറാക്കിയ പ്രാതൽ കഴിച്ച ശേഷം അനീനിയിലെ ബാക്കിയുള്ള സ്ഥലങ്ങളിൽ ചുറ്റിയടിക്കാൻ ആയിരുന്നു പദ്ധതി.

അത് പറയുമ്പോൾ ഷഫീഖ് ഇത്തരം സന്ദർഭങ്ങളിൽ മുന്നോട്ട് വെക്കുന്ന സഹായങ്ങൾ പറയാതെ വയ്യ. ഷഫീഖ് ഒരിടത്ത് 5 മിനിറ്റ് അടങ്ങിയിരിക്കില്ല. ആ സമയം കൊണ്ട് ബൈക്ക് എടുത്ത് എങ്ങോട്ടെങ്കിലും പോകും. ഏതെങ്കിലും ഒരു പുതിയ സ്ഥലം കണ്ടുപിടിച്ച് വരും. വഴിയിൽ കാണുന്ന മനുഷ്യരോട് മുഴുവൻ കുശലം പറഞ്ഞ് സുഹൃത്ത് വലയം സൃഷ്ടിക്കും. പുതുതായി കണ്ടുപിടിച്ച സ്ഥലങ്ങളിലേക്ക് ഞങ്ങളെ കൊണ്ടുപോകും. എന്ത് പ്രശ്നമുണ്ടായാലും മുന്നിൽ നിന്ന് നേരിടും സഹായിക്കും.

ലില്ലിയുടെ ക്യാമ്പിൽ നിന്ന് നോക്കിയാൽ മലമുകളിൽ വലുതായി ANINI എന്ന് എഴുതി വെച്ചിരിക്കുന്നത് കാണാം. ആ മലമുകളിലേക്കുള്ള വഴി രാവിലെ തന്നെ ഷഫീഖ് കണ്ടുപിടിച്ചിരുന്നു.

പ്രാതൽ കഴിഞ്ഞ് അങ്ങോട്ടാണ് ഷഫീഖ് ഞങ്ങളെ കൊണ്ടുപോയത്. അത് കരു എന്ന റിസോർട്ടിൻ്റെ പ്രദേശമാണ്. അവിടെ നിന്ന് നോക്കിയാൽ അനീനി നഗരത്തിൻ്റെ മനോഹരമായ ദൃശ്യമാണ്. അനീനിയിൽ എത്തുന്ന സഞ്ചാരികളിൽ കുറച്ചു പേരെങ്കിലും അവിടെ എത്തുന്നുണ്ട്.

നല്ല തണുത്ത കാറ്റ് വീശിയടിക്കുണ്ടായിരുന്നു. ഞാൻ ANINI യുടെ A വരെ നടന്നിറങ്ങി നോക്കി. അത് എത്ര വലിയ അക്ഷരങ്ങൾ ആണെന്ന് അപ്പോളാണ് മനസ്സിലായത്.

ആ വഴി വീണ്ടും മുന്നോട്ടുപോയാൽ ഇനിയുമുണ്ട് മറ്റ് സഞ്ചാരികൾ ചെന്നെത്താത്ത സ്ഥലങ്ങൾ. മുള കൊണ്ട് ഉണ്ടാക്കിയ ഒരു പാലത്തിലാണ് പിന്നീട് ചെന്നെത്തിയത്. അതിന് നടുക്ക് ഒരു ത്രിവർണ്ണ പതാകയും ഉണ്ട്. എന്തിനാണ് ആ പാലം അവിടെ ഉണ്ടാക്കിയിരിക്കുന്നത് എന്ന് മനസ്സിലായില്ല. ഞങ്ങൾ അതിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ആ പ്രദേശം ശരിക്കും ആസ്വദിച്ചു. ഇരുവശങ്ങളിലും വലിയ മലകൾ ഉണ്ട്. ഇടതു വശത്തെ മലയ്ക്ക് കീഴെ വലിയൊരു സെറ്റിൽമെന്റ് കാണാം. പട്ടാളക്കാരുടേത് അല്ലെങ്കിൽ ഏതെങ്കിലും കമ്പനിയുടെ ക്യാമ്പ് ആകാനാണ് സാദ്ധ്യത. ഒരു ഗ്രാമം ആയിരുന്നെങ്കിൽ ഷഫീഖ് ഉറപ്പായും രാവിലെ തന്നെ അവിടെ ചെന്നെത്തുമായിരുന്നു.

ഉച്ച സമയത്ത് മുഴുവൻ അനീനി പട്ടണത്തിൽ കറങ്ങി. ഒരു ചെറിയ റസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ചു. അരുണാചലിന്റെ ഓർമ്മയ്ക്കായി ഒരു തോൾസഞ്ചി വാങ്ങി.

മടങ്ങി ക്യാമ്പിൽ എത്തിയ ഉടനെ ഷഫീഖ് ചൂട് വെള്ളത്തിൽ കുളിച്ച് വന്നു. എനിക്ക് പക്ഷേ ചൂടുവെള്ളം കിട്ടിയില്ല. തണുത്ത വെള്ളത്തിലെ കുളിയും അലക്കും കഴിഞ്ഞപ്പോഴേക്കും കൈകൾ മരവിച്ചിരുന്നു. അപ്പോൾ മുതൽ തീ കാഞ്ഞ് ശരീരത്തിലെ ചൂട് തിരിച്ച് പിടിച്ചു.

രാത്രി 3 ഡിഗ്രിയാണ് താപമാണ്. വെളുപ്പിന് അത് 0 ആകുന്നുണ്ട്. അതെന്തായാലും രാവിലെ 5 മണിക്ക് അനീനി തന്ന ഗംഭീര അനുഭവങ്ങളുമായി അനീനിയിൽ നിന്ന് റോയിങ്ങിലേക്ക് മടങ്ങുകയാണ്.

ഇന്ന് മയോദിയ പാസ്സിൽ മഞ്ഞ് വീണതായ റിപ്പോർട്ട് ഉണ്ട്. അങ്ങനെയാണെങ്കിൽ മടക്ക യാത്ര കൂടുതൽ കഠിനമാകും. എങ്ങോട്ടു വന്നപ്പോൾ ഉണ്ടായ ദുരിതങ്ങൾ ഞാൻ പറഞ്ഞിരുന്നല്ലോ.

നാളെ തിരികെ റോയിങ്ങിൽ എത്തിയാൽ അവിടെ പുതുവത്സര രാവ് ആഘോഷിക്കാനാണ് പരിപാടി. എത്തിയാൽ എത്തി എന്ന് പറയാം. ആ വഴിയുടെ കാര്യം ആലോചിക്കുമ്പോൾ തന്നെ നല്ല ഭയമുണ്ട്.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#anini
#northeastindia
#northeast
#motorhomelife
#ArunachalPradesh