Monthly Archives: December 2025

ടിബറ്റ് അതിർത്തിയിൽ (GIE 2025-26. Day#31 – Dec 29)


12
രാവിലെ ‘ലെയാക്ക’ ഹട്ട്സിൽ ലില്ലി വിളമ്പിയ പ്രാതൽ കഴിഞ്ഞശേഷം അവരുടെ സഹായത്തോടെ ഒരു ടാക്സി ഏർപ്പാടാക്കി.

അനീനിയുടെ പരിസരത്ത് ധാരാളം സ്ഥലങ്ങൾ കാണാനുണ്ട്. അതെല്ലാം ഒരു ദിവസം കൊണ്ട് കണ്ടു തീർക്കണമെങ്കിൽ ഒരു ലോക്കൽ ടാക്സി ഡ്രൈവറുടെയോ ഗൈഡിന്റെയോ സഹായം ആവശ്യമാണ്. അതുകൊണ്ടാണ് ടാക്സി ഏർപ്പാട് ചെയ്തത്. ഒരു ദിവസത്തെ ടാക്സി നിരക്ക് 5000 രൂപയാണ്.

ജിൻ്റോ എന്നാണ് ഡ്രൈവറുടെ പേര്. അദ്ദേഹം ബിരുദാനന്തര ബിരുദധാരിയും ഒരു സ്കൂളിലെ താൽക്കാലിക അദ്ധ്യാപകനുമാണ്.

ജിൻ്റോ ആദ്യം ഞങ്ങളെ കൊണ്ടുപോയത് ബ്രൂണി എന്ന അതിർത്തി ഗ്രാമത്തിലേക്കാണ്. 74 കിലോമീറ്റർ ദൂരമുണ്ട് അങ്ങോട്ട്. രണ്ട് മണിക്കൂറോളം യാത്ര. അനീനിയിലെ അവസാന ഗ്രാമമാണ് ബ്രൂണി. അതിനപ്പുറം ടിബറ്റ് ആണ്. ബ്രൂണിയിലേക്കുള്ള വഴി അതിമനോഹരമാണ്. ഇരുവശവും പർവ്വത നിരകൾ. അതിന് ഇടയിലുള്ള സമതല പ്രദേശത്താണ് റോഡ്. ഒരു വശത്ത് ഡ്രി നദി ഒഴുകുന്നു. പൈൻ മരങ്ങളും മുളകളും നിറഞ്ഞ ആ താഴ്വരയിലേക്ക് മലമുകളിൽ പലയിടത്ത് നിന്നായി വെള്ളച്ചാട്ടങ്ങൾ ഒഴുകിയെത്തുന്നു. ചെറുതും വലുതുമായി അരഡസണിൽ അധികം വെള്ളച്ചാട്ടങ്ങളുണ്ട്. മഴക്കാലമല്ലാത്തത് കൊണ്ട് അതിൽ ചിലത് വറ്റിയിരിക്കുന്നു.

അഹി, മാവു, മാട്ടു എന്നീ മൂന്ന് വെള്ളച്ചാട്ടങ്ങളിലേക്ക് അദ്ദേഹം ഞങ്ങളെ കൊണ്ടുപോയി. 500 അടിയെങ്കിലും ഉയരത്തിൽ നിന്ന് വീഴുന്ന ഈ വെള്ളച്ചാട്ടങ്ങളുടെ കാഴ്ച അതീവ ഹൃദ്യമാണ്.

മാവു വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ വച്ചാണ് മംഗലാപുരത്തുകാരൻ മൻസൂറിനെ പരിചയപ്പെട്ടത്. സോഫ്റ്റ്‌വെയർ ജോലിയൊക്കെ ഉപേക്ഷിച്ച് വർഷത്തിൽ ഒൻപത് മാസവും ഇന്ത്യയിൽ ചുറ്റിയടിക്കുന്നു. പ്രായം എന്റേത് തന്നെ. അദ്ദേഹവും മകളും ഒരു മോട്ടോർ ഹോമിലാണ് സഞ്ചരിക്കുന്നത്. കൂടെ മറ്റ് രണ്ട് സഞ്ചാരികളും ഉണ്ട്. അവർക്കുള്ള താമസ സൗകര്യം ഏതെങ്കിലും റിസോർട്ടുകളിൽ നേരത്തെ ബുക്ക് ചെയ്യും. അങ്ങനെ സഞ്ചാരികളുമായി ഇന്ത്യയിൽ സഞ്ചരിക്കുക എന്നതാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സ്ഥിരം പരിപാടി.

ഇതിനു പുറമേ ഡ്രി അഫ്ര, ചിഗു എന്നീ രണ്ട് ക്യാമ്പിങ്ങ് സൈറ്റുകളിലും ഞങ്ങൾ ചെന്ന് കയറി. ഡ്രി നദിയുടെ തീരത്താണ് ഈ രണ്ടു ക്യാമ്പുകളും സജ്ജീകരിച്ചിരിക്കുന്നത്. കോട്ടേജുകളിൽ താമസിക്കണമെന്നുള്ളവർക്ക് അങ്ങനെയും ടെന്റടിച്ച് താമസിക്കണം എന്നുള്ളവർക്ക് അങ്ങനെയും സൗകര്യമുണ്ട്. ഇത്തരം സ്ഥലങ്ങളിലെല്ലാം ചെല്ലുമ്പോൾ ശ്രദ്ധിച്ച മറ്റൊരു കാര്യം റൈഡേഴ്സ് ക്ലബ്ബിന്റെ സ്റ്റിക്കറുകൾ അവർ ഇവിടെയെല്ലാം പതിപ്പിച്ചിട്ടുണ്ട് എന്നതാണ്.

സത്യത്തിൽ ടാക്സി പിടിച്ചാല്ലായിരുന്നെങ്കിൽ ഈ പറഞ്ഞ സ്ഥലങ്ങളിലൊക്കെ ഞങ്ങൾ പോകുമായിരുന്നില്ല.

അവസാനമായി പോയത് ഗിപുലിൻ (gipulin) ഗ്രാമത്തിലേക്കാണ്. ഞങ്ങൾക്കുള്ള ഉച്ചഭക്ഷണം അവിടെയാണ് ഏർപ്പാട് ചെയ്തിരിക്കുന്നത്. പരമ്പരാഗത അരുണാചൽ ഭക്ഷണം കിട്ടുമെന്നതാണ് പ്രത്യേകത. പക്ഷേ നിരക്ക് അല്പം കൂടുതലാണ്. ബാംബൂ ഷൂട്ട് ചേർത്ത് ഉണ്ടാക്കിയ ചിക്കൻ കറിയും ലോക്കൽ പരിപ്പ് കറിയും പച്ചക്കറിയും എല്ലാം ചേർന്നുള്ള ഊണിന് 500 രൂപയാണ് നിരക്ക്.

ആ വീട്ടിൽ പരമ്പരാഗത അരുണാചൽ വേഷങ്ങളണിഞ്ഞ് ഫോട്ടോ ഷൂട്ടിനുള്ള സൗകര്യവും ഉണ്ട്. നാലോ അഞ്ചോ വീടുകൾ മാത്രമുള്ള വളരെ വൃത്തിയുള്ള ഒരു ഗ്രാമമാണ് അത്. വഴിയിൽ പലയിടത്തും മിഥുൻ യഥേഷ്ടം മേയുന്നത് കാണാം. ഞങ്ങളതിൻ്റെ തൊട്ടടുത്തു നിന്ന് ധാരാളം പടങ്ങൾ എടുത്തു. അവർ തീരെ ഉപദ്രവകാരികൾ അല്ല.

ജിൻ്റോ ഞങ്ങളെ തിരികെ ക്യാമ്പിൽ വിട്ടപ്പോഴേക്കും ഇരുട്ട് വീണിരുന്നു. പക്ഷേ സമയം അഞ്ച് മണി പോലും ആയിട്ടില്ല.

ഇന്ന് പോയ സ്ഥലങ്ങളിൽ വിശദമായി ഒന്നുകൂടെ നാളെ പോകാനാണ് ഞങ്ങളുടെ പദ്ധതി. അനീനിയുടെ സൗന്ദര്യം അത്രയ്ക്ക് ഞങ്ങളെ ആകർഷിച്ചിരിക്കുന്നു.

തണുപ്പ് ഇന്നലത്തേക്കാൾ ഒരു ഡിഗ്രി കൂടുതലാണ് ഇന്ന് രാത്രി.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeast
#northeastindia
#anini
#ArunachalPradesh