Monthly Archives: December 2025

കൊൽക്കത്ത (GIE 2025-26. Day#04 – Dec 02)


12
രാവിലെ ഭാഗിയെ കഴുകി സുന്ദരിയാക്കി, തുണികൾ കഴുകി, സ്വയം കഴുകി 8 മണിയോടെ ബ്രഹ്മപൂരിൽ നിന്ന് യാത്ര തുടർന്നു.

ബർദ്ധമാനിൽ തങ്ങാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും, കൊൽക്കത്തയിലുള്ള സുഹൃത്ത് ജാവേദ് Javed Parvesh രണ്ട് ദിവസം മുന്നേ വിളിച്ച് “കൊൽക്കത്തയിൽ എത്തുമ്പോൾ കാണണം” എന്ന് പറഞ്ഞത് ഓർമ്മ വന്നു. അത് പ്രകാരം ജാവേദിൻ്റെ ലൊക്കേഷൻ വാങ്ങി അങ്ങോട്ട് നീങ്ങി.

വടക്കൻ സംസ്ഥാനങ്ങളിൽ, രാവിലെ തന്നെ പ്രവർത്തന ക്ഷമമായ റസ്റ്റോറൻ്റുകൾ കണ്ടെത്തുക ബുദ്ധിമുട്ടാണ്. അതിനായി സമയം കളയാതെ വണ്ടിയിൽ ഉണ്ടായിരുന്ന ക്വിവിയും ബിസ്ക്കറ്റും കഴിച്ച് പ്രാതൽ അവസാനിപ്പിച്ചു.

വിശാലമായ പാടശേഖരങ്ങൾക്കിടയിലൂടെ ആറ് വരിപ്പാത നീണ്ട് നിവർന്ന് കിടക്കുന്നു. പലയിടത്തും കോൺക്രീറ്റ് പാതകൾ പൊട്ടിയത് കൊണ്ടും ആ പാതകൾക്ക് ടാർ റോഡുകളെ അപേക്ഷിച്ചു നിരപ്പ് കുറവായതുകൊണ്ടും ഭാഗിക്ക് വേഗത കുറവായിരുന്നു. വലിയ ഒരു പാലത്തിലേക്ക് കടന്നപ്പോൾ ഭാരതപ്പുഴ പോലെ ഭാഗികമായി വറ്റിയ ആ നദി കാത്തജോഡി ആണെന്ന് ഗൂഗിൾ മാപ്പിൽ നിന്ന് മനസ്സിലാക്കി. ഈ നദികൾ എല്ലാം നിറഞ്ഞൊഴുകിയിരുന്ന ഒരു കാലത്തേക്ക് ടൈം മെഷീനിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ!

12 മണി മുതൽ, ഉച്ചഭക്ഷണത്തിനായി വെടിപ്പും വൃത്തിയുമുള്ള റസ്റ്റോറന്റുകൾക്ക് വേണ്ടി പരുതിത്തുടങ്ങി. കൊച്ചിയിൽ നിന്നോ ബാംഗ്ലൂരിൽ നിന്നോ പുറപ്പെട്ടു പോരുന്ന ഒരാൾക്ക് ആമ്പിയൻസ് വലിയ വിഷയം ആണല്ലോ. അത്തരം ഭോജനശാലകൾ ഒന്നും ഈ വഴിയിൽ പ്രതീക്ഷിക്കരുത്. ഒരു വീടിന്റെ അന്തരീക്ഷമാണ് പല റസ്റ്റോറൻ്റുകൾക്കും. അതിലൊന്ന് കയറി ഒഡീഷ വെജ് താലി ഓർഡർ ചെയ്തു. നാളിതുവരെ കണ്ടിട്ടില്ലാത്ത പച്ചക്കറി വിഭവങ്ങൾ രണ്ട് പ്ലേറ്റിലായി നിരന്നു. മുഴുവൻ കഴിച്ചു തീർക്കാൻ പറ്റിയില്ല. 200 രൂപയ്ക്ക് അത് വിഭവസമൃദ്ധമായ സദ്യ തന്നെ ആയിരുന്നു. ഒഡീഷയിലെ ആദ്യ ഭക്ഷണമായിരുന്നു അത്.

അധികം വൈകാതെ ഡൽഹി കൊൽക്കത്ത ഹൈവേയിൽ കയറി. പിന്നീടങ്ങോട്ട് ഗതാഗത തിരക്ക് ഏറിക്കൊണ്ടിരുന്നു. 100 കിലോമീറ്റർ പോകാൻ രണ്ടര മണിക്കൂർ. അവസാനത്തെ 20 കിലോമീറ്റർ പോകാൻ ഒരു മണിക്കൂർ എന്ന നിലയിലേക്ക് തിരക്ക് വർദ്ധിച്ച് വന്നു.

അതിനിടയ്ക്ക് ഫ്ലൈ ഓവറുകളിലെ ആശയക്കുഴപ്പം കാരണം രണ്ട് പ്രാവശ്യം വഴി തെറ്റി, അരമണിക്കൂർ വൈകിയാണ് ജാവേദിന്റെ വീട്ടിലെത്തിയത്. ഒരു പുതിയ നഗരത്തിൽ എത്തിയാൽ ആ നഗരത്തിനെ വലം വെക്കേണ്ടത് ജയിലിലെ ‘നടയടി’ പോലുള്ള ഒരു നടപടിയാണ്. അതിൽ നിന്ന് ഒഴിവാകാൻ ആവില്ല. ആ പ്രക്രിയയ്ക്ക് ഇടയിൽ, പഴയ പാലത്തിലൂടെ കടക്കാനായില്ലെങ്കിലും പുതിയ പാലത്തിലൂടെ ഹൂഗ്ലി നദി മുറിച്ചു കടന്നു. 637 കിലോമീറ്റർ ഇന്ന് ഭാഗി സഞ്ചരിച്ചിരിക്കുന്നു.

പരമ്പരാഗത ബംഗാളി വീടുകളുള്ള സതേൺ അവന്യൂവിലെ ഒരു പഴയ വീട് തപ്പി കണ്ടുപിടിച്ച് അതിലാണ് ജാവേദ് താമസിക്കുന്നത്.

ഓൺലൈൻ സൗഹൃദം ഞങ്ങൾ ഓഫ്‌ലൈൻ ആക്കി. ജാവേദിന്റെ വാഹനത്തിൽ ബംഗാൾ തെരുവുകളിലൂടെ അല്പസ്വല്പം കറങ്ങി, ഒരു പഴയ കെട്ടിടത്തിന്റെ ആറാം നിലയിലുള്ള വാട്ട്സപ്പ് കഫെയിൽ നിന്ന് അത്താഴം കഴിച്ചു. അന്തരീക്ഷത്തിന് ചെറിയ തണുപ്പുണ്ട്.

രാത്രി ഏറെ നേരം പല കാര്യങ്ങൾ പറഞ്ഞിരുന്ന് വൈകി. അതുകൊണ്ട് ഈ കുറിപ്പ് എഴുതാൻ വൈകി. രാവിലെയാണ് ഇത് പൂർത്തിയാക്കുന്നത്. ക്ഷമിക്കുക. ഒരിടത്ത് ചെന്നാൽ അവിടെയുള്ള മനുഷ്യരുമായി ഇടപഴകുന്നതിനാണല്ലോ പ്രാധാന്യം നൽകേണ്ടത്.

നാളെ ഇന്ത്യയുടെ ചിക്കൻ നെക്ക് അഥവാ കോഴിക്കഴുത്ത് എന്ന് അറിയപ്പെടുന്ന സിലിഗുരിയിലേക്കാണ് യാത്ര. 13 മണിക്കൂർ യാത്ര കാണിക്കുന്നുണ്ട് അത് പൂർത്തിയാക്കാൻ സാദ്ധ്യതയില്ല.

ഇന്നലത്തെ ശുഭരാത്രി അൽപ്പം വൈകി പറയുന്നു. ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#caravanlifestyle
#motorhomelifestyle
#motorhome
#caravan
#kolkata