Monthly Archives: January 2026

മജുലിയിലെ സത്രകൾ (GIE 2025-26. Day#55 – Jan 22)


12
രാവിലെ റിസോർട്ടിൽ നിന്ന് പ്രാതൽ കഴിച്ച ശേഷം ഭാഗിയുമായി മജുലിയുടെ തെരുവുകളിലേക്ക് ഇറങ്ങി.

മജുലിയിൽ ധാരാളം സത്രകൾ ഉണ്ടെന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നല്ലോ. ദഖിൻപഥ്, ഗാരാമുർ, ഔന്നതി, കമലാബാരി, സമോഗുരി, ബെൻഗനഅതി, എന്നിവയാണ് അത്. ഞാൻ അതിൽ സമോഗുരി എന്ന ഒരു സത്ര മാത്രമേ ഇന്നലെ കണ്ടിട്ടുള്ളൂ. അത് വിവാഹം കഴിക്കുന്നവരുടെ സത്രയാണ്. വിവാഹം കഴിക്കാത്തവരുടേത് അടക്കം പറ്റുന്നത്ര സത്രകൾ കാണുക എന്നതായിരുന്നു ഇന്നത്തെ പദ്ധതി.

വൈഷ്ണവിസത്തിൻ്റെ ഈറ്റില്ലങ്ങളാണ് സത്രകൾ. മതപഠനങ്ങളും ക്ഷേത്രവും സന്യാസിമാർക്ക് താമസിക്കാനുള്ള സൗകര്യവുമൊക്കെ സത്രയിലുണ്ട്. മലയാളത്തിലെ സത്രം എന്നതിനേക്കാൾ മുകളിൽ നിൽക്കുന്നു സത്രകൾ.

ആദ്യം പോയത് ഔന്നതി സത്രയിലേക്കാണ്. കണ്ടതിൽ ഏറ്റവും വലിയ സത്ര അതാണ്. അതിൻ്റെ ചുറ്റുമതിലിന് അകത്തേക്ക് പോലും ചെരുപ്പിട്ട് കയറാൻ അനുവാദമില്ല. പ്രതിഷ്ഠകൾ ഉള്ള പ്രധാന കെട്ടിടത്തിന് നാംഘർ എന്നാണ് പേർ. നാംഘർ കൂടാതെ മ്യൂസിയവും സന്യാസിമാർക്ക് താമസിക്കാനുള്ള കെട്ടിടങ്ങളും വലിയ ചതുരക്കുളവും അടക്കം ധാരാളം നിർമ്മിതികൾ ആ പുരയിടത്തിൽ ഉണ്ട്.

എനിക്ക് താൽപ്പര്യം കൂടുതൽ മ്യൂസിയത്തിൽ ആയിരുന്നു. 10 രൂപ ടിക്കറ്റ് എടുത്ത് അകത്ത് കടന്നു. അഹം രാജവംശത്തിൻ്റേതായ പാത്രങ്ങളും ആയുധങ്ങളും അടക്കം പഴയ കാലത്തിൻ്റെ അവശേഷിപ്പുകൾ പലതും അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. പക്ഷേ നിർഭാഗ്യവശാൽ അതിനകത്ത് പടങ്ങൾ എടുക്കാൻ അനുവാദമില്ല. അക്കൂട്ടത്തിൽ എന്നെ ഏറ്റവും ആകർഷിച്ചത് വളരെ ചെറിയ ഒരു പ്രസ്സ് ആണ്. 1869 ൽ ഇംഗ്ലണ്ടിൽ Bgarret Maidstone എന്ന കമ്പനി നിർമ്മിച്ച ആ അച്ചടി യന്ത്രം കൈകൊണ്ട് പ്രവർത്തിപ്പിക്കുന്നതാണ്. അക്കാലത്തെ സത്രാധികാരി ദത്ത ദേവ ഗോസ്വാമിയുടെ സ്വത്തായിട്ടാണ് അത് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്ന് അക്കാലത്ത് ഇത്തരമൊരു പ്രസ്സ് ഇറക്കുമതി ചെയ്യണമെങ്കിൽ സത്രാധികാരികൾ ധനാഢ്യരാകാതെ തരമില്ല.

നാംഘറിനോട് ചേർന്നുള്ള കെട്ടിടത്തിൽ വലിയൊരു തടി കിടത്തിയിട്ടിരിക്കുന്നു. അതിന് പറയാൻ വലിയൊരു ചരിത്രമുണ്ട്. അഹം രാജാവ് ചന്ദ്രകാന്ത സിംഗയുടെ കാലത്തോളം അതായത് 18-)ം നൂറ്റാണ്ടോളം പഴക്കമുണ്ട് ആ സംഭവത്തിന്.

സാമ്പത്തികം അടക്കമുള്ള പല കാരണങ്ങളാൽ സത്രാധികാരി ഖുശ്റാം ദേവിന് സത്രത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ പറ്റാത്ത അവസ്ഥ വരുന്നു. അതേ സമയം ഒരു സന്യാസി വര്യൻ കാണിച്ച് കൊടുത്ത സ്വപ്നം പ്രകാരം സത്രാധികാരിയും ഭക്തജനങ്ങളും ചേർന്ന് ഈ തടി ബ്രഹ്മപുത്രയിൽ നിന്ന് കൊണ്ടുവന്ന് നാംഘറിൻ്റെ പ്രധാന തൂണായി സ്ഥാപിക്കുന്നു. അതോടെ സത്ര നിർമ്മാണത്തിൻ്റെ തടസ്സങ്ങൾ നീങ്ങുന്നു. ലെയ്ഖുത്ത എന്ന് പ്രദേശിക ഭാഷയിൽ വിളിക്കുന്ന ഈ തൂണ് 1743-1760 കാലഘട്ടത്തിലേത് എന്നാണ് കണക്കാക്കുന്നത്.

നിലവിലെ ഭക്തർ ആ വലിയ മരത്തിൻ്റെ വിള്ളലുകളിലേക്ക് നാണയങ്ങൾ കുത്തിക്കയറ്റി അവരെക്കൊണ്ട് കഴിയുന്ന നശീകരണം സംഭാവന ചെയ്തിട്ടുണ്ട്.

സത്രയിൽ കറങ്ങി നടക്കുന്ന കൗമാരക്കാരും ബാല്യം വിട്ടുമാറാത്തവരുമായ കുഞ്ഞ് സന്യാസിമാരെ ഞാൻ സാകൂതം വീക്ഷിച്ചു. തിരിച്ചറിവ് ആകാത്ത പ്രായത്തിൽ നിർബന്ധിത മതപഠനത്തിന് വിധേയരാകുകയും പിന്നീട് സന്യാസത്തിലേക്ക് കടക്കുകയും ചെയ്യുന്ന ആ കുരുന്നുകളു കാര്യം വല്ലാത്ത കഷ്ടം തന്നെ. ഇതും ഒരു തരത്തിൽ ബാലവേല അല്ലേ? എന്നാണ് ഇത്തരം നെറികെട്ട മതപഠനങ്ങൾക്ക് ഈ രാജ്യത്ത് അറുതി വരുക? 2030ൽ വികസിത രാജ്യം ആക്കും പോലും! ഈ വക പരിപാടികളും വെച്ചല്ലേ വികസിത രാജ്യം ഉണ്ടാക്കുന്നത്. നടന്നത് തന്നെ.

അടുത്തതായി ഞാൻ ഭാഗിയെ നയിച്ചത് കമലാബാരി സത്രയിലേക്കാണ്. അത് താരതമ്യേന ചെറിയൊരു സത്രയാണ്. അതും അവിവാഹിതരുടെ സത്രയാണ്. ഞാൻ ചെല്ലുമ്പോൾ അവിടെ ആരുമില്ല. പൂജാരി എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പാൻ്റ്സ് ഇട്ടിരിക്കുന്നതുകൊണ്ട് പ്രതിഷ്ഠകൾ ഇരിക്കുന്ന ഭാഗത്തേക്ക്‌ കയറാൻ എന്നെ അനുവദിച്ചില്ല. എന്നാലും വാതിൽക്കൽ നിന്ന് ഞാൻ പടങ്ങളെടുത്തു.

നാളെ മച്ചുലി ദ്വീപിൽ നിന്ന് ജങ്കാർ കയറി പുറത്ത് കടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരു ദ്വീപിൽ ചെല്ലുമ്പോൾ ബോട്ട് യാത്ര ഇല്ലാതെങ്ങനെ ശരിയാകും. എന്നുവെച്ച് അപകട സാദ്ധ്യതയുള്ള ചങ്ങാടത്തിൽ ഭാഗിയെ കയറ്റാൻ ഞാൻ തയ്യാറല്ല. കമലാബാരി ജട്ടി അടച്ചിരിക്കുന്നത് കൊണ്ട്, അപലാമുഖ് ഫെറി വഴിയാണ് പോകേണ്ടത്. നേരിട്ട് അവിടെച്ചെന്ന് ഏത് നൗകയിലാണ് ഭാഗിയെ കയറ്റുന്നതെന്ന് കണ്ട് ബോദ്ധ്യപ്പെടാൻ ഞാൻ തീരുമാനിച്ചു.

അരമണിക്കൂർ യാത്രയുണ്ട് അപലാമുഖ് ജെട്ടിയിലേക്ക്. അത് സാമാന്യം വലിയ ജട്ടിയാണ്. ചെറുതും വലുതുമായ ജങ്കാറുകൾ അവിടെ നിന്ന് പോകുന്നതും വരുന്നതും കാണാം.

ഞാൻ ജെട്ടിയിലെ ഉദ്യോഗസ്ഥൻ്റെ സഹായത്തോടെ നാളെ രാവിലെ 8:30ൻ്റെ ഫെറി ഓൺലൈനിൽ ബുക്ക്‌ ചെയ്തു. നിമതിയിലേക്കാണ് അത് ചെല്ലുന്നത്.

വൈകീട്ട് റിസോർട്ടിൽ തിരിച്ചെത്തി ഭാഗിയെ കുളിപ്പിച്ചു, സ്വയം കുളിച്ചു, വസ്ത്രങ്ങൾ കഴുകി. റിസോർട്ട് ഉടമ ചിത്രരഞ്ജൻ ഭാഗിയെ പാർക്ക് ചെയ്യുന്നതിൻ്റേയും വാഷ്റൂം ഉപയോഗിക്കുന്നതിൻ്റേയും റേറ്റ് മുഴുവൻ എഴുതിത്തള്ളി. “നിങ്ങൾ ഇത്രയും ദൂരെ നിന്ന് വന്ന് എൻ്റെ റിസോർട്ടിൽ സമയം ചിലവഴിച്ചതിൽ ഞാനല്ലേ സന്തോഷിക്കേണ്ടത്?” എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ന് രാത്രി അധികം തീ കാഞ്ഞ് ഇരിക്കുന്നില്ല. രാവിലെ 6 മണിക്ക് ജെട്ടിയിലേക്ക് പുറപ്പെടാനുള്ളതാണ്.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#motorhome
#satra
#northeast
#majuliisland
#MajuliAssam