
ഈ യാത്രയിൽ, ഇന്ന് അരുണാചലിലെ അവസാനത്തെ ദിവസമാണ്. എന്നുവെച്ചാൽ തണുത്ത ദിവസങ്ങളോട് കൂടെ വിട പറയുന്നു എന്ന് സാരം. ഇനി കുറച്ച് ദിവസം ആസ്സാമിലാണ്. ഇറ്റ നഗറിൽ വന്നപ്പോൾത്തന്നെ തണുപ്പ് കുറഞ്ഞിരിക്കുന്നു. ആസ്സാമിലെ താപമാനം അൽപ്പം കൂടെ കൂടുതലാണ്.
രാവിലെ 9 മണിയോടെ മജുലി ലക്ഷ്യമാക്കി യാത്ര തിരിച്ചു. കഷ്ടി 110 കിലോമീറ്റർ ദൂരം മൂന്നേകാൽ മണിക്കൂർ കൊണ്ട് എത്തേണ്ടതാണ്.
അരുണാചലിന്റെ ഭൂപ്രകൃതിയിൽ നിന്ന് ആസാമിലേക്ക് കടക്കുന്നത് പെട്ടെന്ന് മനസ്സിലാകും. മലനിരകൾ അപ്രത്യക്ഷമാകുന്നു. വളഞ്ഞുപുളഞ്ഞുള്ള റോഡുകൾക്ക് പകരം നേരെയുള്ള റോഡുകൾ ആരംഭിക്കുന്നു. തണുപ്പ് കുത്തനെ കുറയുന്നു.
ആസാമിലേക്ക് കടക്കുന്നതോടെ മോശം ഗതാഗതവും ആരംഭിക്കുന്നു. ഹോണടിയും അച്ചടക്കമില്ലാത്ത വാഹനം ഓടിക്കലും കഴിഞ്ഞ ദിവസങ്ങളിൽ നാഗാലാൻഡിലോ അരുണാചലിലോ അനുഭവിക്കേണ്ടി വന്നിട്ടില്ല.
ടാറിട്ട റോഡിൽ നിന്ന് അകത്തേക്ക് തിരിഞ്ഞ് ടൈൽ വിരിച്ച പാതയിലൂടെ ഭാഗി കടന്നു ചെന്നത് ബ്രഹ്മപുത്രയുടെ കരയിലുള്ള വിശാലമായ മണൽത്തിട്ടയിലേക്കാണ്. പിന്നീട് 15 കിലോമീറ്ററോളം മൺപാതയാണ്. അത് ചെന്ന് അവസാനിക്കുന്നത് കാവ്ലിഘട്ട് എന്ന സ്ഥലത്ത്. അവിടന്ന് ബോട്ടിൽ കയറ്റി വേണം ഭാഗിയെ ബ്രഹ്മപുത്രയുടെ മറുകരയിൽ അഥവാ മജുലി ദ്വീപിൽ എത്തിക്കാൻ.
ഞാൻ ചെല്ലുമ്പോൾ ബോട്ട് മറുകരയിലാണ്. കഷ്ടി 100 മീറ്റർ വീതി മാത്രം അവിടെ പുഴയ്ക്ക്. ബാക്കി ഭാഗമെല്ലാം മെലിഞ്ഞുണങ്ങിയ ബ്രഹ്മപുത്രയാണ്. ബോട്ട് ഇക്കരെ എത്തുന്നതുവരെ ഞാൻ കാത്തു നിന്നു. ബോട്ടിലേക്ക് ഭാഗിയെ കയറ്റി നിർത്തേണ്ട ഇടം കണ്ടതും എന്റെ ചങ്കിടിപ്പ് വർദ്ധിച്ചു. കഷ്ടി ഒരു കാറിന് കയറി നിൽക്കാനുള്ള വീതിയിൽ, പലക വിരിച്ചിരിക്കുന്നു. അതിലേക്ക് വാഹനം കയറ്റുമ്പോൾ കടുകിട തെന്നിയാൽ വാഹനം വെള്ളത്തിൽ കിടക്കും. വാഹനത്തിന്റെ ഭാരം കാരണം ബോട്ട് ഒന്ന് ഇളകിയാലും എല്ലാം അവതാളത്തിലാകാം. കോട്ടപ്പുറത്തും വരാപ്പുഴയിലും ഒക്കെ കൂട്ടിക്കെട്ടിയ വള്ളത്തിലുള്ള ചങ്ങാടത്തിൽ വാഹനം കയറ്റിയ പരിചയസമ്പത്ത് ഉണ്ടെങ്കിലും ഈ ബോട്ടിൽ ഭാഗിയെ കയറ്റാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. രണ്ട് ദിവസം മുൻപ് ഇവിടെ ഒരു കാർ വെള്ളത്തിൽ വീണതായും അജു പറഞ്ഞിരുന്നു.
ഞാൻ ഭാഗിയെ തിരിച്ചെടുത്ത് സ്ഥലം കാലിയാക്കി. റോഡ് മാർഗ്ഗം തന്നെ ദ്വീപിലേക്ക് ചെന്ന് കയറാൻ പറ്റും. പക്ഷേ മൂന്നു മണിക്കൂർ വീണ്ടും വാഹനമോടിക്കണം. 120 കിലോമീറ്ററോളം ദൂരം.
അതിനിടയ്ക്ക് ഞാൻ ബീന ചേച്ചിയെ Beena KA വിളിച്ചു. ചേച്ചിയുടെ ‘നദി തിന്നുന്ന ദ്വീപ് ‘ എന്ന പുസ്തകം മജ്ലി ദ്വീപിനെ പറ്റിയാണ്. വർഷാ വർഷം ബ്രഹ്മപുത്രയിൽ ലയിച്ചു കൊണ്ടിരിക്കുകയാണ് ഈ ദ്വീപ്. അതാണ് പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നത്. ചേച്ചിയുടെ ഓർമ്മയിൽ പക്ഷേ ബോട്ടിൽ കയറിയല്ലാതെ ദ്വീപിലേക്ക് പോകാൻ കഴിയില്ല. റോഡ് മാർഗ്ഗം എങ്ങനെയാണ് പോകുന്നത് എന്നറിയാൻ ചേച്ചിക്കും താല്പര്യമുണ്ട്. ചെന്ന് കയറിയ ശേഷം വഴി പറഞ്ഞു തരാം എന്ന് ഞാൻ ഏറ്റു. കാവ്ലിഘട്ടിൽ നിന്ന് ഗോഗമുഖിൽ ചെന്ന് വലത്തേക്ക് തിരിഞ്ഞ് റോഡ് മാർഗം തന്നെ ദ്വീപിലേക്ക് പ്രവേശിക്കാം.
പക്ഷേ വഴി കണ്ടുപിടിക്കാനുള്ള തത്രപ്പാടിനിടയിൽ ഇരുട്ട് വീണിരുന്നു. അവസാനത്തെ 30 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ സോനാലി സാപോരി എന്ന സ്ഥലത്ത് ഒരു ഗ്യാസ് സ്റ്റേഷന് മുന്നിൽ ഞാൻ യാത്ര അവസാനിപ്പിച്ചു. കുറേ ദിവസങ്ങൾക്ക് ശേഷമാണ് ഒരു ഗ്യാസ് സ്റ്റേഷനു മുന്നിൽ അന്തിയുറങ്ങാൻ പോകുന്നത്.
അര കിലോമീറ്റർ നടന്ന് ഒരു ചെറിയ റസ്റ്റോറന്റ് കണ്ടുപിടിച്ചു. ചെറിയ തണുപ്പത്ത് (14 ഡിഗ്രി) അങ്ങനെ നടക്കാൻ ഒരു സുഖമുണ്ടായിരുന്നു. ചൗമീൻ, ഫ്രൈഡ് റൈസ്, നൂഡിൽസ് ഇദ്യാദി മാത്രമേ അവിടെ ലഭ്യമുള്ളൂ. ഒരു ഓംലെറ്റിൽ അത്താഴം ഒതുക്കി.
കടയുടമ നിജാദ് ഹാജറിക്ക, ഗിറ്റാറും കീബോർഡും ഒക്കെ വായിക്കുന്ന ഒരു സംഗീതജ്ഞൻ കൂടെയാണ്. മേൽപ്പടി സംഗീതോപകരണങ്ങൾ അവിടെ നിരത്തി വെച്ചിട്ടുണ്ട്. ഞാൻ കേരളത്തിൽ നിന്നാണ് എന്ന് മനസ്സിലാക്കിയപ്പോൾ കക്ഷിക്ക് വലിയ സന്തോഷം. അഞ്ച് വർഷത്തോളം കോട്ടയത്തെ ഒരു റസ്റ്റോറന്റിൽ ജോലി ചെയ്തിട്ടുണ്ട് നിജാദ്. കേരളത്തിലെ വികസനത്തിനെപ്പറ്റി വാതോരാതെയാണ് അദ്ദേഹം സംസാരിക്കുന്നത്.
രണ്ടുമൂന്ന് ദിവസം കറങ്ങാനുള്ള കാര്യങ്ങളുണ്ട് മജുലി ദ്വീപിൽ. നാളെ പാസിഗഡിൽ നിന്ന് ഷൈനിയും ദ്വീപിലേക്ക് എത്തുന്നുണ്ട്.
24ന് ഗോഹാട്ടിയിലേക്ക് മടങ്ങുന്നത് വരെ മജുലി ദ്വീപ് ആസ്വദിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. അതിനു മുന്നേ, പറ്റുമെങ്കിൽ ഇന്ന് രാത്രി തന്നെ ബീന ചേച്ചിയുടെ ‘നദി തിന്ന ദ്വീപ് ‘ ഒന്നുകൂടെ വായിക്കണം. പുസ്തകത്തിന്റെ പീഡിഎഫ് ചേച്ചി അയച്ചു തന്നിട്ടുണ്ട്.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#northeastindia
#niraksharan
#motorhome
#majuli
#majuliisland
#assam
#northeast