
കഴിഞ്ഞ രണ്ട് രാത്രികളിൽ തണുപ്പ് അല്പം കൂടുതലായിരുന്നു. എന്നിരുന്നാലും രാവിലെ തന്നെ ഞാൻ തണുത്ത വെള്ളത്തിൽ കുളിയും അലക്കും നിർവഹിച്ചു. കൈകാലുകൾ മരവിക്കുന്നില്ലെങ്കിൽ എനിക്കിപ്പോൾ തണുത്ത വെള്ളം ഒരു പ്രശ്നമല്ല എന്നായിരിക്കുന്നു.
ഇന്ന് കാര്യമായിട്ട് എങ്ങും പോകാനില്ല. വിശ്രമം തന്നെയാണ്. എന്നാലും ഡാറ്റ ബാക്ക് അപ്പ്, ഡയറി എഴുത്ത്, ചിലവ് കണക്ക് നോക്കൽ, ഭാഗിയെ വൃത്തിയാക്കൽ എന്നീ പരിപാടികൾ ഉണ്ട്.
പ്രാതൽ കഴിക്കാൻ ദേശി ചായ് റസ്റ്റോറൻ്റിൽ ചെന്നപ്പോൾ കണ്ണൂരുകാരൻ ബിലാൽ അടക്കം അര ഡസൺ മലയാളി ചെറുപ്പക്കാരെ അവിടെ കണ്ടു. കെൻപിയും അവിടെയുണ്ട്. പാസിഗഡ് റൂട്ടിൽ പത്ത് കിലോമീറ്റർ പോയാൽ കെൻപിയുടെ പൂർവ്വികൻ ജിനിയുടെ പൂർണ്ണകായ പ്രതിമയുണ്ട്. അതിനടുത്ത് തന്നെയാണ് ഏക്കർ കണക്കിന് വരുന്ന കെൻപിയുടെ ഓറഞ്ച് തോട്ടം.
കെൻപിയും അവരുടെ നേപ്പാളി സുഹൃത്ത് പൂനം ധാപ്പയും ചേർന്ന് എന്നെ അങ്ങോട്ട് കൊണ്ടുപോയി. സ്വകാര്യ ആവശ്യങ്ങൾക്കായി ഇന്ന് അര ദിവസം ലീവ് എടുത്തിരിക്കുകയാണ് കെൻപി. പൂനം ധാപ്പ ഒരു ബ്യൂട്ടീഷൻ ആണ്. കെൻപിയുടെ കെട്ടിടത്തിൽ ഒരു ബ്യൂട്ടി പാർലർ തുടങ്ങുന്നതിന് ഭാഗമായാണ് രണ്ടുപേരും അവിടെ എത്തിയത്. അതിനിടയിലാണ് എന്റെ കൂടെയുള്ള, സഞ്ചാരം.
കെൻപിയുടെ പൂർവികനായ ജിനിയുടെ ജീവിത കാലഘട്ടം ആ പ്രതിമയുടെ ഭാഗത്ത് എഴുതി വെച്ചിട്ടില്ല. എന്നിരുന്നാലും, ആ പ്രതിമ മനോഹരമായി നിർമിച്ചിട്ടുണ്ട്. പ്രതിമയ്ക്ക് വേണ്ടി പണം സംഭാവന ചെയ്തവർ, സ്ഥലം സംഭാവന ചെയ്തവർ എന്നതൊക്കെ അവിടെ ആലേഖനം ചെയ്തു വെച്ചിട്ടുണ്ട്. സ്ഥലം സംഭാവന ചെയ്തിരിക്കുന്നത് കെൻപിയുടെ ഭർത്താവ് റെജും ജിനി ആണ്.
തലമുറകൾ കൈമറിഞ്ഞ് കൈമറിഞ്ഞ് പിതാമഹരുടെ പേരുകൾ മാറിമാറി അടുത്ത തലമുറയിലേക്ക് വരുന്നത് ഒരു ഫലകത്തിൽ എഴുതിവെച്ചിരിക്കുന്നത് വളരെ കൗതുക ജനകമായ ഒന്നായിരുന്നു. അത് താഴെ രേഖപ്പെടുത്തുന്നു. അതിൽ ഓരോ പേരുകളുടെയും രണ്ടക്ഷരങ്ങൾ അടുത്ത പേരിലേക്ക് കടന്നുവരുന്നത് ശ്രദ്ധിക്കുക.
TANI
NISI
HIDUM
DUMDE
DE
EYU(VYU)
YUBO
BOJI
JINI
ജിനിയുടെ പ്രതിമയിലേക്കുള്ള അപ്പ്രോച്ച് റോഡിനുളള ഭൂമി കെൻപിയുടെ ഓറഞ്ച് തോട്ടത്തിന്റെ ഒരു ഭാഗത്തു കൂടെയാണ് നൽകിയിരിക്കുന്നത്. ഞങ്ങൾ ആ വഴിയിലൂടെ നടന്ന് ഓറഞ്ച് തോട്ടത്തിൽ എത്തി. സാമാന്യം വലിയ തോട്ടമാണ് അത്. കുറച്ച് ഓറഞ്ചുകൾ ഞങ്ങൾ തോട്ടി വെച്ച് പറിച്ചു. കുറേയധികം ഓറഞ്ചുകൾ തോട്ടത്തിലെ പണിക്കാർ ചാക്കിലാക്കി കൊണ്ടുവന്ന് തന്നു. മാർക്കറ്റിൽ കിട്ടുന്നതിനേക്കാൾ മധുരമുള്ള ഓറഞ്ചുകളായിരുന്നു അത്. എന്തായാലും രണ്ടുമൂന്ന് ദിവസത്തേക്ക് പണം കൊടുത്ത് ഓറഞ്ച് വാങ്ങേണ്ടി വരില്ല.
ഓറഞ്ച് തോട്ടത്തിൽ ഒന്ന് രണ്ട് കോട്ടേജുകൾ പണിത് അതൊരു റിസോർട്ട് ആക്കി മാറ്റാൻ കെൻപിക്ക് പദ്ധതിയുണ്ട്. കുട്ടികളുടെ പഠനം പൂർത്തിയാക്കി കഴിഞ്ഞാൽ അതിനുള്ള പണം ഉണ്ടാകുമെന്നാണ് അവർ പറയുന്നത്.
ഓറഞ്ച് തോട്ടത്തിലെ കലാപരിപാടികൾ കഴിഞ്ഞ് പട്ടണത്തിലേക്ക് മടങ്ങുമ്പോൾ രണ്ടുമൂന്ന് ചെറിയ കാര്യങ്ങൾ മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. താവു ഒരെണ്ണം കൂടെ സംഘടിപ്പിക്കണം. കൂടാതെ അരുണാചലുകാരുടെ പരമ്പരാഗത തൊപ്പി ഒരെണ്ണം വാങ്ങണം. തൊപ്പി ഒരു കടയിൽ ഞാൻ നോട്ടമിട്ട് വെച്ചിരുന്നു. പക്ഷേ ആ കട ഇന്ന് തുറന്നിട്ടില്ല. ഞാൻ അവരുടെ ഫോൺ നമ്പറിൽ വിളിച്ചു. ഒരു പാർട്ടിയിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്; വൈകുന്നേരം അഞ്ച് മണിയോടെ കട തുറന്ന് തൊപ്പി തരാമെന്ന് അവർ ഏറ്റു. 10,000 രൂപ വിലയുള്ള തൊപ്പിയുടെ കച്ചവടമാണ് നടക്കാൻ പോകുന്നത്. ആരായാലും കട തുറന്ന് സഹകരിക്കും. പറഞ്ഞ സമയത്ത് തന്നെ അവർ വന്ന് കട തുറന്ന് തൊപ്പി എനിക്ക് തന്നു.
കഴുത്തിൽ അരുണാചൽ മാലയും തോളിൽ താവു തൂക്കി, തലയിൽ തൊപ്പിയും വെച്ച് ആ തെരുവിലൂടെ ഞാൻ നടന്നു. ദേശി ചായ റസ്റ്റോറന്റിലേക്ക് ചെന്നപ്പോൾ എന്നോട് വിട പറയുന്നതിന് മുൻപ് എനിക്കൊരു സമ്മാനം തരാൻ തയ്യാറെടുത്ത് നിൽക്കുകയായിരുന്നു കെൻപി. അവർ മനോഹരമായ ഒരു ഷാളെടുത്ത് എന്നെ പുതപ്പിച്ചു. റസ്റ്റോറന്റിലെ ജീവനക്കാർ അത് ക്യാമറയിൽ പകർത്തി. പകരം ഭാഗിയിൽ ഉണ്ടായിരുന്ന ഒരു രാജസ്ഥാനി ഷാൾ കെൻപിക്ക് നൽകിയ ശേഷം എല്ലാവരോടും വിടപറഞ്ഞ് അവിടെ നിന്ന് ഇറങ്ങി.
നാളെ ആലോയിൽ നിന്ന് വിടുകയാണ്. അതിനു മുൻപ് രേഖയ്ക്കും ഭർത്താവിനും കുട്ടികൾക്കും സമ്മാനങ്ങൾ വാങ്ങി കൊടുക്കണമെന്ന് ഷഫീക്കിന് നിർബന്ധം. ഞങ്ങൾ എല്ലാവർക്കും വേണ്ടി കമ്പിളി കുപ്പായങ്ങൾ വാങ്ങി. അവർക്ക് വലിയ സന്തോഷമായി. കഴിഞ്ഞ അഞ്ച് ദിവസം ഞങ്ങൾക്ക് ഭക്ഷണം വിളമ്പിയ കുടുംബമാണ്. അവരുടെ ആ ഒറ്റമുറി കുടിലിൽ ഒരുമിച്ചിരുന്നാണ് ഞങ്ങൾ ആഹാരം കഴിച്ചത്. റിസോർട്ടിൽ അതിഥികൾ ഉള്ള ദിവസങ്ങളിൽ മാത്രം 500 രൂപ വേതനം കിട്ടുന്ന പരമ ദരിദ്രരാണ് അവർ. കൽപ്പണി മുതൽ എല്ലാ ജോലിയും അവർ ചെയ്യുന്നുമുണ്ട്. കേരളത്തിലാണെങ്കിൽ ഓരോരുത്തർക്കും 800 മുതൽ 1000 വരെ ദിവസക്കൂലി കിട്ടുന്ന പണിയാണ് അവർ ചെയ്യുന്നത്.
എല്ലാവർക്കും ഞങ്ങളെ പിരിയുന്നതിൽ സങ്കടം ഉണ്ടെന്ന് മനസ്സിലായി. ഞങ്ങൾക്കും അങ്ങനെ തന്നെ. പക്ഷേ ദേശാടനക്കിളികൾക്ക് കരയാൻ അവകാശമില്ലല്ലോ. നാളെ രാവിലെ കുട്ടികൾ സ്കൂളിലേക്ക് പോയാലുടൻ ഞങ്ങൾ റിസോർട്ടിൽ നിന്ന് ഇറങ്ങും.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#ArunachalPradesh
#motorhome
#northeastindia
#motorhomelife
#Along