Monthly Archives: January 2026

കമ്പ ഐലൻ്റ് റിസോർട്ട് (GIE 2025-26. Day#41 – Jan 08)


12
ഗൺ റിസോർട്ടിലെ പ്രഭാതം അതി സുന്ദരമായിരുന്നു. ചുറ്റിനും മഞ്ഞുമൂടിയ മലകൾ. റിസോർട്ടിലും ആ മഞ്ഞുണ്ട്. അതിന്റേതായ തണുപ്പും.

പ്രാതൽ കഴിക്കാൻ ഞങ്ങൾ ആലോ പട്ടണത്തിലേക്ക് പോയി. ദേശി കഫേയിലെ ഭക്ഷണത്തിന് ശേഷം നഗരത്തിൽ കറങ്ങി നടന്നു. ദാവു ഉണ്ടാക്കുന്ന ആലകൾ ധാരാളമുണ്ട് ഈ പട്ടണത്തിൽ. പരമ്പരാഗത ആഭരണങ്ങളും പാത്രങ്ങളും തൊപ്പികളും ഒക്കെ വിൽക്കുന്ന കടകളും ഉണ്ട്. അവയ്ക്കെല്ലാം വലിയ വിലയാണ്. തൊപ്പിയുടെ വില 15,000 മുതൽ 20,000 വരെയുണ്ട്. ഒരു തൊപ്പി വാങ്ങണമെന്ന ആഗ്രഹം അതോടെ കുഴിച്ചുമൂടി.

ഉച്ച ആയപ്പോഴേക്കും റൈഡർമാരായ ഗമോയും മാർഗേയും ഗൺ ക്യാമ്പിൽ എത്തി. അവർ ഞങ്ങളെ 25 കിലോമീറ്റർ മാറിയുള്ള കമ്പ ഐലൻഡ് റിസോർട്ടിലേക്ക് കൊണ്ടുപോയി. ഞങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും അവിടെ ചെയ്തു തന്നു. ഇന്ന് ഞങ്ങൾ തങ്ങുന്നത് അവിടെയാണ്. കഴിഞ്ഞവർഷം NERM (North East Riders Meet) നടന്ന ഇടമാണ് അത്. തൊട്ടടുത്ത് കൂടെ ലോഹിത് നദി ഒഴുകുന്നു. അതൊരു ദ്വീപ് ആണെങ്കിലും മഴക്കാലമല്ലാത്തതിനാൽ ചുറ്റിനും വെള്ളമില്ല. ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ വാഹനം ഓടിച്ചാണ് ദ്വീപിലേക്ക് ചെന്ന് കയറുന്നത്.

ഞാൻ നദിയിലിറങ്ങി നല്ല തണുപ്പുള്ള വെള്ളത്തിൽ കുളിച്ചു. വസ്ത്രങ്ങൾ കഴുകി. ഏതെങ്കിലും ഒരു നദീ തീരത്ത് ക്യാമ്പ് ചെയ്യാൻ സാധിക്കുന്നത് ഇത് ആദ്യമായാണ്.

വൈകുന്നേരം വീണ്ടും പട്ടണത്തിലേക്ക് ഇറങ്ങി. മാലകൾ ഉണ്ടാക്കുന്ന കടകളിലും ദാവു ഉണ്ടാക്കുന്ന ആലകളിലും കയറിയിറങ്ങി. ചില സോവനീറുകൾ വാങ്ങി.

ദേശി കഫേയിൽ നിന്ന് ഭക്ഷണം വാങ്ങി ക്യാമ്പിലേക്ക് മടങ്ങി. ക്യാമ്പ് ഫയറിന് ചുറ്റുമിരുന്ന് കഴിച്ചു.

നാളെ അതിരാവിലെ മെച്ചുക്കയിലേക്കാണ് യാത്ര. അതിമനോഹര ഇടമാണ് അത് എന്നാണ് റിപ്പോർട്ട്‌. പക്ഷേ, താപമാനം മൈനസ് ആണ്. അതിനായി മാനസ്സികമായി തയ്യാറെടുക്കേണ്ടിയിരിക്കുന്നു.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#ArunachalPradesh
#northeastindia
#northeast
#motorcyclelife
#islandresort
#islandresortkamba