Monthly Archives: January 2026

ബോലുങ്ങ് എന്നൊരു കോട്ട ഇല്ല (GIE 2025-26. Day#38 – Jan 05)


12
ഷൈനിയുടെ വാഹനം 75 kmphന് മുകളിൽ ഓടിക്കയറുന്നില്ല. അത് നന്നാക്കുക; ഭാഗിയെ സർവ്വീസ് ചെയ്യുക. എന്നിങ്ങനെയായിരുന്നു ഇന്നത്തെ പ്രധാന പരിപാടികൾ.

പതിവ് റസ്റ്റോറൻ്റിൽ നിന്ന് പ്രാതൽ കഴിച്ച ശേഷം ബൈക്ക് വർക്ക് ഷോപ്പിൽ ഏൽപ്പിച്ചു. ഭാഗിയെ സർവ്വീസ് ചെയ്യുന്നതിനു മുൻപ്, റോയിങ്ങിൽ നിന്ന് 19 കിലോമീറ്റർ മാത്രം ദൂരമുള്ള, ബോലുങ്ങ് കോട്ട സന്ദർശിക്കാൻ പുറപ്പെട്ടു.

ഈ കോട്ടയെപ്പറ്റി സംസാരിച്ചപ്പോൾ റോയിങ്ങ് റൈഡേഴ്സ് ആയ ഹെത്തയും ബിപ്ലവും അങ്ങനെയൊരു പേര് ആദ്യമായി കേൾക്കുന്നത് പോലെ മിഴിച്ചു നിന്നു.

എന്തായാലും ഗൂഗിൾ മാപ്പ് കാണിക്കുന്ന ദിശയിലേക്ക് പുറപ്പെട്ടു. 20 മിനിറ്റിനകം ബോലുങ്ങിൽ എത്തി. പക്ഷേ ആ പരിസരത്തുള്ളവർക്ക് ആർക്കും അങ്ങനെ ഒരു കോട്ടയെപ്പറ്റി അറിയില്ല. ഇന്റർനെറ്റിൽ നിന്ന് കിട്ടിയ ഒരു ചിത്രം അവരെ കാണിച്ചു കൊടുത്തു. അങ്ങനെ ഒരു നിർമിതി ആ ഭാഗത്തൊന്നുമില്ല എന്നവർ തറപ്പിച്ചു പറഞ്ഞു.

എങ്കിലും ഗൂഗിൾ കാണിക്കുന്ന വഴിയിലൂടെ കാട്ടിനകത്തേക്ക് കുറച്ചു ദൂരം ഭാഗിയെ നയിച്ചു. പഴയ ബോലുങ്ങ് ഗ്രാമം ആ ഭാഗത്തായിരുന്നു എന്നാണ് ഒരു നാട്ടുകാരൻ പറഞ്ഞത്. നദീജലം കയറി വന്നപ്പോൾ ആ ഗ്രാമം ഇല്ലാതെയായി. പിന്നീട് അല്പം മാറി മറ്റൊരു ഇടത്ത് പുതിയ ബോലുങ്ങ് ഗ്രാമം സ്ഥാപിക്കപ്പെട്ടു.

എന്തായാലും കോട്ട കണ്ടെത്താൻ ആയില്ല. വിക്കിപീഡിയയിൽ ഇല്ലാത്ത കോട്ടകളുടെ പേരും പടവും കയറ്റി വിടുന്നവർ വല്ലാത്ത ഉപദ്രവമാണ് എന്നെപ്പോലുള്ളവരോട് ചെയ്യുന്നത്.

റോയിങ്ങിലേക്ക് മടങ്ങിയെത്തി ഭാഗിയെ സർവ്വീസ് ചെയ്തു. ശേഷം പട്ടണത്തിൽ അൽപ്പനേരം കറങ്ങി നടന്നു.

നവ്നീദിന്റെ വീട്ടിൽ ചെന്ന്, കഴിഞ്ഞ 15 ദിവസത്തെ ഡാറ്റ ബാക്കപ്പ് എടുത്ത് കഴിഞ്ഞപ്പോഴേക്കും, ഭാര്യയെ എയർപോർട്ടിൽ വിട്ട ശേഷം നവ്നീത് എത്തി.

ഇന്ന് രാത്രി അയൽവാസിയായ ശീതളും കുടുംബവും ആണ് അത്താഴം തന്നത്. പോകുന്നതിന് മുൻപ് ഒരു ദിവസം അവരുടെ ഭക്ഷണം കഴിക്കണമെന്ന് അവർക്ക് ഒരേ നിർബന്ധമായിരുന്നു. ഇവിടെ വരുമ്പോൾ എല്ലാ ദിവസവും അയൽവാസികളുടെ അടുത്ത് നിന്നാണ് ഭക്ഷണം കഴിക്കുന്നത് എന്നാണ് നവ്നീത് പറയുന്നത്. ചിക്കൻ കറിയും ദാലും ചോറും അതിരുചിയോടെ കഴിച്ചു.

നാളെ റോയിനോട് വിട പറയുകയാണ്. രാത്രി 8 ഡിഗ്രിയാണ് താപമാനം.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#ArunachalPradesh
#northeastindia
#northeast