
ഇഇന്നലെ രാത്രി കിടക്കുന്നതിന് മുമ്പ് ഒരു സംഭവം കൂടി ഉണ്ടായി. എന്റെ ഓൺലൈൻ സുഹൃത്ത് മാലതി വിളിച്ചു. മജുലിയിൽ നിന്ന് പോന്നിട്ടില്ലെങ്കിൽ, മാലതി മുൻപ് അവിടം സന്ദർശിച്ചപ്പോൾ പരിചയപ്പെട്ട ഒരു കുടുംബത്തെപ്പറ്റി പറയുകയും, താല്പര്യമുണ്ടെങ്കിൽ അവരെ സന്ദർശിക്കാനുള്ള ഏർപ്പാട് ചെയ്യാമെന്നും അറിയിച്ചു. പോകുന്ന ഇടങ്ങളിൽ ഇങ്ങനെ തദ്ദേശീയരുമായി ഇടപഴകുന്നത് എനിക്ക് സന്തോഷമുള്ള കാര്യം തന്നെ. പക്ഷേ ഒരു പ്രശ്നമുണ്ട്.
രാവിലെ എട്ടര മണിക്കാണ് അപലാമുഖ് ജട്ടിയിൽ നിന്ന് എന്റെ ഫെറി. അങ്ങോട്ട് ഒരു മണിക്കൂർ യാത്രയുണ്ട്. അതിനിടയിൽ ആസ്സാമി കുടുംബത്തിലേക്ക് ചെല്ലാനുള്ള സമയം കണ്ടെത്തൽ ശ്രമകരമാണ്. സമയം തെറ്റിയാൽ ഫെറി അതിൻ്റെ വഴിക്ക് പോകും. ടിക്കറ്റ് ബുക്ക് ചെയ്ത വകയിലെ 651 രൂപയും പോകും.
റിസോർട്ടിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴെ ദൂരമേ ഉള്ളൂ മേൽപ്പറഞ്ഞ ആസാമി കുടുംബത്തിലേക്ക്. കുറച്ചുസമയം കണ്ടെത്തി അങ്ങോട്ട് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. തമീമി ഗം ആണ് കുടുംബനാഥൻ. ഭാര്യ രഞ്ജന. നാലാം ക്ലാസിൽ പഠിക്കുന്ന മകൾ തനയ. നല്ല സ്വീകരണമാണ് എനിക്ക് ആ വീട്ടിൽ ലഭിച്ചത്. അവർ എനിക്ക് ലാൽ ചായ് (നമ്മുടെ കട്ടൻ ചായ തന്നെ.) ഉണ്ടാക്കിത്തന്നു. തനയ, അവരുടെ പരമ്പരാഗത മഫ്ളർ എനിക്ക് സമ്മാനിച്ചു. അവൾ ഒരു മിടുക്കി കുട്ടിയാണ്. രഞ്ജനയ്ക്ക് പട്ടണത്തിൽ ഒരു തുന്നൽക്കട ഉണ്ട്. കൂടാതെ വീട്ടിൽ കൈത്തറിയും ചെയ്യുന്നുണ്ട്. തട്ടിമുട്ടി ജീവിച്ചുപോകുന്ന ഒരു സന്തുഷ്ട കുടുംബം. അവരെ പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി മാലതി Malathi O V.
ഫെറിയുടെ സമയം തെറ്റാതിരിക്കാൻ ഞാൻ പെട്ടെന്ന് അവിടന്ന് യാത്ര പറഞ്ഞ് ഇറങ്ങി. ഒരു ദിവസം മുഴുവൻ അവർക്കൊപ്പം ചിലവഴിക്കാൻ കഴിയാതിരുന്നതിൽ എനിക്ക് നഷ്ടബോധം തോന്നി. ഫെറിയുടെ ബുക്കിംഗ് ചാർജ് പോയാലും കുഴപ്പമില്ല, ഒരു ദിവസം കൂടെ നിൽക്കാമായിരുന്നു എന്ന ചിന്ത ഉണ്ടായത് ഫെറി വിട്ടതിന് ശേഷമാണ്. പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ലല്ലോ.
ജെട്ടിയിൽ കൃത്യ സമയത്ത് തന്നെ എത്തി. ആർക്കും വേണ്ടി കാത്തുനിൽക്കാതെ എട്ടര മണിക്ക് തന്നെ ഫെറി വിടുകയും ചെയ്തു. പത്ത് പന്ത്രണ്ട് കാറുകൾക്കും അത്രയ്ക്ക് തന്നെ ഇരുചക്ര വാഹനങ്ങൾക്കും നൂറോളം യാത്രക്കാർക്കും പോകാനുള്ള സൗകര്യം ഉണ്ട് ജങ്കാറിൽ.
ഒരു വൈപ്പിൻ കരക്കാരൻ ആയതുകൊണ്ട് തന്നെ, ധാരാളം ജങ്കാർ യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും, ബ്രഹ്മപുത്രയിലൂടെ 50 മിനിറ്റ് നീണ്ടുനിന്ന ഈ ജലയാത്ര വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ആ വഴി ഒരു പാലം വരുന്നുണ്ട്. നദിയിൽ അതിന്റെ തൂണുകൾ ഉയർന്ന് തുടങ്ങിയിട്ടുണ്ട്. സഞ്ചാരികൾക്ക് അധികകാലം ഈ ജങ്കാർ യാത്ര ആസ്വദിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
നിമതിയിലാണ് ജങ്കാർ അടുക്കുന്നത്. ധാരാളം ജങ്കാറുകളും ചെറു ബോട്ടുകളും വന്നടുക്കുന്ന സാമാന്യം വലിയ ഒരു തീരമാണ് അത്.
നിമതിയിൽ നിന്ന് നാലര മണിക്കൂർ (180 കീലോമീറ്റർ) ഗോഹാട്ടി ദിശയിൽ സഞ്ചരിച്ചാൽ എത്തുന്ന ഖർ ദോൽ എന്ന സ്ഥലത്ത് ഒരു കോട്ട ഉണ്ടെന്നാണ് വിക്കിപീഡിയ ലിസ്റ്റ് കാണിക്കുന്നത്. ആ കോട്ട കണ്ടതിന് ശേഷം വീണ്ടും സമയം ഉണ്ടെങ്കിൽ ഗോഹട്ടിയിലേക്ക് പോകുക, ഇല്ലെങ്കിൽ ഖർ ദോലിൽ തന്നെ തങ്ങുക ഇതായിരുന്നു എന്റെ പദ്ധതി.
പക്ഷേ പദ്ധതി ഇട്ടതുപോലെയല്ല കാര്യങ്ങൾ നടന്നത്. 40 കിലോമീറ്ററോളം സഞ്ചരിച്ച് മോഹ്ബന്ധ എന്ന സ്ഥലത്തെത്തിയപ്പോൾ റോഡിന് ഇടതുവശത്ത് വലിയൊരു കമാനവും അതിൻ്റെ മതിൽക്കെട്ടിന് അകത്ത് വലിയ കെട്ടിടങ്ങളും ശ്രദ്ധയിൽപ്പെട്ടു. ഭാഗിയെ അവിടത്തെ പാർക്കിങ്ങ് മൈതാനത്തിൽ ഒതുക്കി ടിക്കറ്റ് എടുത്ത് അകത്തേക്ക് കടന്നു.
അഹം രാജവംശത്തിൻ്റെ സ്ഥാപകനും പ്രധാനിയും ആയിരുന്ന ചാവോലുങ്ങ് സിയു കാ ഫായുടെ സ്മാരകമാണ് അവിടെ ഉള്ളത്. അദ്ദേഹം സിംഹാസനത്തിൽ ഇരിക്കുന്ന ഒരു വലിയ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഗ്യാലറിയും മ്യൂസിയവും ഉണ്ട്. ഇവിടെ രണ്ടിടത്തും ഫോട്ടോഗ്രഫി അനുവദിക്കുന്നില്ല എന്നത് വളരെ നിരാശാജനകമായിരുന്നു.
അഹം രാജവംശത്തെപ്പറ്റി കൂടുതലൊന്നും എനിക്ക് അറിയില്ല. പക്ഷേ മ്യൂസിയത്തിനകത്ത് അതേപ്പറ്റി ധാരാളം കാര്യങ്ങൾ എഴുതി വെച്ചിട്ടുണ്ട്. നിന്ന നിൽപ്പിൽ അതൊക്കെ വായിച്ചു മനസ്സിലാക്കുന്നത് ഒരു പരിധിയുണ്ട്. അതൊക്കെ രണ്ട് ദിവസത്തിനകം മറന്ന് പോകാനുള്ള സാധ്യതയും കൂടുതലാണ്. പോസ്റ്ററുകളോടെ പോലും പടം എടുക്കാൻ അവർ സമ്മതിക്കുന്നില്ല. ക്യാമറ പുറത്തെടുത്താൽ ₹1000 ഫൈൻ അടിക്കും പോലും! ആരെങ്കിലും പടം എടുത്ത് കൊണ്ടുപോകുന്നത് കാരണം കൂടുതൽ സന്ദർശകർ വരില്ല എന്നത് പഴയ സിദ്ധാന്തമാണ്. അത്തരം പടങ്ങളും വീഡിയോകളും കണ്ട് ആകർഷിക്കപ്പെട്ട് കൂടുതൽ പേര് വരും എന്ന് ഈ വിഡ്ഢിയാന്മാർ എന്തേ മനസ്സിലാക്കുന്നില്ല? ഞാനത് അവരുടെ സജഷൻ ബുക്കിൽ വിശദമായി എഴുതിക്കയറ്റി. അവരുടെ മനം മാറുന്നുണ്ടെങ്കിൽ അവർക്ക് കൊള്ളാം. അത്രതന്നെ.
അധികം വൈകാതെ ഞാൻ കാസിരംഗയിലേക്ക് ചെന്ന് കയറി. രണ്ട് പ്രാവശ്യം ഇതിനു മുൻപ് കാസിരംഗയിൽ വന്നിട്ടുണ്ട്. ആന, കണ്ടാമൃഗം, പുലി എന്നീ കൂട്ടരെ കണ്ടിട്ടുമുണ്ട്. അതുകൊണ്ട് കാസിരംഗയിൽ ഇനിയൊരു വൈൽഡ് ലൈഫ് സഫാരി നടത്താൻ എനിക്ക് താല്പര്യമില്ല.
പക്ഷേ രണ്ട് പ്രാവശ്യവും എനിക്ക് നഷ്ടപ്പെട്ട ഒരു കാഴ്ചയുണ്ട് ഇവിടെ. അത് കാസിരംഗയിലെ ഓർക്കിഡ് പാർക്ക് ആണ്. അഞ്ച് മണിക്ക് മുൻപ് ചെന്നാലേ അത് കണ്ണ് നിറയെ കാണാൻ പറ്റൂ. അങ്ങനെയൊരു പരിപാടി ചെയ്ത്, ഇന്ന് കാസിരംഗയിൽ തങ്ങാൻ പെട്ടെന്ന് തീരുമാനമായി.
മുൻപ് വന്നപ്പോൾ താമസിച്ച ഹോട്ടലിന്റെ പിന്നാമ്പുറത്ത് എവിടെയെങ്കിലും ഭാഗിയെ ഒതുക്കി കിടക്കാൻ പറ്റുമോ എന്ന് അജുവിനോട് തിരക്കി. അത് ശരിപ്പെടുത്താം എന്ന് അജു തന്ന ധൈര്യത്തിൽ ഞാൻ ഓർക്കിഡ് പാർക്കിലേക്ക് കയറി.
2000ൽപ്പരം ഓർക്കിഡുകളാണ് ഇവിടെ ഉള്ളത്. 200 രൂപയാണ് പ്രവേശന ഫീസ്. ചെന്ന് കയറിയ ഉടനെ ഒരു ചെറുപ്പക്കാരൻ ഓർക്കിഡുകൾ പരിചയപ്പെടുത്താൻ ഒപ്പം കൂടി.
നഖത്തോളം വലുപ്പം കുറഞ്ഞ ഓർക്കിഡുകൾ മുതൽ ഏഴ് അടിയോളം നീളമുള്ള പൂങ്കുലകൾ ഉണ്ടാകുന്ന ലോകത്തിലെ ഏറ്റവും വലിയ ഓർക്കിഡ് വരെ ഇവിടെ ഉണ്ട്. അതിൻ്റെയൊക്കെ പടങ്ങളെടുത്ത് ഞാൻ കുഴഞ്ഞു. നമ്മുടെ മുറ്റത്ത് വളരുന്ന പല ചെടികളും ഓർക്കിഡ് വകഭേദം ആണെന്ന് മനസ്സിലാക്കാൻ പറ്റി എന്നതാണ് ഒരു വലിയ കാര്യം. വനില, ഓർക്കിഡിന്റെ വകഭേദം ആണെന്നത് ഒരു പുതിയ അറിവ് ആയിരുന്നു.
ഓർക്കിഡ് പാർക്ക് കഴിഞ്ഞാൽ മുളയിൽ തീർത്ത കരകൗശല വസ്തുക്കളും കൈത്തറിയും ഒക്കെ പ്രദർശിപ്പിക്കുന്ന കെട്ടിടമാണ്. അത്രയും വലിയ ഒരു ശേഖരം, രാവിലെ കണ്ട, അഹം രാജവംശത്തിന്റെ മ്യൂസിയത്തിൽ പോലും ഇല്ല.
മൂന്നാമതായി ഉള്ളത് ആസാമിന്റേയും പൊതുവിലുള്ളതുമായ സംഗീത ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്ന ഇടമാണ്. കഴിഞ്ഞ പ്രാവശ്യവും അവിടത്തെ പ്രദർശനങ്ങൾ കൃത്യമായി കാണാൻ കഴിഞ്ഞിരുന്നില്ല. എനിക്ക് സ്വന്തമാക്കേണ്ട ചില സംഗീതോപകരണങ്ങളും അവിടെ ഉണ്ട്. ഇപ്രാവശ്യം അക്കാര്യവും നടന്നു. അതിനിടയിൽ അവിടുത്തെ ജീവനക്കാരനും ഗംഭീര സംഗീതജ്ഞനുമായ ഇമു ബൊയ്രാഗിയെ പരിചയപ്പെട്ടു. അദ്ദേഹം രാത്രി എനിക്ക് തങ്ങാൻ പറ്റിയ ഒരു സ്ഥലം നിർദ്ദേശിച്ചു. ഏഴുമണിക്ക് അദ്ദേഹം ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ ഞങ്ങൾ ഒരുമിച്ച് അങ്ങോട്ട് പോകാൻ തീരുമാനമായി.
15 കിലോമീറ്റർ മാറി, കാസിരംഗ വനത്തിനോട് ചേർന്നുള്ള സ്ഥലത്തേക്കാണ് ഇമു എന്നെ കൊണ്ടുപോയത്. ഇവിടെ ആനയും കണ്ടാമൃഗവും ഒക്കെ വരുന്നത് പതിവാണ്. ഒരിക്കൽ ഇമു ആനയുടെ മുന്നിൽ ചെന്ന് ചാടിയിട്ടുമുണ്ട്. അവസാനത്തെ മൂന്നു കിലോമീറ്റർ അല്പം മോശമാണ്. ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും ഇരുട്ട് വീണ് കഴിഞ്ഞിരുന്നു. ഈ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കാൻ നാളെ രാവിലെയേ ഇനി കഴിയൂ. ആനയോ കണ്ടാമൃഗമോ ഈ വഴി വന്നാൽ കാണാം എന്നതാണ് സൗകര്യം.
ഇമുവും അവിടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഭക്ഷണമുണ്ടാക്കി കഴിക്കാനുള്ള നടപടി ആരംഭിച്ചു. ഞാൻ ഓർക്കിഡ് ഗാർഡന്റെ പരിസരത്ത് നിന്ന് തന്നെ അത്താഴം കഴിച്ചിരുന്നു.
ആനയെ കാണാൻ പറ്റിയില്ലെങ്കിലും ആനയുടെ ചിഹ്നം വിളി രാത്രി മുഴുവൻ കേൾക്കാൻ പറ്റും എന്നാണ് ഇമു പറയുന്നത്. എനിക്കും വന്യമൃഗങ്ങൾക്കും ഇടയിൽ, എപ്പോൾ വേണമെങ്കിലും പൊട്ടി വീഴാവുന്ന ഒരു വൈദ്യുതവേലി മാത്രമാണ് ഉള്ളത്. നാളെ നേരം പുലർന്നാൽ ആ കാഴ്ചകളെല്ലാം പടമെടുത്ത് കാണിച്ചു തരാം.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#motorhome
#northeast
#kaziranga
#kazirangaorchidpark