സാങ്കേതികം

ബോസ്റ്റൽ സ്ക്കൂൾ ചരിതം


12
നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട്, പ്രതി സുഹൈലിനെ ബോസ്റ്റൽ സ്ക്കൂളിൽ റിമാൻഡ് ചെയ്തത് വിവാദമായിരിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്.

ജുവനൈൽ ഹോം, ബോസ്റ്റൽ സ്ക്കൂൾ, സാധാരണ ജയിൽ എന്നിവയെക്കുറിച്ച് പൊതുജനത്തിന് കാര്യമായ ധാരണ ഉണ്ടാകണമെന്ന് നിർബന്ധമില്ല. പക്ഷേ മാദ്ധ്യമങ്ങൾക്കും ഇതേപ്പറ്റി അറിയില്ല എന്ന് വന്നാൽ, ജനങ്ങൾക്കിടയിലേക്ക് തെറ്റായ ധാരണ കൂടുതലായി പ്രചരിക്കും എന്നതുകൊണ്ട് കൂടെയാണ് ഇതേപ്പറ്റി വിശദമാക്കുന്നത്. തുടർന്ന്. ശ്രദ്ധിച്ച് വായിക്കണമെന്ന് അപേക്ഷ.

വസ്തുത 1 (ജയിൽ)
—————–
പ്രതിയുടെ പ്രായം 21 വയസ്സിന് മുകളിൽ ആണെങ്കിൽ സാധാരണ ജയിലുകളിലേക്കാണ് റിമാൻഡ് / ശിക്ഷ ചെയ്യുന്നത്. ജയിലുകളുടെ കൂട്ടത്തിൽ സെൻട്രൻ ജയിലുകളും (4) ജില്ലാ ജയിലുകളും (13) സബ് ജയിലുകളും (17) ഉണ്ട്. കണ്ണൂർ (പള്ളിക്കുന്ന്), മലപ്പുറം (തവനൂർ), ത്രിശൂർ (വിയ്യൂർ), തിരുവനന്തപുരം (പൂജപ്പുര) എന്നിവിടങ്ങളിലാണ് കേരളത്തിൽ സെൻട്രൽ ജയിലുകൾ ഉള്ളത്.

വസ്തുത 2 (ഒബ്സർവേഷൻ ഹോം)
—————-
കേസുകളിൽ കുറ്റാരോപിതരാകുന്നവരും ശിക്ഷിക്കപ്പെടുന്നവരുമായ 18 വയസ്സിൽ താഴെ പ്രായമുള്ളവരെ വനിത-ശിശു വകുപ്പിന് കീഴെ വരുന്ന ഒബ്സർവേഷൻ ഹോം / ചിൽഡ്രൻസ് ഹോം / ശിശുസദനം / ശിശുഭവനം എന്നയിടത്തേക്കാണ് പ്രവേശിപ്പിക്കുക. ഇതേ സ്ഥാപനത്തിൻ്റെ മറ്റ് ചില പേരുകൾ കൂടെ താഴെ കുറിക്കാം.
CCL (Child in conflict with the Law,
Juvenile Delinquent,
Juvenile in conflict with law,
Juvenile Justice (Care & Protection of children – Act 2015.

ഒരു സാധാരണക്കാരൻ ചിന്താക്കുഴപ്പത്തിൽ ആകാൻ ഇത്രയും പേരുകൾ തന്നെ ധാരാളമാണ്. പക്ഷേ മാദ്ധ്യമങ്ങൾക്ക് അങ്ങനെയൊരു ചിന്താക്കുഴപ്പം ഉണ്ടാകുന്നത് അഭിലഷണീയമല്ല.

ജുവനൈൽ ആക്റ്റ് തന്നെ വ്യത്യസ്തമാണ്. അവിടെയുള്ള കുട്ടികൾക്ക് തങ്ങൾ കുറ്റവാളികൾ അണെന്ന തോന്നൽ ഉണ്ടാകാൻ പാടില്ല എന്നാണ് ചട്ടം. പേരിൽ പോലും ആ തോന്നൽ ഉണ്ടാകാതിരിക്കാൻ പല പ്രാവശ്യം അതിൻ്റെ പേരുകൾ മാറ്റിമറിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇപ്പോളുള്ള ഒബ്സർവേഷൻ ഹോം എന്ന പേരിൽ എത്തി നിൽക്കുന്നത്. (പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് കൊണ്ടുവരാൻ വേണ്ടി വികലാംഗർ എന്ന പദത്തെ ഭിന്നശേഷിക്കാർ എന്നാക്കിയത് പോലെ.) അവിടെ ജയിൽ പോലെ യൂണിഫോം ഉണ്ടാകില്ല. പൊലീസ് യൂണിഫോമിലും മറ്റും ആരും അങ്ങോട്ട് ചെല്ലരുതെന്ന് ചട്ടമുണ്ട്. കേസ് നടത്തിപ്പും ഒക്കെ അങ്ങോട്ട് ചെന്ന് നടത്തുന്നത് ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ്. ഇവിടെയുള്ള കുട്ടികളെ കേസിൻ്റെ ഭാഗമായി കോടതിയിലേക്ക് കൊണ്ടുവരാറില്ല. 18 വയസ്സ് കഴിഞ്ഞാൽ മാത്രമേ ഇവരെ മറ്റ് ജയിലുകളിലേക്ക് മാറ്റിപ്പാർപ്പിക്കൂ.

ചുരുക്കിപ്പറഞ്ഞാൽ സുഹൈൽ എന്ന നെടുമ്പാശേരി വാഹനക്കേസ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത് ജുവനൈൽ ഹോമിലേക്കല്ല. പിന്നെവിടെയാണ്? തുടർന്ന് വായിക്കൂ.

വസ്തുത 3 (ബോസ്റ്റൽ സ്ക്കൂൾ)
———————
പ്രതിയുടെ പ്രായം 18 വയസ്സിനും 21 വയസ്സിനും ഇടയിലാണെങ്കിൽ അവരെ ബോസ്റ്റൽ (Borstal*) സ്ക്കൂൾ എന്ന ജയിലിലേക്കാണ് റിമാൻഡ് ചെയ്യുക. അത് ഒരു കറക്ഷണൽ ഹോം ആണ്. എന്തായാലും അത് വസ്തുത 2ൽ പറയുന്ന കുട്ടികളുടേതായ ജുവനൈൽ ഹോം/ഒബ്സർവ്വേഷൻ ഹോം അല്ല. 18-21 പ്രായക്കാർക്ക് ബോസ്റ്റൽ സ്ക്കൂളാണ് നിയമം അനുശാസിക്കുന്നത്. എത്ര വ്യത്യസ്തമോ വൈകാരികമോ ആയ കേസ് ആണെങ്കിലും നിയമത്തിനും കോടതിക്കും അങ്ങനെയൊരു നടപടിയേ സ്വീകരിക്കാനാവൂ. അത് തീരുമാനിക്കുന്നത് പൊലീസല്ല, കോടതിയാണ്.

നിലവിൽ കേരളത്തിൽ ഒരേയൊരു ബോസ്റ്റൽ സ്ക്കൂൾ മാത്രമേയുള്ളൂ. കാക്കനാട് ജില്ലാ ജെയിലിനോട് ചേർന്നാണ് അത് നിലകൊള്ളുന്നത്. അടുത്തടുത്ത വളപ്പുകൾ എന്ന് പറയാം. സത്യത്തിൽ കാക്കനാട് ആദ്യം ഉണ്ടായിരുന്നത് ബോസ്റ്റൽ സ്ക്കൂൾ മാത്രമായിരുന്നു. ജില്ലാ ജെയിൽ ഉണ്ടാക്കേണ്ടി വന്നപ്പോൾ ബോസ്റ്റൽ സ്ക്കൂളിൻ്റെ വളപ്പ് പകുത്ത് മതിൽ കെട്ടി ജില്ലാ ജെയിൽ സ്ഥാപിക്കുകയായിരുന്നു. ഇത് രണ്ടും രണ്ട് സ്ഥാപനങ്ങളാണ്. ബോസ്റ്റൽ സ്ക്കൂളിൽ CI റാങ്കിലുള്ള ജയിൽ സൂപ്രണ്ടും ജില്ലാ ജയിലിൽ DYSP റാങ്കിലുള്ള ജയിൽ സൂപ്രണ്ടുമാണ് ഉണ്ടാകുക.

കേരളത്തിൽ ആദ്യം ബോസ്റ്റൽ സ്ക്കൂൾ ഉണ്ടായിരുന്നത് കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്നാണ്. സിബി മലയിൽ സംവിധാനം ചെയ്ത് മമ്മൂട്ടി, ബൈജു, സുധീഷ്, എന്നിവർ അഭിനയിച്ച മുദ്ര എന്ന സിനിമയിൽ കാണിക്കുന്നത് ആ ബോസ്റ്റൽ സ്ക്കൂൾ ആണ്. പിന്നീട് 1995ൽ അത് പൂട്ടിയശേഷമാണ് ബോസ്റ്റൽ സ്ക്കൂൾ കാക്കനാട് തുറന്നത്. കാക്കനാട്ടെ അഥവാ കേരളത്തിലുള്ള ഒരേയൊരു ബോസ്റ്റൽ സ്ക്കൂളിലെ സൗകര്യം പരമാവധി 60 പേർക്കാണ്. എന്നിരുന്നാലും 85-90 പേരെ വരെ ഇവിടെ താമസിപ്പിക്കാറുണ്ട്. എന്നിരുന്നാലും ഇവിടെ സ്ത്രീ തടവുകാർക്ക് താമസസൗകര്യം ഇല്ല. അവർ ജില്ലാ ജയിലിലോ സബ് ജയിലിലോ തന്നെ കഴിയണം.

കേരളത്തിലെ മറ്റ് ജില്ലകളിലും ശിക്ഷിക്കപ്പെടുന്ന 18-21 വയസ്സുകാർ എല്ലാവരേയും പാർപ്പിക്കാൻ കാക്കനാട് ബോസ്റ്റൽ സ്ക്കൂളിൽ സൗകര്യമുണ്ടാകാറില്ല. ഉണ്ടെങ്കിൽത്തന്നെ ആലപ്പുഴയിൽ നിന്നോ തൃശൂർ നിന്നോ ചുരുക്കം കുറ്റവാളികളെ പാർപ്പിച്ചെന്നിരിക്കും. മറ്റ് ജില്ലകളിലെ 18-21 വയസ്സുള്ള കുറ്റവാളികൾ അതാത് ജില്ലാ ജയിലുകളിലെ പ്രമുഖ തടവുകാർക്കൊപ്പം തന്നെയാണ് പാർക്കുന്നത്. ഇവർ ബോസ്റ്റൽ തടവുകാരാണെന്ന് ജയിൽ വകുപ്പിനുള്ള പൂർണ്ണബോദ്ധ്യത്തോടെയും കോടതിയുടെ അറിവോടും കൂടെത്തന്നെയാണ് ഇങ്ങനെ പാർപ്പിക്കുന്നത്. ഈ തടവുകാർ മറ്റ് വലിയ ക്രിമിനലുകളുമായി ഇടപഴകി നിലവിലുള്ളതിനേക്കാൾ വലിയ ക്രിമിനലുകൾ ആകാതെ നോക്കുക. സ്വവർഗ്ഗാനുരാഗികളായ മുതിർന്ന തടവുകാരിൽ നിന്ന് പരിരക്ഷിക്കുക എന്നിങ്ങനെ നിയമത്തിൻ്റേതായ കരുതലുകൾ ഇവർക്കുണ്ട്. അതുകൊണ്ട് തന്നെ ബോസ്റ്റൽ സ്ക്കൂൾ ഇല്ലാത്തയിടങ്ങളിലെ മറ്റ് ജയിലുകളിൽ ഈ പ്രായക്കാരെ താമസിപ്പിക്കുന്നത് ഒരേ സെല്ലുകളിൽ ആയിരിക്കും. CCTV ക്യാമറയ്ക്ക് അടുത്തുള്ള സെല്ലുകളിലോ വാർഡന്മാരുടെ നോട്ടം പെട്ടെന്ന് കിട്ടുന്ന സെല്ലുകളിലോ താമസിപ്പിക്കും.

പറഞ്ഞുവന്നത്, മേൽപ്പറഞ്ഞ വസ്തുതകളും നിയമങ്ങളും വെച്ച് നോക്കുമ്പോൾ സുഹൈലിനെ കാക്കനാട്ടെ ബോസ്റ്റൽ സ്ക്കൂളിലേക്ക് അയക്കാൻ മാത്രമേ പൊലീസിനും കോടതിക്കും നിയമത്തിനും സാധിക്കൂ. അങ്ങനെ ചെയ്തില്ലെങ്കിൽ ന്യായാധിപൻ അടക്കമുള്ളവർക്ക് പ്രശ്നമുണ്ട്. സുഹൈലിൻ്റെ കുടുംബത്തിൻ്റെ പണമോ സ്വാധീനമോ ബോസ്റ്റൽ സ്ക്കൂളിലേക്കുള്ള അയാളുടെ റിമാൻഡിനെ സ്വാധീനിച്ചിട്ടില്ല എന്ന് സാരം.

സുഹൈൽ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് മനുഷ്യജീവനുകളെടുത്തത് കണ്ണൂരിൽ വെച്ചായിരുന്നെങ്കിൽ അയാൾ കണ്ണൂർ ജില്ലാ ജെയിലിലേക്ക് പോകുമായിരുന്നു. സുഹൈലിന് എന്നല്ല, ധനാഢ്യനോ അല്ലാത്തതോ ആയ മറ്റൊരു ചെറുപ്പക്കാരൻ്റെ കാര്യത്തിലും ഇങ്ങനെ തന്നെയാകും കോടതി നടപടി വരുക. ബോസ്റ്റൽ സൗകര്യം ഉള്ളയിടമാണെങ്കിൽ അങ്ങോട്ട്, ആ സൗകര്യം ഇല്ലെങ്കിൽ സാധാരണ ജയിലിലേക്ക്.

ആയതിനാൽ, സുഹൈലിനെ ജയിലിലേക്ക് അയച്ച കാര്യത്തിൽ വഴിവിട്ട് എന്തെങ്കിലും സംഭവിച്ചതായി കരുതേണ്ടതില്ല.

എന്നിരുന്നാലും ഈ നിയമവുമായി ബന്ധപ്പെട്ട് ഒരു തിരുത്തൽ അല്ലെങ്കിൽ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് ഞാൻ കരുതുന്നു. തികച്ചും വ്യക്തിപരമായി ഒരഭിപ്രായം മാത്രം. 18 വയസ്സുകാർക്ക് ഡ്രൈവിങ്ങ് ലൈസൻസ് കൊടുക്കാമെങ്കിൽ അവർ ചെയ്യുന്ന ഏതൊരു ഗതാഗത കുറ്റകൃത്യവും മുതിർന്നവരെപ്പൊലെ വിചാരണയ്ക്കും തടവിനും ശിക്ഷയ്ക്കും വിടാനുള്ള വകുപ്പ് ഉണ്ടാകണം. ആ സമയത്ത് മാത്രം അവർ ഇള്ളക്കുട്ടികളാണ് കുപ്പിപ്പാൽ കുടിച്ചോട്ടെ എന്ന നിലയ്ക്കുള്ള ആനുകൂല്യങ്ങൾ പാടില്ല. അവരെ മറ്റുള്ള തടവുകാർ കിടക്കുന്ന സാധാരണ ജയിലിലേക്ക് തന്നെ വിടണം. അല്ലെങ്കിൽ അവർക്ക് 21 വയസ്സിന് ശേഷമേ ലൈസൻസ് കൊടുക്കൂ എന്ന നിയമം വന്നാലും മതി. ഇതിൽ ഏതെങ്കിലും ഒരു നിയമനിർമ്മാണം ഉണ്ടാകാനുള്ള നടപടി വേണ്ടതാണ്. (വേണമെങ്കിൽ ബോസ്റ്റൽ സ്ക്കൂൾ 18-21 വയസ്സുള്ള മറ്റ് തടവുകാർക്കായി തുടർന്നോളൂ.)

ജയിലിൻ്റെ കാര്യം വിശദീകരിച്ചത് സുഹൈലിൻ്റെ പക്ഷം ചേർന്നല്ല. സുഹൈലിനെപ്പോലുള്ള പണമുള്ള വീട്ടിലെ ചെറുക്കന്മാർക്ക് തുലച്ച് കളയാനുള്ളതല്ല നിരത്തിലിറങ്ങി നടക്കുന്ന ഓരോ സാധാരണക്കാരുടേയും ജീവിതം. അയാൾക്ക് പരമാവധി ശിക്ഷ കിട്ടണെമെന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. പക്ഷേ, ജയിലുകളെ സംബന്ധിച്ച് മാദ്ധ്യമങ്ങൾ അടക്കം നമ്മളിൽ പലർക്കുമുള്ള അറിവുകേട് അൽപ്പമെങ്കിലും പരിഹരിക്കാൻ വേണ്ടിയാണ് ഇത് എഴുതേണ്ടി വന്നത്. സുഹൈലിന് ശരിയായ ശിക്ഷതന്നെ കിട്ടണമെന്ന് ഏതൊരു മനുഷ്യനേയും പോലും ഞാനും ആഗ്രഹിക്കുന്നു. കൊല്ലപ്പെട്ട കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭിക്കുക തന്നെ വേണം.

സുഹൈലിനെ ജുവനൈൽ ഹോമിലേക്ക് വിടുന്നു എന്ന് എഴുതിയ ഒരു മാദ്ധ്യമത്തിൻ്റെ കാർഡ് എന്നേയും തെറ്റിദ്ധരിപ്പിച്ചിരുന്നു തുടക്കത്തിൽ. പിന്നീട് ഞാനതേപ്പറ്റി കൂടുതൽ അന്വേഷിക്കുകയായിരുന്നു. വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടായി വിരമിച്ച അനിൽകുമാർ സാറാണ് Anil Kumar എൻ്റെ സംശയങ്ങൾ ദുരീകരിച്ചത്. അദ്ദേഹത്തിന് നന്ദി.

*ബോസ്റ്റൽ സ്ക്കൂൾ എന്ന പേർ എങ്ങനെ വന്നു എന്ന് കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. ഇംഗ്ലണ്ടിൽ നിന്നാണ് അതിൻ്റെ തുടക്കം. 1902ൽ സർ.എവിലിൻ റഗ്ഗിൾസ് എന്ന സായിപ്പാണ് ആദ്യത്തെ ബോസ്റ്റൽ സ്ക്കൂളിന് പരീക്ഷണാർത്ഥത്തിൽ തുടക്കമിട്ടത്. ഇംഗ്ലണ്ടിലെ റോച്ചെസ്റ്റർ തുറമുഖ നഗരത്തിന് സമീപമുള്ള ബോസ്റ്റൽ എന്ന ഗ്രാമത്തിലായിരുന്നു ഗ്ലാഡ്സ്റ്റോൺ കമ്മറ്റിയുടെ നിർദ്ദേശാർത്ഥം ആദ്യത്തെ ആ ബോസ്റ്റൽ സ്ക്കൂൾ സർ.എവിലിൻ റഗ്ഗിൾസ് ആരംഭിച്ചത്.

വാൽക്കഷണം:- മാദ്ധ്യമങ്ങളെ തിരുത്താനാണെങ്കിൽ, FIR-ൽ സുഹൈലിൻ്റെ പേരില്ല, അയാൾ മദ്യപിച്ചിരുന്നു എന്ന് പരാമർശമില്ല, കേസ് അട്ടിമറിക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞ് പുതിയ മുറവിളിയും കാർഡുകളും വന്നിട്ടുണ്ട്. എങ്ങനെയാണ് എത്തരത്തിലാണ് ഒരു FIR ഉണ്ടാകുന്നത്/ഉണ്ടാക്കുന്നത് എന്ന് എതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചാൽ വിശദമായി പറഞ്ഞ് തരും. എല്ലാ സാധാരണക്കാർക്കും അത് കഴിയണമെന്നില്ല. പക്ഷേ മാദ്ധ്യമങ്ങൾക്ക് കഴിയും, കഴിഞ്ഞേ പറ്റൂ. അതൊന്നും മനസ്സിലാക്കാതെ തെറ്റായ ചിന്തകളും വിവരങ്ങളും ജനങ്ങൾക്കിടയിലേക്ക് പടർത്തുന്നതിനെ മാദ്ധ്യമപ്രവർത്തനം എന്ന് പറയാനാവില്ല.

(ചിത്രം:- കാക്കനാട്ടുള്ള കേരളത്തിലെ ഏക ബോസ്റ്റൽ സ്ക്കൂളിൻ്റെ കവാടം.)

#borstalschool
#borstal