പത്തിരുപത്തഞ്ച് വര്‍ഷം മുന്‍പ് വിദേശത്തുള്ള ആരോ സമ്മാനമായിട്ട് കൊണ്ടുത്തന്നപ്പോഴാണ് ഒരു റൂബിക്‍സ് ക്യൂബ് ആദ്യമായിട്ട് കാണുന്നത്. പിന്നിടങ്ങോട്ട് കുറേക്കാലം എവിടെച്ചെന്നാലും ഒരു റൂബിക്‍സ് ക്യൂബ് കാണാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, ക്യൂബിന്റെ എല്ലാ വശങ്ങളിലും ഒരേ നിറം കൊണ്ടുവരിക എന്നതായിരുന്നു ബുദ്ധിമുട്ട്. ഇത്തരം പസിലുകളൊക്കെ ശരിപ്പെടുത്തിയെടുക്കുന്നതില്‍ മിടുക്കനായ ഒരു കസിന്റെ സഹായത്തോടെ ക്യൂബിനെ ‘നേരേയാക്കിയെടുക്കാന്‍ ’ ഞാന്‍ പഠിച്ചതായിരുന്നു. പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ , ക്യൂബ് ശരിയാക്കാന്‍ ഉപയോഗിച്ചിരുന്ന സൂത്രവാക്യങ്ങള്‍ പലതും മറന്നുപോയി.
ഈയിടയ്ക്ക് റൂബിക്‍സ് ക്യൂബ് വീണ്ടും കമ്പോളത്തിലിറങ്ങി. അതൊരെണ്ണം വാങ്ങി പഴയ ഓര്‍മ്മയൊക്കെ വെച്ച് നിറങ്ങള്‍ ശരിപ്പെടുത്താനുള്ള ശ്രമം അമ്പേ പരാജയപ്പെട്ടു. പക്ഷെ, ഒറിജിനല്‍ റൂബിക്‍സ് ക്യൂബ് വാങ്ങുമ്പോള്‍ അവര്‍ തന്നെ പഠിപ്പിക്കുന്ന പുതിയൊരു മാര്‍ഗ്ഗത്തിലൂടെ വീണ്ടും ക്യൂബിനെ ‘നേര്‍വഴിക്ക് ’കൊണ്ടുവരാമെന്ന് ഞാന്‍ മനസ്സിലാക്കി. വല്ലപ്പോഴുമൊക്കെ ക്യൂബുമായി ഇടപഴകിയില്ലെങ്കില്‍ പുതിയ മാര്‍ഗ്ഗവും ഞാന്‍ മറന്ന് പോയെന്ന് വരും. അതുകൊണ്ട് ക്യൂബിനെ മെരുക്കാന്‍ ക്യൂബ് കമ്പനി പഠിപ്പിക്കുന്ന വിദ്യ മൊത്തത്തില്‍ ഇവിടെ കുറിച്ചിടുന്നു. രജ്ഞിത്തിന്റെ പ്രാഞ്ചിയേട്ടന്‍ & ദ സെയിന്റ് എന്ന സിനിമയിലെ പോളി എന്ന കുട്ടിക്കഥാപാത്രം നിമിഷനേരം കൊണ്ട് ക്യൂബിനെ ശരിപ്പെടുത്തുന്നത് കണ്ട് ആര്‍ക്കെങ്കിലുമൊക്കെ ആവേശം കയറിയിട്ടുണ്ടെങ്കില്‍ അവര്‍ക്കും ഈ മാര്‍ഗ്ഗം ഉപകാരപ്പെടട്ടെ.
അതിനുമുന്‍പ് അല്‍പ്പം റൂബിക്‍സ് ക്യൂബ് ചരിത്രം.
ഹംഗറിക്കാരനായ ഏര്‍ണോ റൂബിക്ക് എന്ന ആര്‍ക്കിടെക്‍ച്ചര്‍ & ഡിസൈന്‍ പ്രൊഫസറാണ് റൂബിക്‍സ് ക്യൂബ് കണ്ടുപിടിച്ചത്. 1980 ല്‍ ഇത് കമ്പോളത്തിലിറങ്ങിയപ്പോള്‍, ഒരു കൊല്ലം കൊണ്ടുതന്നെ ഏറ്റവും പെട്ടെന്ന് വിറ്റഴിഞ്ഞ പസില്‍ എന്ന ഖ്യാതി റൂബിക്‍സ് ക്യൂബ് നേടുകയുണ്ടായി. 250 മില്യണില്‍ അധികം റൂബിക്‍സ് ക്യൂബുകളാണ് ഇതിനകം ലോകമൊട്ടാകെ വിറ്റഴിഞ്ഞിരിക്കുന്നത്.
ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ വെറും 17 നീക്കങ്ങളിലൂടെ ഒരു റൂബിക്‍സ് ക്യൂബ് ശരിയാക്കാന്‍ പറ്റുമത്രേ ? കമ്പ്യൂട്ടറൊന്നുമില്ലെങ്കിലും 20 നീക്കത്തിനകം എത്ര വിഷമം പിടിച്ച റൂബിക്‍സ് ക്യൂബും ശരിയാക്കാന്‍ പറ്റുമെന്നാണ് കരുതപ്പെടുന്നത്. അതിലൊക്കെ എത്ര സത്യമുണ്ടെന്ന് അറിയില്ലെങ്കിലും വെറും 45 നീക്കങ്ങളില്‍ ഈ ക്യൂബ് ശരിയാക്കുന്നവര്‍ മുതല്‍, 50 സെക്കന്റില്‍ ശരിയാക്കുന്നവരും, കണ്ണുകെട്ടി ഇത് നേരേയാക്കുന്നവരുമൊക്കെ ഉണ്ടത്രേ ?
നന്നായി പരിശീലിച്ചാല്‍ 3 മിനിറ്റില്‍ താഴെ സമയം കൊണ്ട് റൂബിക്‍സ് ക്യൂബ് ശരിയാക്കാമെന്ന് എനിക്കും അനുഭവമുണ്ട്. അതെങ്ങിനെയാണെന്ന് നോക്കാം.
ആദ്യമായി താഴെയുള്ള ചിത്രത്തില്‍ കാണുന്നതുപോലെ…….
R – Right Face
L – Left Face
B – Back Face
D – Down Face
F – Front Face
U – Upper Face
എന്നിങ്ങനെ ക്യൂബിന്റെ 6 മുഖങ്ങള്‍ക്ക് പേരിടാം.
ഇനി വെറും7 ഘട്ടങ്ങളിലൂടെ ക്യൂബിന്റെ എല്ലാ വശങ്ങളിലും ഒരേ നിറം വരുത്താന്‍ സാധിക്കുന്നതാണ്. ആ സൂത്രവിദ്യ എന്താണെന്ന് നോക്കുന്നതിന് മുന്‍പായി ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
1. നമ്മുടെ മുഖത്തിന് നേരേ പിടിക്കുന്ന ഭാഗം എപ്പോഴും Front Face ആയി കരുതി അതിനനുസരിച്ച് മറ്റ് മുഖങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സില്‍ തീര്‍ച്ചപ്പെടുത്തുക.
2. ക്യൂബിന്റെ ഏതെങ്കിലും ഒരു മുഖം കാല്‍ ഭാഗം(1/4) മാത്രം തിരിക്കുന്നതിനെ ഒരു കറക്കം എന്ന് തിട്ടപ്പെടുത്താം.
3. സൂത്രവാക്യങ്ങളില്‍ R എന്ന് കണ്ടാല്‍ ക്യൂബിന്റെ Right Face ഒരു പ്രാവശ്യം ക്ലോക്കിന്റെ ദിശയില്‍(Clockwise)തിരിക്കണം.
4. സൂത്രവാക്യങ്ങളില്‍ Ri എന്നുകണ്ടാല്‍ Right Face ഒരു പ്രാവശ്യം ക്ലോക്കിന്റെ എതിര്‍ ദിശയില്‍(Anti Clockwise) തിരിക്കണം.
5. ക്യൂബിന്റെ ഓരോ വശങ്ങളിലും നടുക്ക് കാണുന്ന മാറിക്കളിക്കുന്നില്ല. അതിന്റെ ചുറ്റുമുള്ള മറ്റ് നിറങ്ങളുള്ള കട്ടകളാണ് അങ്ങോട്ടും ഇങ്ങോട്ടും മാറ്റാന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വശത്തിന്റെ നടുക്ക് കാണുന്ന നിറം ആ വശത്തിന്റെ നിറമായി കണക്കാക്കണം.
6. ഏതെങ്കിലും ഒരു മുഖം ക്ലോക്കിന്റെ ദിശയിലോ ക്ലോക്കിന്റെ എതിര്‍ ദിശയിലോ തിരിക്കുന്ന കാര്യത്തില്‍ സംശയം വരുമ്പോള്‍, നാം ആ മുഖത്തിന് നോക്കി നില്‍ക്കുന്നതായി സങ്കല്‍പ്പിച്ച് നോക്കിയാല്‍ മതി. ഇത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.
ഇനി നമുക്ക് ക്യൂബിന്റെ നിറങ്ങള്‍ ശരിയാക്കിയെടുക്കുന്ന 7 സ്റ്റെപ്പുകളിലേക്ക് കടക്കാം.
സ്റ്റെപ്പ് 1.
പച്ച നിറത്തില്‍ നിന്ന് തുടങ്ങാം. ആദ്യമായി പച്ചനിറം വരുന്ന ഭാഗത്ത് പ്ലസ് (+) ആകൃതിയില്‍ നിറങ്ങള്‍ ശരിയാക്കാന്‍ ശ്രമിക്കണം. ഇത് സ്വന്തം മനോധര്‍മ്മമനുസരിച്ച് ഏത് തുടക്കക്കാരനും സ്വയം ചെയ്യാവുന്നതാണ്. ഈ സ്റ്റെപ്പ് ചെയ്യുമ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്നത് പോലെ പച്ചയുമായി ചേര്‍ന്ന് വരുന്ന 4 മുഖങ്ങളിലെ നിറങ്ങള്‍ കൂടെ യഥാസ്ഥാനത്ത് വരുന്ന വിധത്തിലാണ് ചെയ്യേണ്ടത്. ഇതിന് പ്രത്യേകിച്ച് സൂത്രപ്പണികളുടേയോ സൂത്രവാക്യങ്ങളുടേയോ ആവശ്യമില്ല. ചിലപ്പോള്‍ + ആക്കാനുള്ള ശ്രമത്തിനിടയില്‍ ക്യൂബിലെ കട്ടകള്‍ താഴെ കാണുന്ന പോലെ തിരിഞ്ഞ് വന്നെന്ന് വരാം.
ഈ അവസരത്തില്‍ അങ്ങനെ തിരിഞ്ഞിരിക്കുന്ന കട്ട ചിത്രത്തില്‍ കാണുന്ന സ്ഥാനത്ത് വരുന്ന രീതിയില്‍ ക്യൂബിനെ പിടിക്കുക.
അതിനുശേഷം Ri U Fi Ui എന്ന ആദ്യത്തെ സൂത്രവാക്യം ഉപയോഗിക്കുക.
ഉദാഹരണത്തിന്…..മുകളിലെ ചിത്രത്തില്‍ പച്ചനിറം Upper Face ഉം, മഞ്ഞനിറം Right Face ഉം, ഓറഞ്ച് നിറം Front Face ഉം വരുന്ന രീതിയിലാണ് ക്യൂബ് പിടിച്ചിരിക്കുന്നത്. ഒന്നിലധികം കട്ടകള്‍ ഇതുപോലെ നിറം മാറിമറിഞ്ഞ് വന്നിട്ടുണ്ടെങ്കില്‍ ഇതേ സൂത്രവാക്യം ഉപയോഗിക്കാം. ഇതോടെ + ആകൃതിയില്‍ പച്ചനിറം ശരിയാകുന്നു, സ്റ്റെപ്പ് 1 കഴിയുന്നു.
സ്റ്റെപ്പ് 2.
അടുത്തതായി + ആകൃതിക്ക് ശേഷമുള്ള മൂലകളിലെ കട്ടകളാണ് ശരിയാക്കേണ്ടത്. താഴെയുള്ള ചിത്രം ഉദാഹരണമായെടുത്താല്‍ പച്ച, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളുള്ള കട്ട ചിത്രത്തില്‍ കാണുന്ന പോലെ Front Face ന്റെ കീഴെ കൊണ്ടുവന്ന് നിര്‍ത്തുക.
അതിനുശേഷം Ri Di R D എന്ന സൂത്രവാക്യം 1 പ്രാവശ്യം അല്ലെങ്കില്‍ 3 അതുമല്ലെങ്കില്‍ 5 പ്രാവശ്യം ചെയ്യുന്നതോടെ ഒരു മൂല ശരിയാകുന്നു. ഇതുപോലെ പച്ചനിറത്തിന്റെ 4 മൂലകളിലെ കട്ടകളും ശരിയായ നിറമാകുന്നതുവരെ ഇതേ സൂത്രവാക്യം പ്രയോഗിക്കുക. ഇതോടെ പച്ചനിറം മുകളിലെ ചിത്രത്തിലേത് പോലെ പൂര്‍ണ്ണമാകുകയും ചെയ്യുന്നു.
സ്റ്റെപ്പ് 3.
രണ്ടാമത്തെ സ്റ്റെപ്പ് കഴിയുന്നതോടെ പച്ചവശത്തിനൊപ്പം അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് 4 വശങ്ങളുടെ ആദ്യത്തെ നിരകൂടെ ഒരേ നിറമായിയിട്ടുണ്ടാകുമെന്നത് ശ്രദ്ധിക്കുക. രണ്ടാമത്തെ നിര കട്ടകളാണ് ഇനി നേരെയാക്കേണ്ടത്. ഇതിനായി പച്ച നിറത്തെ Down Face ആക്കി പിടിച്ചുകൊണ്ടാണ് മറ്റുള്ള 5 സ്റ്റെപ്പുകള്‍ ചെയ്യേണ്ടത്.
മുകളിലെ ചിത്രത്തില്‍ കാണുന്നത് പോലെ തമ്മില്‍ ചേരുന്ന കട്ടകള്‍ Front Face ന്റെ മുകള്‍ ഭാഗത്ത് കൊണ്ടുവരുക. അതിന്റെ രണ്ടാമത്തെ നിരയിലേക്ക് കൊണ്ടുവരാന്‍
U R Ui Ri Ui Fi U F എന്ന സൂത്രവാക്യം ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍ മതിയാകും.
മുകളിലുള്ള ചിത്രത്തില്‍ കാണുന്ന സ്ഥാനത്തുനിന്നും ഒരു കട്ടയെ രണ്ടാമത്തെ നിരയിലേക്ക് കൊണ്ടുവരാന്‍…..
Ui Fi U F U R Ui Ri എന്ന സൂത്രവാക്യം ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍ മതി.
പക്ഷെ ചില അവസരങ്ങളില്‍ ഇങ്ങനെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കട്ടകള്‍ ചിലത് രണ്ടാമത്തെ നിരയില്‍ത്തന്നെ തെറ്റായ സ്ഥാനത്ത് ഇരുപ്പുറപ്പിച്ചിട്ടുണ്ടാകാം. അങ്ങനെയുള്ള അവസരത്തില്‍ സ്ഥാനം തെറ്റിയ ആ കട്ടയെ Front Face ല്‍ വലതുവശത്ത് വരുന്ന വിധം ക്യൂബിനെ പിടിച്ചതിനുശേഷം മുകളില്‍പ്പറഞ്ഞ ഏതെങ്കിലും ഒരു സൂത്രവാക്യം ഒരുപ്രാവശ്യം ഉപയോഗിച്ച് തിരിച്ചാല്‍ സ്ഥാനം തെറ്റിയ കട്ട മുകളിലെ നിരയിലേക്ക് നീങ്ങിക്കിട്ടും. പിന്നീട് സ്റ്റെപ്പ് 3 ലെ രണ്ട് സൂത്രവാക്യങ്ങളില്‍ അനുയോജ്യമായത് ഉപയോഗിച്ച് വീണ്ടും കൃത്യസ്ഥാനത്ത് എത്തിക്കാനാവും.
സ്റ്റെപ്പ് 3ലെ രണ്ട് സൂത്രവാക്യങ്ങളും, യഥാര്‍ത്ഥത്തില്‍ ഒരു സൂത്രവാക്യം തന്നെ പകുതിക്ക് വെച്ച് തിരിച്ചും മറിച്ചും ഇട്ടതാണെന്നല്ലാതെ യാതൊരു വ്യത്യാസവുമില്ല. സ്റ്റെപ്പ് 3 കഴിയുന്നതോടെ ക്യൂബിന്റെ പച്ചനിറത്തിനോട് ചേര്‍ന്നുള്ള 4 വശങ്ങളുടെ രണ്ടാം നിരയും ഒരേ നിറമായിക്കഴിഞ്ഞിരിക്കും.
സ്റ്റെപ്പ് 4.
നാലാമത്തെ സ്റ്റെപ്പില്‍ Upper Face ലെ നിറമാണ് ശരിയാക്കാന്‍ ശ്രമിക്കുന്നത്.
മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ Upper Face ലെ നിറം(ഇവിടെ നീല) നടുവിലെ കട്ടയില്‍ മാത്രം എന്ന അവസ്ഥയില്‍ നിന്ന്, L തിരിച്ചിട്ട രീതിയില്‍ 3 കട്ടകളിലേക്കും, അവിടന്ന് 3 കട്ടകളിലായി നേര്‍വരയിലും, പിന്നീട് + ആകൃതിയിലും വരുത്താനുമുള്ള സൂത്രവാക്യമാണ് നാം പ്രയോഗിക്കുന്നത്. ചിത്രത്തില്‍ കാണുന്നതുപോലെ ഓറഞ്ച് നിറം Front Face വരുന്നവിധത്തില്‍ ക്യൂബിനെ പിടിച്ച്
F R U Ri Ui Fi എന്ന സൂത്രവാക്യം അനുസരിച്ച് തിരിക്കുക.
ഇങ്ങനെ ഈ സൂത്രവാക്യപ്രകാരം ഒരു പ്രാവശ്യം തിരിച്ചാല്‍ നടുക്കുള്ള കട്ട മാത്രമാണ് ശരിയായ രീതിയില്‍ ഉണ്ടായിരുന്നതെങ്കില്‍, അത് L തിരിച്ചിട്ട രീതിയില്‍ ആയി മാറും. വീണ്ടും ഒരിക്കല്‍ക്കൂടെ സൂത്രവാക്യത്തിനനുസരിച്ച് തിരിച്ചാല്‍ നേര്‍വരയില്‍ നിറങ്ങള്‍ വരും. വീണ്ടും ഒരിക്കല്‍ക്കൂടെ സൂത്രവാക്യം പ്രയോഗിച്ചാല്‍ + ആകൃതിയില്‍ നിറങ്ങള്‍ വന്നിട്ടുണ്ടാകും. പരമാവധി 3 പ്രാവശ്യമാണ് ഈ സൂത്രവാക്യം പ്രയോഗിക്കേണ്ടി വരുക എന്ന് സാരം.
സ്റ്റെപ്പ് 5.
+ ആകൃതിയില്‍ Upper Faceല്‍ നിറങ്ങള്‍ വന്നിട്ടുണ്ടാകുമെങ്കിലും പച്ചനിറത്തിന്റെ 4 പാര്‍ശ്വവശങ്ങളിലെ മൂന്നാമത്തെ നിരയില്‍ നിറങ്ങള്‍ കൃത്യമായി വന്നിട്ടുണ്ടാകണമെന്നില്ല. ഈ സമയത്ത് Upper Face ലെ നിറവുമായി മൂന്നാമത്തെ നിരയിലെ ഏതെങ്കിലും ഒരു നിറം മാത്രം യോജിച്ച് വരുന്ന വിധത്തില്‍ ക്യൂബിന്റെ Upper Face തിരിച്ച് വെക്കുക*. വശങ്ങളിലെ മറ്റ് മൂന്ന് നിറങ്ങളും ഈ സമയത്ത് തെറ്റിയാണ് ഇരിക്കുക / ഇരിക്കേണ്ടത്.
ഇനി മുകളിലെ ചിത്രത്തിലേത് പോലെ തെറ്റിയിരിക്കുന്ന 3 കട്ടകളും ശരിയാക്കാന്‍
R U Ri U R U U Ri എന്ന സൂത്രവാക്യം ഉപയോഗിക്കാം. പരമാവധി 2 പ്രാവശ്യം ഈ സൂത്രവാക്യം ഉപയോഗിക്കുന്നതോടെ വശങ്ങളിലെ നിറങ്ങളും Upper Face ലെ നിറം + ആകൃതിയിലും ശരിയായി വന്നിരിക്കും.
*ചിലപ്പോള്‍ 2 വശങ്ങളിലെ കട്ടകള്‍ തെറ്റിയും 2 വശങ്ങളിലെ കട്ടകള്‍ ശരിയായും ഇരിക്കുന്ന അവസ്ഥ ഉണ്ടാകാം. ആ സമയത്ത് ഇതേ സൂത്രവാക്യം ഒരു പ്രാവശ്യം ഉപയോഗിച്ച് ഒരു വശം മാത്രംശരിയായി ഇരിക്കുന്ന അവസ്ഥയിലേക്ക് കട്ടകളെ കൊണ്ടുവരാനാകും.
സ്റ്റെപ്പ് 6.
ഇനിയിപ്പോള്‍ നിറം ശരിയാകാന്‍ ബാക്കിയുള്ളത് Upper Face ന്റെ മൂലയിലെ കട്ടകളുടേത് മാത്രമാണ്. ചിലപ്പോള്‍ നാല് മൂലകളും തെറ്റായ സ്ഥാനത്തായിരിക്കും ഇരിക്കുന്നത്. അല്ലെങ്കില്‍ ഒരു മൂല കൃത്യസ്ഥാനത്തും മറ്റുള്ളവ തെറ്റായിട്ടും ആകാം ഇരിക്കുന്നത്. ഇതിനെയെല്ലാം യഥാസ്ഥാനത്ത് കൊണ്ടുവരുകയാണ് സ്റ്റെപ്പ് 6 വഴി ചെയ്യുന്നത്.
U R Ui Li U Ri Ui L എന്ന സൂത്രവാക്യം പ്രയോഗിച്ചാല്‍….
Upper Face ലെ വലതുവശത്തെ കട്ട ഒഴികെയുള്ള 3 കട്ടകള്‍ക്കും ക്ലോക്കിന്റെ ദിശയില്‍ (Clockwise) ഒന്നിരിക്കുന്ന ഇടത്തുനിന്ന് മറ്റേതിരിക്കുന്ന ഇടത്തേക്ക് സ്ഥാനഭ്രംശം സംഭവിക്കും. പരമാവധി 2 പ്രാവശ്യം ഈ സൂത്രവാക്യം ഉപയോഗിക്കുന്നതോടെ മൂലയിലെ കട്ടകളെ എല്ലാം യഥാസ്ഥാനത്ത് എത്തിക്കാനാവും. പക്ഷെ ഇപ്പോഴും കട്ടകളുടെ നിറങ്ങള്‍ മാറിമറിഞ്ഞായിരിക്കാം കിടക്കുന്നത്.
സ്റ്റെപ്പ് 7.
മൂലകളിലെ മാറിമറിഞ്ഞ് കിടക്കുന്ന നിറങ്ങളെ നേരെയാക്കാന്‍ സ്റ്റെപ്പ് 7 ഉപയോഗിക്കാം. ആദ്യമായി നിറം മാറിക്കിടക്കുന്ന കട്ടയെ, മുകളിലെ ചിത്രത്തില്‍ കാണുന്നത് പോലെ Front Face ന്റെ വലത്തുവശത്ത് മുകളിലെ മൂലയില്‍ വരുന്ന വിധം ക്യൂബിനെ പിടിക്കുക.
എന്നിട്ട് Ri Di R D എന്ന സൂത്രവാക്യം പ്രയോഗിക്കുക. ഇത് 2 അല്ലെങ്കില്‍ 4 പ്രാവശ്യം ചെയ്യുന്നതോടെ ആ മൂലയില്‍ നിറം യഥാസ്ഥാനത്ത് വരും. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ സമയത്ത് Upper Face ലെ നിറം (ഇവിടെ നീല) ശരിയായി വരുന്നുണ്ടോന്ന് മാത്രമേ നോക്കാന്‍ പാടുള്ളൂ. ക്യൂബിന്റെ മറ്റ് വശങ്ങളില്‍ ഇതുവരെ ശരിയായി വന്ന നിറങ്ങളൊക്കെ ഇപ്പോള്‍ മാറിമറിയുന്നുണ്ടാകാം.
Front Face ന്റെ വലത്തുവശത്ത് മുകളിലെ മൂലയില്‍, നിറം ശരിയാകാതെ കിടക്കുന്ന ഓരോ കട്ടകളും കറക്കി കൊണ്ടുവന്ന് വെച്ചതിനുശേഷം
Ri Di R D എന്ന സൂത്രവാക്യം പ്രയോഗിക്കുക. Upper Face ലെ നിറം(നീല) പൂര്‍ണ്ണമായും ഒന്നായി വരുന്നതോടെ ക്യൂബിന്റെ എല്ലാവശങ്ങളിലും ഒരേ നിറം ആയിത്തീര്‍ന്നിരിക്കും.
വാല്‍ക്കഷണം :- സുഡോക്കു പസിലുകള്‍ ഒരു ഹരമായി പടര്‍ന്ന് പിടിച്ചുതുടങ്ങിയ കാലത്ത്, മുംബൈ നഗരവാസികളെ സുഡോക്കു ശാസ്ത്രീയമായി സോള്‍വ് ചെയ്യാന്‍ സഹായിക്കുന്നതിനുവേണ്ടി കോച്ചിങ്ങ് ക്ലാസ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ വരെ ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. അങ്ങനൊരു സാദ്ധ്യത റൂബിക്‍സ് ക്യൂബിന്റെ കാര്യത്തില്‍ ഉണ്ടെങ്കില്‍, കോച്ചിങ്ങ് ക്ലാസ്സുകള്‍ നല്‍കാന്‍ ഞാന്‍ എപ്പോഴേ തയ്യാര്‍. ട്യൂഷന്‍ ഫീസ്, എണ്ണപ്പാടത്തുനിന്ന് ഈയുള്ളവന് കിട്ടുന്ന പച്ചരിക്കാശിനേക്കാള്‍ അല്‍പ്പം കൂടുമെന്ന് മാത്രം.









