വാർത്ത 1:- മുസ്ലീങ്ങള്‍ക്ക് നിരവധി രാജ്യങ്ങളുണ്ട്, ഹിന്ദുക്കള്‍ക്ക് ഒന്നുപോലുമില്ലെന്ന് പൗരത്വ നിയമത്തില്‍ നിതിൻ ഗഡ്കരി.
കമന്റ് 1:- ലക്ഷ്യമിടുന്നത് ഹിന്ദുരാജ്യം തന്നെയാണെന്ന് ഇതിൽക്കൂടുതൽ വ്യക്തമായിട്ടെങ്ങനെയാണ് പറയുക.
വാർത്ത 2:- ദുരന്തത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ എന്‍ഡിഎ സർക്കാർ രക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
കമന്റ് 2:- ഈ പ്രധാനമന്ത്രി ജനങ്ങളെ ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും.
വാർത്ത 3:- പ്രധാനമന്ത്രി നരേന്ദ്ര മോഡി തട്ടിവീണ അടല്‍ ഘട്ടിലെ പടവുകള്‍ പൊളിച്ചുപണിയുന്നു.
കമന്റ് 3:- ഇന്ത്യൻ റോഡുകളിലെ കുഴികളിൽ വീണ് പൊലിഞ്ഞ ജന്മങ്ങളുണ്ടോ ഇത് വല്ലതും അറിയുന്നു.
വാർത്ത 4:- അക്രമം നടത്തുന്നവരെ വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
കമന്റ് 4:- ഒരു പ്രധാനമന്ത്രി പദവിയുടെ അന്തസ്സിന് ചേരാത്ത വാചകം.
വാർത്ത 5:- പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍: കേരള വര്‍മ്മ കോളജില്‍ എ.ബി.വി.പി.ക്കാര്‍ക്ക് ക്രൂരമര്‍ദനം.
കമന്റ് 5:- അധികാരവും ഹുങ്കും കൈമുതലാക്കി വടക്ക് ചിലർ ചെയ്യുന്നത് തന്നെ വ്യത്യാസമില്ലാതെ ഇവിടെയും നടക്കുന്നു.
വാർത്ത 6:- രാജ്യമൊട്ടുക്കും എൻ.ആർ.സി. ഉടനെ ഉണ്ടാവില്ല.
കമന്റ് 6:- ഉടൻ തൂക്കിക്കൊല്ലില്ല. കുറച്ച് ദിവസം കഴിഞ്ഞേ കൊല്ലൂ.
വാർത്ത 7:- എന്‍.ആർ.സി.യും സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് വർക്കിങ്ങ് പ്രസിഡന്റ് ജെ.പി. നഡ്ഡ.
കമന്റ് 7:- അല്ലെങ്കിലും വാർത്ത 6 ഞങ്ങളാരും വിശ്വസിച്ചിട്ടില്ല.
വാർത്ത 8:- നിയന്ത്രണ രേഖയിലെ സാഹചര്യം എപ്പോൾ വേണമെങ്കിലും വഷളാകാമെന്ന് കരസേനാ മേധാവി.
കമന്റ് 8:- രാജ്യത്തെ സാഹചര്യം വഷളാകാവുന്നതിന്റെ അങ്ങേയറ്റമെത്തി നിൽക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ നിയന്ത്രണരേഖയിലെ സാഹചര്യം വഷളായല്ലേ പറ്റൂ.
വാർത്ത 9:- മഞ്ഞുകാലം വരുന്നു, അയോദ്ധ്യയിലെ പശുക്കള്‍ക്ക് കോട്ടുകള്‍ വാങ്ങാന്‍ തീരുമാനം.
കമന്റ് 9:- തെരുവിൽ മഞ്ഞത്ത് മരിക്കുന്ന മനുഷ്യരേക്കാൾ ഭാഗ്യം ചെയ്ത പശുക്കളുള്ള രാജ്യം. പോളാർ ധ്രുവങ്ങൾ ഇന്ത്യയുടെ ഭാഗമല്ലാത്തതും അവിടെ പശുക്കളില്ലാതെ പോയതും എത്ര നന്നായി.
വാർത്ത 10:- മൃതശരീരം വലിച്ചിഴക്കണം, മൂന്നുദിവസത്തേക്ക് കെട്ടിത്തൂക്കണം; മുഷ്‌റഫിനെതിരെ പാക് കോടതിയുടെ ഉത്തരവ്.
കമന്റ് 10:- പാക്ക് തീവ്രവാദികളും പാക്ക് കോടതിയും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നോ ?